Advertisment

ദേ ഇപ്പോള്‍ ശരിയാക്കാമെന്ന് പറഞ്ഞ ജില്ലാ പഞ്ചായത്തിന്റെ പോളവാരല്‍ യന്ത്രം ഇപ്പോഴും കട്ടപ്പുറത്ത്. യന്ത്രം ശരിയാക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് അധികൃതര്‍.  ആഫ്രിക്കയിലേക്ക് വരെ കയറ്റി അയച്ച അതേ യന്ത്രമാണ് കോട്ടയത്തും കേടായി കിടക്കുന്നതെന്ന് കമ്പനി.

New Update
c8b3dcdc-0d20-4741-9344-7028061bf5c6

കോട്ടയം: വേമ്പനാട് കായലിനെയും അനുബന്ധ ആറുകളെയും പോളിയില്‍ നിന്നു മുക്തമാക്കാന്‍ പഠന സമിതയെ ഉള്‍പ്പടെ നിയോഗിക്കുമ്പോഴും ദേ ഇപ്പോള്‍ ശരിയാക്കാമെന്നു പറഞ്ഞ ജില്ലാ പഞ്ചായത്തിന്റെ പോളവാരല്‍ യന്ത്രം ഇപ്പോഴും കട്ടപ്പുറത്ത്. യന്ത്രം ആഫ്രിക്ക മുതല്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയച്ചിട്ടുണ്ടെന്നാണ് യന്ത്രം നിര്‍മിച്ച കമ്പനി അവകാശപ്പെടുന്നത്. ആഫ്രിക്കയിലേക്ക് മൂന്നു യന്ത്രം കയറ്റി അയച്ചിരുന്നു.

Advertisment

ഗുജറാത്ത്, ഡല്‍ഹി, മുംബൈ, ഹൈദ്രാബാദ്, കൊടൈക്കനാല്‍, ഉത്തരാഖണ്ഡ്, പഞ്ചാബ് തുടങ്ങിയിടങ്ങളിലും കമ്പനി  നിര്‍മിച്ച പോള വാരല്‍ യന്ത്രം ഉപയോഗിക്കുന്നുമുണ്ട്. എന്നാല്‍, പാളിച്ച പറ്റിയത് കോട്ടയത്തു മാത്രമാണ്. ഉദ്ഘാടനം കഴിഞ്ഞു യന്ത്രം തലകീഴായ് മറിഞ്ഞു തകരാറിലായി. പിന്നീട് വര്‍ഷങ്ങളോളം യന്ത്രം ആരും കണ്ടിരുന്നില്ല. തുടര്‍ന്ന് പരാതി ലഭിച്ചതിന്റെ ഭാഗമായി മേയ് ഒമ്പതിന് ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറി ആയിരുന്ന രാജശ്രീ രാജഗോപാലിന്റെ നേതൃത്വത്തില്‍ യന്ത്രം കണ്ടെത്തി ഒന്നരമാസം പിന്നിട്ടിട്ടും ഇതുവരെ നന്നാക്കാന്‍ നടപടിയില്ല.

യന്ത്രം നന്നാക്കാന്‍ ഇനിയും സമയമെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. യന്ത്രം നന്നാക്കുന്നതിന് അഞ്ചു ലക്ഷം രൂപ അനുവദിച്ചതായി ജില്ല പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ ലീഗല്‍ സര്‍വിസ് അതോറിറ്റിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ അറ്റകുറ്റപ്പണി സംബന്ധിച്ച്, യന്ത്രം നിര്‍മിച്ച കേളചന്ദ്ര മാനുഫാക്ചറിങ് യൂനിറ്റിനു നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ല.

2018ലാണു ജില്ല പഞ്ചായത്ത് കേളചന്ദ്ര നിര്‍മിച്ച ഒരു മണിക്കൂറില്‍ അഞ്ചു ടണ്‍ പോള വാരാന്‍ ശേഷിയുള്ള യന്ത്രം വാങ്ങിയത്. കൃഷി വകുപ്പിനാണ്  യന്ത്രത്തിന്റെ ഉടമസ്ഥാവകാശം. കുമരകത്ത് എത്തിച്ചപ്പോള്‍ കേടായതിനെ തുടര്‍ന്ന് ഏറെ നാള്‍ യന്ത്രം വെള്ളത്തില്‍ കിടന്നു. തുടര്‍ന്ന് കോടിമതയിലെ മാനുഫാക്ചറിങ് യൂണിറ്റിലെത്തിക്കുകയായിരുന്നു. പിന്നീട് അധികൃതരാരും തിരിഞ്ഞുനോക്കിയില്ല. 2022 ല്‍ അവസാനം എസ്റ്റിമേറ്റ് തയാറാക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തുടര്‍ നടപടിയുണ്ടായില്ല.

നിലവിലെ അവസ്ഥയില്‍ രണ്ടുമാസത്തെ അറ്റകുറ്റപ്പണിക്കുശേഷമേ യന്ത്രം വെള്ളത്തിലിറക്കാനാവൂ. കൃത്യമായ അറ്റകുറ്റപ്പണി നടത്താത്തതിനാലാണ് യന്ത്രം കേടുവന്നതെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ഗ്രീസിങ്, റോളറുകള്‍ വൃത്തിയാക്കല്‍ എന്നിവ നാലുമണിക്കൂര്‍ കൂടുമ്പോള്‍ ചെയ്യേണ്ടതാണ്. ഡ്രൈവര്‍ക്കും അസിസ്റ്റന്റിനും പരിശീലനം നല്‍കിയാണ് യന്ത്രം കൈമാറിയത്. എന്നാൽ, അസിസ്റ്റന്റ് യന്ത്രം ഓടിച്ചപ്പോള്‍ തല കീഴായി മറിയുകയായിരുന്നു.

യന്ത്രം അറ്റകുറ്റപ്പണിക്ക് അഞ്ചുലക്ഷം രൂപ അനുവദിച്ചിരുന്നുവെന്നു ജില്ലാ പഞ്ചായത്ത് അധികൃതര്‍ പറയുന്നു. പെരുമാറ്റച്ചട്ടം ഉണ്ടായിരുന്നതിനാലാണ് നടപടികള്‍ വൈകിയത്. സ്പില്‍ ഓവര്‍ പദ്ധതികള്‍ക്ക് അംഗീകാരം കിട്ടിയാല്‍ പ്രൊജക്ട് വെച്ച് അറ്റകുറ്റപ്പണി ചെയ്യാനാവും. രണ്ടുമാസത്തിനകം യന്ത്രം നന്നാക്കാനാവുമെന്നാണ് കരുതുന്നത്. അഗ്രികള്‍ച്ചര്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.

Advertisment