പരസ്യ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം. കോട്ടയം പിടിക്കാന്‍ കലാശക്കെട്ടിനു തയാറെടുത്തു സ്ഥാനാര്‍ഥികളും മുന്നണികളും. മൂന്നു മുന്നണികള്‍ക്കും കോട്ടയത്ത് പ്രതീക്ഷകള്‍ ഏറെ

ഒട്ടും വിട്ടുവീഴ്ചയില്ലാത്ത ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് മൂന്നു മുന്നണികളും നടത്തുന്നത്.

New Update
PTI06_17_2025_000369A-scaled

കോട്ടയം: പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം. കോട്ടയം പിടിക്കാന്‍ പ്രചാരണം കൊഴുപ്പിച്ചു സ്ഥാനാര്‍ഥികളും മുന്നണികളും.

Advertisment

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 71 പഞ്ചായത്തുകളില്‍ 50 സീറ്റ് നേടി യു.ഡി.എഫിനെ ഞെട്ടിച്ച എല്‍.ഡി.എഫ് ഈ തെരഞ്ഞെടുപ്പിലും വന്‍വിജയം ആവര്‍ത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. 


എന്നാല്‍ അഞ്ചുവര്‍ഷം മുന്നേയുള്ള സ്ഥിതിയല്ല ഇപ്പോഴെന്നും ഭൂരിപക്ഷം പഞ്ചായത്തുകളും തിരിച്ചുപിടിക്കാനാകുമെന്ന ശുഭ പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പ്. 


കഴിഞ്ഞ തവണ ലഭിച്ച രണ്ടു പഞ്ചായത്തുകളുടെ സ്ഥാനം രണ്ടക്കമാക്കി ഉയര്‍ത്തുമെന്ന് എന്‍.ഡിഎയും അവകാശപ്പെടുന്നു.

ഒട്ടും വിട്ടുവീഴ്ചയില്ലാത്ത ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് മൂന്നു മുന്നണികളും നടത്തുന്നത്. സ്ഥാനാര്‍ഥികളാകട്ടെ പരമാവധി വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലും. ജില്ലാ പഞ്ചായത്തിലെ മിക്ക സ്ഥാനാര്‍ഥികളുടെ വാഹന പര്യടനം ഇന്നലെ അവസാനിച്ചു. 

ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളുടെ വാഹനപര്യടനത്തിനൊപ്പം അതാതു വാര്‍ഡു കളിലെത്തുമ്പോള്‍ ബ്ലോക്ക്, പഞ്ചായത്ത് സ്ഥാനാര്‍ഥികളും പര്യടനത്തിന്റെ ഭാഗമാകുന്ന രീതിയിലാണു വാഹന പര്യടനം ക്രമീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പു ഗാനങ്ങളും സ്ഥാനാര്‍ഥികളേക്കുറിച്ചുള്ള വര്‍ണനകളുമായി നാടിളക്കി മറിക്കുന്ന ശബ്ദ പ്രചാരണമാണു നടക്കുന്നത്. 


എം.എല്‍.എ മാരും എംപിമാരും പ്രമുഖ നേതാക്കളും പങ്കെടുക്കുന്ന റോഡ് ഷോയും പര്യടനത്തിനൊപ്പമുണ്ട്. കലാശക്കൊട്ടിനും നേതാക്കളുടെ സാന്നിധ്യമുണ്ടാകും. 


ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ക്ക് വീടുകള്‍ കയറിയിറങ്ങാനുള്ള പരിമിതിയുള്ളതിനാല്‍ വാഹന പര്യടനത്തിനും കോര്‍ണര്‍ മീറ്റിങുകള്‍ക്കുമാണു പ്രധാനമായും പരിഗണ നല്‍കിയത്.

പഞ്ചായത്ത്, മുനിസിപ്പല്‍ വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍ മൂന്നും നാലുവട്ടം വരെ വീടുകള്‍ കയറിയിറങ്ങി കഴിഞ്ഞു.


വോട്ടര്‍മാരുടെ വാട്സ് ആപ്പ് നമ്പരുകള്‍ വാങ്ങി പ്രചാരണ സ്റ്റിക്കറുകളും വീഡിയോകളും ദിവസവും അയച്ചുള്ള പ്രചാരണവും തകൃതിയായി നടക്കുന്നുണ്ട്.


വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള കുടുംബസംഗമങ്ങള്‍ക്കാണു മൂന്നു മുന്നണികളും ഇത്തവണ  പ്രധാന പരിഗണന നല്‍കിയത്.

എല്‍.ഡി.എഫില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ജില്ലയിലെത്തി അവലോകന യോഗത്തില്‍ പങ്കെടുത്തു മടങ്ങി. 

സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വവും കഴിഞ്ഞ ദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തിയിരുന്നു.


കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പിയും മന്ത്രി വി.എന്‍. വാസവനും ജില്ലയില്‍ എല്ലായിടത്തും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു. 


മന്ത്രി റോഷി അഗസ്റ്റിനും എല്‍.ഡി.എഫിന്റെ സംസ്ഥാന നേതാക്കളും കുടുംബയോഗങ്ങളില്‍ പങ്കെടുത്തു.

കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തോടെയാണ് കഴിഞ്ഞ തവണ എല്‍.ഡി.എഫിന് മേല്‍ക്കൈ നേടാനായത്.

ഇക്കുറി കേരളാ കോണ്‍ഗ്രസിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് എല്‍.ഡി.എഫില്‍ സീറ്റു നിര്‍ണയം പോലും.

യു.ഡി.എഫിനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രണ്ടുവട്ടം ജില്ലയില്‍ പര്യടനം നടത്തി. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, മുസലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എന്നിവരും പ്രചാരണത്തിനായി ജില്ലയില്‍ എത്തി. 


ചാണ്ടി ഉമ്മന്‍ എം.എല്‍.എ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ റോഡ്ഷോയും നടത്തുന്നുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടുംബയോഗങ്ങള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്നു. 


കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് പാട്ടുപാടി വോട്ടു തേടി ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തി.

എന്‍ഡിഎയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്‍ ജില്ലയില്‍ പലവട്ടം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കെത്തി. 

നേതാക്കളായ കെ. സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, ശോഭ സുരേന്ദ്രന്‍, അല്‍ഫോന്‍സ് കണ്ണന്താനം, ഒ. രാജഗോപാല്‍ എന്നിവരും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

Advertisment