കോട്ടയം: സുരക്ഷിതമായ യാത്രാമാര്‍ഗമില്ല, ഇനിയും കുട്ടികളുടെ ജീവന്‍ വച്ചു പന്താടാനാവില്ലെന്നു രക്ഷിതാക്കള്‍. കരീമഠം ഗവണ്‍മെന്റ് സ്‌കൂളിലെ കുട്ടികളെ കൂട്ടത്തോടെ സ്‌കൂള്‍ മാറ്റാനൊരുങ്ങി രക്ഷിതാക്കള്‍. സ്‌കൂളിലേക്ക് എത്തുവാനുള്ള നടപ്പാലം അപകടാവസ്ഥയില്‍ ആയിട്ടും അറ്റ കുറ്റപ്പണികള്‍ക്കു പോലും മുതിരാത്ത അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചാണു രക്ഷിതാക്കളുടെ തീരുമാനം.
പത്തോളം വിദ്യാര്‍ഥികളാണു പുതിയ അധ്യായന വര്‍ഷം സ്‌കൂള്‍ മാറ്റത്തിന് ഒരുങ്ങുന്നത്. അയ്മനം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ പെടുന്ന ഇവിടുത്തെ പത്തോളം വീട്ടുകാരുടെ ആശ്രയമാണ് ഈ പാലം. തടിപ്പാലത്തിനിടയിലെ വിള്ളലുകളില്‍ വീഴാതെ മറുകരയെത്തുകയെന്നതു പ്രദേശവാസികള്‍ക്ക് എന്നും പേടി സ്വപ്നമാണ്. രാവിലെയും വൈകിട്ടും കുട്ടികള്‍ എത്തുമ്പോള്‍, രക്ഷിതാക്കള്‍ പാലത്തിനു സമീപം കാത്തുനില്‍ക്കുകയാണു പതിവ്.
കഴിഞ്ഞ മാര്‍ച്ച് 11നു പാലം കടക്കുന്നതിനിടെ എല്‍.കെ.ജി. വിദ്യാര്‍ഥിയായ ആയുഷ് തോട്ടില്‍ വീണിരുന്നു. സ്‌കൂളിന്റെ മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണികള്‍ക്ക് എത്തിയ യുവാക്കള്‍ അവസരോചിതമായി ഇടപെട്ടതുകൊണ്ടാണു വിദ്യാര്‍ഥിയുടെ ജീവന്‍ തിരിച്ചു കിട്ടിയത്. ഈ അപകടത്തോടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.എന്നിട്ടും അധികൃതരുടെ ഭാഗത്തു നിന്നു യാതൊരു നടപടിയുമുണ്ടായില്ല.
പാലത്തെ ആശ്രയിച്ച് സ്‌കൂളിലേക്ക് എത്തുന്ന ഭാഗത്തുള്ള കുട്ടികളുടെ രക്ഷകര്‍ത്താക്കളാണു തങ്ങളുടെ കുട്ടികള്‍ക്കു മറ്റു സ്‌കൂളുകളില്‍ ചേര്‍ന്നതിനായി ടി. സി. ആവശ്യപ്പെട്ട് എത്തിയിരിക്കുന്നത്. സ്‌കൂളില്‍ ആകെയുള്ള 27 കുട്ടികളില്‍ ഇത്രയും കുട്ടികള്‍ ഒന്നിച്ചു സ്‌കൂള്‍ മാറിയാല്‍ സ്‌കൂളിന്റെ നിലനില്‍പ്പ് തന്നെ അവതാളത്തിലാവും.
എല്‍.കെ.ജി വിദ്യാര്‍ഥി തോട്ടില്‍ വീണ സംഭവത്തിനുശേഷം വിദേശ മലയാളികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ പിരിവെടുത്തു പാലം പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും പഞ്ചായത്ത് അധികൃതര്‍ നിസഹകരണം കാട്ടിയത് മൂലം ഒന്നും നടന്നില്ലെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.