Advertisment

ക്ഷീര ഉത്പാദനത്തില്‍ കോട്ടയത്ത് 20 ശതമാനത്തിൻ്റെ കുറവ്. കടുത്ത വേനൽ ചൂട് താങ്ങാനാവാതെ നാലാഴ്ചയ്ക്കിടെ ചത്തത് 16 പശുക്കള്‍. കര്‍ഷകര്‍ സാമ്പത്തിക തകര്‍ച്ചയുടെ വക്കില്‍.

New Update
cow-milk.jpg

കോട്ടയം: ശക്തമായ ചൂടിനെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ ക്ഷീര ഉത്പാദനത്തില്‍ 20 ശതമാനത്തിൻ്റെ കുറവ്. സമീപകാലത്തെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് ക്ഷീരമേഖല കടന്നുപോകുന്നത്. നാലാഴ്ചയ്ക്കിടെ 16 പശുക്കളാണ് അമിതോഷ്ണത്തില്‍ ചത്തത്. ഇതും ആദ്യമാണ് ക്ഷീര സംരക്ഷണ മേഖലയിലുള്ളവര്‍ പറയുന്നു.

Advertisment

 2023 ഏപ്രില്‍ 2965444 ലീറ്റര്‍ പാല്‍ ഉത്പാദിപ്പിച്ചുവെങ്കില്‍ ഈ ഏപ്രിലില്‍ അത് 2364952 ലിറ്ററായി കുറഞ്ഞു. ക്ഷീരോത്പാദനത്തിലെ കുറവിനൊപ്പം കൊടുംചൂടില്‍ കന്നുകാലികള്‍ ചത്തൊടുങ്ങിയതും കര്‍ഷകര്‍ക്കു വിനയായി.

ജനുവരിയ്ക്കു ശേഷം താപനിലയില്‍ നേരിയ കുറവുണ്ടായി അന്തരീക്ഷ തണുത്തത് വ്യാഴാഴ്ച രാത്രി പെയ്ത മഴയ്ക്കു ശേഷമാണ്. വേനല്‍ ഇത്രയും ദീര്‍ഘിക്കുന്നത് സമീപകാലത്ത് ഇതാദ്യമാണ്. ഏതാനും വര്‍ഷങ്ങളായി മാര്‍ച്ചില്‍ മഴ പെയ്ത്, പച്ചപ്പുല്‍ വ്യാപകമാകുകയും പകല്‍ച്ചൂട് കുറയുകയും ചെയ്തിരുന്നു. എന്നാല്‍, ഇത്തവണ മേയിലേക്കും വേനല്‍ നീണ്ടു.

 പശുക്കളെ കൂടാതെ ഏഴ് ആട്, 12 പന്നി, 60 ലെയര്‍ കോഴി എന്നിവയും ചത്തു. ചൂട് ഉയര്‍ന്നു നിന്നാല്‍ മൃഗസംരക്ഷണ മേഖല പൂര്‍ണമായി തകരുമെന്നും അധികൃതര്‍ പറയുന്നു.

വേനല്‍ ശക്തമാകുമെന്ന മുന്നറിയിപ്പു വന്നതിനു പിന്നാലെ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നിരവധി കര്‍ഷകര്‍ കാലികളെ വിറ്റൊഴിഞ്ഞിരുന്നു. ചെറുകിട ഫാമുകളിലാണ് കാലികള്‍ അവശേഷിക്കുന്നത്. ഫാമുകളില്‍ വളര്‍ത്തുന്ന കാലികള്‍ പൂര്‍ണമായി സങ്കര ഇനങ്ങളാണ്. സ്വഭാവിക ചൂട് പോലും താങ്ങാന്‍ കെല്‍പ്പുള്ളവയല്ല ഇവ. ഇതും ക്ഷീരോത്പാദനത്തെ പ്രതികൂലമായി ബാധിച്ചു.

വേനല്‍ മഴ ശക്തമാകുമെന്ന മുന്നറിയിപ്പുണ്ടെങ്കിലും പകല്‍ച്ചൂട് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ കാലികളെ സംരക്ഷിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകരുതെന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറയുന്നു.പകല്‍ സമയത്തു കാലികളെ വെയില്‍ ഏല്‍ക്കുംവിധം കെട്ടരുത്. ശരീരം തണുപ്പിക്കാന്‍ ആവശ്യമായ കരുതല്‍ സ്വീകരിക്കണം. ഇടയ്ക്കിടെ നനച്ചോ, നനഞ്ഞ ചാക്കോ, തുണിയോ ഇട്ടോ ശരീരം തണുപ്പിക്കണമെന്നും അധികൃതര്‍ പറയുന്നു. രണ്ടു നേരം തീറ്റ കൊടുത്തും പരമാവധി വെള്ളം നല്‍കിയും കാലികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Advertisment