മണർകാട് കത്തീഡ്രലിൽ നടതുറക്കൽ ഇന്ന്. കത്തീഡ്രലിന്റെ പ്രധാന മദ്ബഹായിലെ ത്രോണോസിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദർശനത്തിനായി തുറക്കും. വർഷത്തിൽ ഒരിക്കൽ മാത്രമാണ് നടതുറക്കൽ ശുശ്രൂഷ

പള്ളിക്ക് ചുറ്റും മൂന്നു പ്രാവിശ്യം വലംവച്ച ശേഷം കറിനേർച്ച തയ്യാറാക്കുന്ന സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എത്തും.

New Update
1001233345

കോട്ടയം: മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടു നോമ്പ് പെരുന്നാളി നോടനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധമായ നടതുറക്കൽ ശുശ്രൂഷ ഇന്ന് നടക്കും. 

Advertisment

കത്തീഡ്രലിൽ രാവിലെ 8.30ന് മൂന്നിന്മേൽ കുർബാന - ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവാ പ്രധാന കാർമ്മികത്വം വഹിക്കും.

11.30ന് ഉച്ചനമസ്‌കാരത്തെത്തുടർന്ന് ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ നടതുറക്കൽ ശുശ്രൂഷ നടക്കും.

കത്തീഡ്രലിന്റെ പ്രധാന മദ്ബഹായിലെ ത്രോണോസിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദർശനത്തിനായി വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന ചടങ്ങാണ് നടതുറക്കൽ ശുശ്രൂഷ. 

പ്രധാന പെരുന്നാൾ ദിനമായ എട്ടിന് മൂന്നിന്മേൽ കുർബാനയ്ക്ക് അങ്കമാലി ഭദ്രാസന പെരുമ്പാവൂർ മേഖലാധിപൻ മാത്യൂസ് മോർ അപ്രേം മുഖ്യകാർമ്മികത്വം വഹിക്കും.

ഉച്ചകഴിഞ്ഞ് രണ്ടിന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം, ആശീർവാദം. വൈകുന്നേരം മൂന്നിന് നടക്കുന്ന നേർച്ചവിളമ്പോടെ പെരുന്നാൾ സമാപിക്കും.

സ്ലീബാ പെരുന്നാൾ ദിനമായ 14ന് വൈകിട്ട് അ‍ഞ്ചിന് സന്ധ്യാപ്രാർഥനയോടെ നടയടയ്ക്കും.

പ്രശസ്തമായ പന്തിരുനാഴി ഘോഷയാത്രയും ഇന്ന് നടക്കും.

 മണർകാട് കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനേട് അനുബന്ധിച്ചുള്ള നടതുറക്കൽ ശുശ്രൂഷയ്ക്ക് ശേഷം നടക്കുന്ന പ്രധാന ചടങ്ങാണ് പന്തിരുനാഴി ഘോഷയാത്ര.

പാച്ചോർ കമ്മിറ്റി കൺവീനറുടെ കൈയ്യിൽ നെയ്യ് നിറച്ച വിളഞ്ഞ തേങ്ങമുറിയിലെ തിരിയിൽ പള്ളിയിലെ തൂക്കുവിളക്കിൽനിന്നു വൈദികൻ തീപകരും.

ഇന്ന് ഉച്ചയ്ക്ക് 12ന് പള്ളിമേടയിലെ പ്രാർഥനകൾക്ക് ശേഷം പന്തിരുനാഴി കൈകളിലേന്തി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷപൂർവം പുറപ്പെടും.

ഘോഷയാത്രയ്ക്കിടെ ആവേശത്തിൽ പന്തിരുനാഴി ഉയരങ്ങളിലേക്ക് എറിഞ്ഞ് പിടിക്കുന്നത് പന്തിരുനാഴി ഘോഷയാത്രയുടെ കൗതുക കാഴ്ച്ചയാണ്.

 പള്ളിക്ക് ചുറ്റും മൂന്നു പ്രാവിശ്യം വലംവച്ച ശേഷം കറിനേർച്ച തയ്യാറാക്കുന്ന സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എത്തും.

15 ടൺ അരി, 15 ടൺ ശർക്കര, 12 ടൺ തേങ്ങ, 90 ലിറ്റർ നെയ്, ഏലയ്ക്ക- ജീരകം-ചുക്ക് എന്നിവ നൂറു കിലോ എന്നിങ്ങനെയാണ് മണർകാട്ട് പള്ളിയിലെ പെരുന്നാൾ കറിനേർച്ചയായ പാച്ചോറിന്റെ ചേരുവകൾ.

പന്തിരുനാഴിക്കൊപ്പം ആറുപറ മുതൽ വിവിധ വലിപ്പത്തിലുള്ള ചെമ്പുകൾ. ചെമ്പുകളിലെ പാച്ചോർ പകരുന്ന ഇരുമ്പുവളയങ്ങൾ കൈപിടികളായുള്ള നീണ്ടു ഇടുങ്ങിയ മരത്തോണികൾ.

 ചെമ്പിൽനിന്ന് തോണിയിലേക്ക് പാച്ചോർ കോരി ഒഴിക്കാനുള്ള മരത്തവികൾ. ഇളക്കാനുള്ള നീണ്ട കൈപിടികളുള്ള ഇരുമ്പ്ചട്ടുകങ്ങൾ.

തോണിയിൽ കൊണ്ടുവരുന്ന പാച്ചോർ നിറക്കാനുള്ള മൂടിയില്ലാത്ത മരപ്പെട്ടികൾ. പാച്ചോർ നിറച്ച തോണികൾ അടുപ്പിൽനിന്ന് മരപ്പെട്ടി വരെ കൊണ്ടുപോകാനുള്ള ടയർ ചക്രങ്ങളുള്ള ഇരുമ്പ് ട്രോളികൾ, മൺകലങ്ങൾ, മൺകോപ്പച്ചട്ടികൾ... എല്ലാം പള്ളിയിൽ തയ്യാറാണ്.

പന്തിരുനാഴി വയ്ക്കുന്ന വലിയ അടുപ്പിൽ പുരോഹിതൻ തീ പകർന്നാൽ ചെമ്പുകളൊക്കെ മറ്റടുപ്പുകളിൽ തയ്യാറാക്കും.

വലിപ്പത്തിനനുസരിച്ച് ചെമ്പുകൾക്കൊക്കെ ചേരുവകൾക്ക് കൃത്യമായ കണക്കുണ്ട്. ചെമ്പിന്റെ അടിയിൽ പിടിക്കാതിരിക്കാൻ ആദ്യം നെയ്യ് ഒഴിക്കും, പിന്നെ വെള്ളം നിറയ്ക്കും. തിളച്ചു കഴിഞ്ഞാൽ അരിയിടും.

അരി വെന്തു കഴിഞ്ഞാൽ തേങ്ങാപ്പീര. പിന്നെ പൊടിച്ച ശർക്കര. ഒടുവിൽ പൊടിച്ച ഏലക്കയും ചുക്കും ജീരകവും.

പാച്ചോർ തയ്യാറായാൽ ആദ്യം തോണിയിലേക്ക്. തോണിയിൽനിന്ന് ട്രോളിയിൽ മരപ്പെട്ടികളിലേക്ക്.

പിന്നെ മൺ കലങ്ങളിലേക്കും മൺ കോപ്പചട്ടികളിലേക്കും മാറ്റും. ഇന്ന് രാത്രി 12 ന് ശേഷം കറിനേർച്ച വിതരണം ആരംഭിക്കും.

Advertisment