/sathyam/media/media_files/2025/09/15/tournament-inauguration-2025-09-15-12-30-58.jpg)
ഉഴവൂര്‍: ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ സെപ്റ്റംബർ 15 മുതൽ 19 വരെ അഞ്ചു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വോളിബോൾ-ഫുട്ബോൾ -ബാറ്റ്മിന്റൻ ഓൾ കേരള ഇന്റർകോളേജിയേറ്റ് മത്സരങ്ങളുടെ ഉദ്ഘാടനം ഓൺലൈൻ ആയി കേന്ദ്രമന്ത്രി ജോർജ് കുര്യൻ തിങ്കളാഴ്ച രാവിലെ 9. 00 ന് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നിർവഹിച്ചു.
35 -ാമത് ബിഷപ്പ് തറയിൽ മെമ്മോറിയൽ ഇന്റർ കോളേജിയേറ്റ് പുരുഷ വോളിബോൾ ടൂർണമെന്റ്, 34 -ാമത് സിസ്റ്റർ ഗോരേത്തി മെമ്മോറിയൽ ഇന്റർ കോളേജിയേറ്റ് വനിത വോളിബോൾ ടൂർണമെന്റ്, 18 -ാമത് ബിഷപ്പ് കുന്നശ്ശേരി പൗരോഹിത്യ സുവർണ്ണ ജൂബിലി മെമ്മോറിയൽ ഇന്റർ കോളേജിയേറ്റ് ഫുട്ബോൾ ടൂർണമെന്റ്, 10 -ാമത് ഗോൾഡൻ ജൂബിലി മെമ്മോറിയൽ ഇന്റർ കോളേജിയേറ്റ് ബാഡ്മിന്റൺ ടൂർണമെന്റ് എന്നിവയുടെ സംയുക്ത ഉൽഘാടനമാണ് നടന്നത്.
മഹാത്മാഗാന്ധി, കേരള, കാലിക്കറ്റ്, കണ്ണൂർ യൂണിവേഴ്സിറ്റികളിലെ മുപ്പതോളം മികച്ച പുരുഷ-വനിത ടീമുകൾ ടൂർണമെന്റിൽ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കും.
കോളേജ് മാനേജർ റവ ഫാ അബ്രഹാം പറമ്പേട്ട് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ പാലാ സർക്കിൾ ഇൻസ്‌പെക്ടർ പ്രിൻസ് ജോസഫ്, പ്രിൻസിപ്പൽ ഡോ സിൻസി ജോസഫ്, ബർസാർ ഫാ എബിൻ എറപ്പുറത്ത്, മുൻ കായിക അദ്ധ്യാപകൻ ഡോ ബെന്നി കുര്യാക്കോസ്, ടൂർണമെന്റ് കൺവീനർ ക്യാപ്റ്റൻ ജെയ്‌സ് കുര്യൻ എന്നിവർ സംസാരിച്ചു.
മത്സരം കണ്ട് ആസ്വദിക്കാൻ ആഗ്രഹിക്കുന്ന കാണികൾക്ക് പ്രവേശനം ഫ്രീ ആയിരിക്കും എന്ന് സംഘാടകർ അറിയിക്കുന്നു.