കോട്ടയം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടത്തുന്ന വികസന സദസിന്റെ ക്രമീകരണങ്ങൾ ആലോചിക്കുന്നതിന് ആസൂത്രണസമിതിയുടെ ആഭിമുഖ്യത്തിൽ യോഗം നടത്തി. ഇതുവരെ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും പൊതുജനാഭിപ്രയവും പുതിയ ആശയങ്ങളും സ്വരൂപിക്കുന്നതിനും ലക്ഷ്യമിട്ട് സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെയാണ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വികസന സദസുകൾ നടത്തുന്നത്.
ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ചേതൻകുമാർ മീണ, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മഞ്ജു സുജിത്ത്, പി.എം. മാത്യൂ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ, ഏറ്റുമാനൂർ നഗരസഭാംഗം ഇ.എസ്. ബിജു, തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ പ്ലാനിങ് ഓഫീസർ എം.പി. അനിൽകുമാർ, തുടങ്ങിയവർ സംസാരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാരും സെക്രട്ടറിമാരും പങ്കെടുത്തു.