/sathyam/media/media_files/2025/09/19/uzhavoor-college-volleyball-tournament-2-2025-09-19-13-14-27.jpg)
ഉഴവൂര്‍: ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് സംഘടിപ്പിച്ച സെപ്റ്റംബർ 15 മുതൽ 19 വരെ 5 ദിവസങ്ങൾ നീണ്ടു നിന്ന വോളി ബോൾ - ഫുട്ബോൾ-ബാഡ്മിന്റൺ ഇന്റർ കോളേജിയേറ്റ് മത്സരങ്ങൾ സമാപിച്ചു.
നൂറുകണക്കിന് കായികപ്രേമികളെ ആവേശം കൊള്ളിച്ച പുരുഷന്മാരുടെ വോളിബാൾ ടൂർണമെന്റിൽ ഹോളിഗ്രേസ് കോളേജ് മാള ചാമ്പ്യൻ പട്ടമണിഞ്ഞുകൊണ്ട് ബിഷപ്പ് തറയിൽ മെമ്മോറിയൽ ട്രോഫി കരസ്ഥമാക്കിയപ്പോൾ വനിതാ വിഭാഗം ചാമ്പ്യൻഷിപ്പും സിസ്റ്റർ ഗോരെത്തി മെമ്മോറിയൽ ട്രോഫിയും സ്വന്തമാക്കിയത് അസംപ്‌ഷൻ കോളേജ് ചങ്ങനാശ്ശേരിയാണ്.
18 തിയതി നടന്ന ബാഡ്മിന്റൺ ടൂർണമെന്റിൽ സെന്റ് തോമസ് കോളേജ് പാലയെ തോൽപ്പിച്ച് കൊച്ചിൻ കുസാറ്റ് ഈ വർഷത്തെ ഗോൾഡൻ ജൂബിലി മെമ്മോറിയൽ ട്രോഫിക്ക് അർഹമായി.
18-19 തീയതികളിൽ അരങ്ങേറിയ ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ നിർമല കോളേജ് മുവാറ്റുപുഴയും സെന്റ് തോമസ് കോളേജ് തൃശ്ശൂരും 19 ന് രാവിലെ ഏറ്റുമുട്ടിയപ്പോൾ നിശ്ചിത സമയത്തും രണ്ടു ടീമും ഗോൾ സ്കോർ ചെയ്യാതെ മത്സരം സമനിലയിൽ അവസാനിച്ചതിനാൽ പെനാൽറ്റി ഷൂട്ടിലേക്ക് നീണ്ടപ്പോൾ വിജയം സെന്റ് തോമസ് കോളേജ് തൃശ്ശൂരിന് ഒപ്പമായി (സ്കോർ: 3-2).
സഘാടക മികവുകൊണ്ടും മത്സരങ്ങളുടെ ഉന്നത നിലവാരംകൊണ്ടും കാണികളുടെ പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായ ഈ വർഷത്തെ കായിക മാമാങ്കങ്ങളുടെ സമാപന സമ്മേളനത്തിൽ പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ വീശിഷ്ടാതിഥിയായി എത്തി വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ഐപിഎല്‍ മുൻ താരം ജസ്റ്റിൻ സ്റ്റീഫന്റെ സാന്നിധ്യം ഫുട്ബോൾ ഫൈനൽ മത്സരത്തിന് മാറ്റ് കൂട്ടി.
കോളേജ് പ്രിൻസിപ്പൽ ഡോ സിൻസി ജോസഫ്, കോളേജ് ബർസർ ഫാ എബിൻ ഇറപ്പുറതത്ത്, വൈസ് പ്രിൻസിപ്പൽ ഡോ തോമസ് കെ സി, ടൂർണമെന്റ് കൺവീനർ ക്യാപ്റ്റൻ ജെയ്‌സ് കുര്യൻ, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി ഡോ മാത്യൂസ് എബ്രഹാം കോളേജ് യൂണിയൻ ചെയർ പേഴ്സൺ മിസ് ഹെഫ്സീബ ബിനോയി എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന വിവിധ കമ്മിറ്റികൾ ഈ വർഷത്തെ ടൂർണമെന്റുകൾ വിജയകരമായി പൂർത്തിയാക്കാൻ പ്രവർത്തിച്ചു.
കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള 32 ടീമുകളിൽ നിന്നായി 400ൽ അധികം കായികതാരങ്ങളും ഒഫീഷ്യൽസും ഈ വർഷത്തെ ടൂർണമെന്റുകളുടെ ഭാഗമായി എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്.