/sathyam/media/media_files/2025/09/21/photos335-2025-09-21-11-27-57.jpg)
കോട്ടയം: 50 ലക്ഷം യാത്രക്കാര്‍ എന്ന നേട്ടത്തിന് തൊട്ടരികിലാണ് കൊച്ചി വാട്ടര്‍ മെട്രോ. കൊച്ചി വാട്ടർ മെട്രോ പോലെ വികസിപ്പിക്കാവുന്ന ഒരിടമാണ് കോട്ടയം, കുമരകം, മുഹമ്മ, തണ്ണീര്‍മുക്കം, ആലപ്പുഴ റൂട്ടുകൾ.
ഇപ്പോള്‍ വെള്ളക്കേടുള്ള കാലപ്പഴക്കം ചെന്ന ബോട്ടുകളാണ് ഈ മേഖലയില്‍ സര്‍വീസ് നടത്തുന്നത്.
രണ്ടു ദിവസം ഓടിയാല്‍ മൂന്നു ദിവസം യാർഡിൽ കേറ്റണ്ടിവരുന്ന ബോട്ടുകൾ. കൊച്ചി മെട്രോ മാതൃകയില്‍ ഈ റൂട്ടുകള്‍ സംയോജിപ്പിച്ചു സോളാർ ബോട്ടുകൾ സര്‍വീസ് നടത്തിയാല്‍ വന്‍ നേട്ടമാകും ഉണ്ടാവുക.
ഇത്തരമൊരു നീക്കം ഉണ്ടായാല്‍ വിനോദ സഞ്ചാര മേഖലയ്ക്കും വന്‍ നേട്ടമായി തീരും. ജലഗതാഗത വകുപ്പിന്റെ 50% ബോട്ടുകളും സൗരോര്‍ജത്തിലേക്കു മാറ്റുമെന്നു പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല.
എന്നാല്‍, ജലഗതാഗത വകുപ്പിനു പുതിയ 5 സോളര്‍ ബോട്ടുകള്‍ ഈ വര്‍ഷം സര്‍വീസിനെത്തുമെന്നാണ് ഉദ്യോഗസസ്ഥര്‍ പറയുന്നത്.
30 സീറ്റുകളുള്ള മൂന്നു ബോട്ടുകളും 75 സീറ്റുകളുള്ള രണ്ടു ബോട്ടുകളുമാണ് എത്തുന്നത്. 2023 ജൂലൈയില്‍ സര്‍വീസ് ആരംഭിക്കുമെന്നു കരുതിയ ബോട്ടുകളാണ് ഈ വർഷം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.
വകുപ്പിനായി 9 ബോട്ടുകളുടെ നിര്‍മാണം രണ്ടു വര്‍ഷം മുന്‍പേ ആരംഭിച്ചെങ്കിലും യൂറോപ്പില്‍ നിന്നു ബാറ്ററികള്‍ എത്തിക്കുന്നതില്‍ പ്രതിസന്ധി നേരിട്ടു.
നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും നിശ്ചിത നിലവാരം ഉറപ്പാക്കാന്‍ ഇന്ത്യന്‍ റജിസ്ട്രാര്‍ ഓഫ് ഷിപ്പിങ്ങിന്റെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണു നിര്‍മാണം.
നടപടികള്‍ വൈകിയതും ബോട്ടുകളുടെ നിര്‍മാണത്തെ ബാധിച്ചു. പുതിയ ബോട്ടുകള്‍ ഇല്ലാത്തതിനാല്‍ കുട്ടനാട്ടിലേക്ക് ഉള്‍പ്പെടെ പല റൂട്ടുകളിലും പഴഞ്ചന്‍ ബോട്ടുകളാണു സര്‍വീസ് നടത്തുന്നതെന്നും കേടാകുന്നതിനാല്‍ സര്‍വീസ് മുടങ്ങുന്നതു പതിവാണ്.
സൗരോര്‍ജ ബോട്ടുകള്‍ എത്തുന്നതോടെ, ഏറെ പഴക്കമുള്ള ബോട്ടുകള്‍ സര്‍വീസിന് ഉപയോഗിക്കുന്നതു കുറയും.
ഫൈബറില്‍ നിര്‍മിക്കുന്ന കറ്റാമറൈന്‍ ബോട്ടുകളാണു ഓഡർ ചെയ്തിരിക്കുന്നത്. സാധാരണ ബോട്ടുകളെക്കാള്‍ ശബ്ദവും തിരയടിക്കുമ്പോള്‍ ഉള്ള കുലുക്കവും കുറവാകുമെന്നതും ഇതിൻ്റെ പ്രത്യേകതയാണ്.
വൈക്കം - തവണക്കടവ് റൂട്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തിയ സോളര്‍ ഇലക്ട്രിക് ബോട്ട് വിജയമായിരുന്നു.
ഡീസല്‍ ബോട്ടുകള്‍ ഒരു ദിവസം 13 മണിക്കൂര്‍ സര്‍വീസ് നടത്താന്‍ 10,000 രൂപയുടെ ഡീസല്‍ ആവശ്യമാണെങ്കില്‍ സൗരോര്‍ജ ബോട്ടുകള്‍ക്ക് 350 രൂപ മാത്രമാണു ചെലവ് വരുന്നത്.
അതേസമയം, വേമ്പനാട്ടു കായലിലെ പോള ബോട്ടുകള്‍ക്കു വെല്ലുവിളിയാണ്. പോളക്കൂട്ടത്തില്‍ ബോട്ടുകള്‍ യാത്രക്കാരുമായി മണിക്കൂറുകള്‍ കുടുങ്ങിക്കിടന്ന സംഭവങ്ങളും ഉണ്ടായിരുന്നു. പോളാവാരാന്‍ യന്ത്രങ്ങള്‍ ഇല്ലാത്തതാണു വെല്ലുവിളി.
വേമ്പനാട്ടുകായലിലെയും അനുബന്ധ തോടുകളിലെയും പോള വാരാന്‍ ഒരു യന്ത്രം മാത്രമാണുള്ളത്. അതും കട്ടപ്പുറത്തിരിക്കുന്ന ഒന്ന്.
പോളവാരാന്‍ പുതിയ യന്ത്രങ്ങള്‍ വാങ്ങുകയോ, അല്ലെങ്കില്‍ കോണ്‍ട്രാക്ട് നല്‍കി പോള വാരല്‍ നടത്തണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു. എന്നാല്‍, വര്‍ഷങ്ങളായി ജനങ്ങള്‍ ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന് ഇതില്‍ താല്‍പര്യമില്ല.