/sathyam/media/media_files/2025/04/17/uhL4YfUw6WKeUExJEXM0.jpg)
കോട്ടയം: ഡോക്ടർമാരില്ലാത്ത ആതുരാലയങ്ങൾ. ജില്ലാ ജനറൽ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലൊന്നും ആവശ്യത്തിന് ഡോക്ടർമാരില്ല. ജനറൽ ആശുപ്രതിയിൽ രോഗികളുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്.
അസ്ഥിരോഗ വിഭാഗം ന്യൂറോളജി തുടങ്ങിയ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ കുറവ് രോഗികളെ ബുദ്ധിമുട്ടിക്കുന്നു.
മുമ്പ് ജില്ലാ ജനറൽ ആശുപത്രിയിൽ ന്യൂറോ വിഭാഗത്തില്‍ ഒരു ഡോക്ടര്‍ 400 രോഗികളെ വരെ ചികിത്സിച്ചിരുന്നു.
എന്നാല്‍, പിന്നീട് അദ്ദേഹത്തെ സ്ഥലം മാറ്റിയതോടെ ആ വിഭാഗം തന്നെ ഇല്ലാതായി.
ആശുപത്രിയില്‍ ഉച്ചയ്ക്കുശേഷം ഒരു ഡോക്ടര്‍ മാത്രമാവും അത്യാഹിത വിഭാഗത്തില്‍ ഉണ്ടാവുക. തിരക്കേറിയ ദിവസങ്ങളില്‍ ഇതും രോഗികളെ ബുദ്ധിമുട്ടിക്കുന്നു.
മുമ്പ് ജനറല്‍ സര്‍ജറി വിഭാഗത്തിൽ നാല് ഡോക്ടര്‍മാര്‍ വരെ ഉണ്ടായിരുന്നു. പിന്നീട് ഏറെക്കാലം രണ്ട് ഡോക്ടര്‍മാര്‍ മാത്രമായി.
ഇതോടെ രോഗികളുടെ കാര്യം ദുരിതത്തിലുമായി. കഴിഞ്ഞ മാസം ഒരു ഡോക്ടര്‍ കൂടി എത്തിയതോടെ രോഗികള്‍ക്ക് താല്‍ക്കാലിക ആശ്വാസം ഉണ്ടായത്.
നേത്രരോഗ വിഭാഗത്തിലേക്ക് ഒരു ഡോക്ടറുടെ ആഴ്ച മുഴുവനും ഉള്ള സേവനം ഉറപ്പാക്കിയതോടെ ഒപി പുനരാരംഭിച്ചതും മാത്രമാണ് അടുത്ത കാലത്ത് പ്രത്യാശ നൽകുന്ന നടപടി.
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും ഡോക്ടർമാരില്ലാത്ത അവസ്ഥയുണ്ട്. ഇതു രോഗികൾക്കു വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.
രോഗികൾ കൂടുതലായും ആശ്രയിക്കുന്ന ഫിസിഷ്യന്മാരുടെ സേവനം പോലും ഇവിടെ ആവശ്യത്തിനില്ല.
രണ്ടു ഫിസിഷ്യന്മാരുടെ സേവനമാണ് ഇവിടെ ആവശ്യമായുള്ളത്, ഒരു കൺസൾട്ടന്റിന്റെയും ജൂണിയർ കൺസൾട്ടന്റിന്റെയും.
ഇതിൽ കൺസൾട്ടന്റിന്റെ പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയാണ്. വർക്കിംഗ് അറേഞ്ച്മെന്റിൽ ഒരാളെ നിയമിക്കുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ നടപ്പായില്ല.
നിലവിലെ ജൂണിയർ കൺസൾട്ടന്റ് ഒപിയിലെ കൂടാതെ വാർഡിലെ ഡ്യൂട്ടിയും നൈറ്റ് ഡ്യൂട്ടിയും ഒരുമിച്ചെടുക്കേണ്ട സ്ഥിതിയാണ്.
ഇദ്ദേഹം അവധിയെടുത്താൽ അന്ന് ഒ.പിയിൽ ഫിസിഷ്യന്റെ സേവനം ഉണ്ടാകില്ല. അന്നേ ദിവസമെത്തുന്ന രോഗികൾ ചികിത്സ ലഭിക്കാതെ മടങ്ങിപ്പോകേണ്ടി വരും.
ഫിസിഷ്യനെ കൂടാതെ കാർഡിയോളജി, മെഡിസിൻ, സർജറി, ഇഎൻടി, പീഡിയാട്രിക് വിഭാഗങ്ങളിലും ഡോക്ടർമാരുടെ ഒഴിവുണ്ട്.
റിപ്പോർട്ട് ചെയ്തു നാളുകൾ കഴിഞ്ഞിട്ടും ഇതു നികത്താൻ നടപടി ഉണ്ടായിട്ടില്ല. ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്ന ജനറൽ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്നാണ് ആവശ്യം.