/sathyam/media/media_files/2025/09/24/1001274358-2025-09-24-14-46-20.jpg)
കോട്ടയം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗും വിവിധ ഗ്രേഡുകളിലുള്ള ചെറു കളിവള്ളങ്ങളും പങ്കെടുക്കുന്ന 124-ാമത് ഗെയിൽ കോട്ടയം ബോട്ട് റേസും സംയുക്തമായി താഴത്തങ്ങാടി ആറ്റിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മുതൽ അരങ്ങേറും.
മത്സര വള്ളംകളിക്ക് വിപുലമായ ഒരുക്കങ്ങളാണ് മുഖ്യസംഘാടകരായ കോട്ടയം വെസ്റ്റ് ക്ലബും ടൂറിസം വകുപ്പും ഒരുക്കുന്നത്.
ആറിന്റെ ഇരു കരകളിലും നിന്ന് വള്ളംകളി സുഗമമായി കാണുവാനുള്ള ക്രമീകരണങ്ങൾ കോട്ടയം നഗരസഭ, തിരുവാർപ്പ് പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
ഫിനിഷിംഗ് പോയിന്റിലുള്ള മുഖ്യപവിലിയനിൽ വിശിഷ്‌ടാതിഥികൾ, ടൂറിസ്റ്റുകൾ ഉൾപ്പടെ 350 പേർക്ക് വളളംകളി സുഗമമായി കാണുവാനുള്ള സൗകര്യം ഒരുക്കിക്കൊണ്ടിരിക്കുന്നു.
മത്സരങ്ങൾക്ക് കൃത്യത ഉറപ്പാക്കാനുള സ്റ്റിൽസ്റ്റാർട്ട് സംവിധാനം, 3 ട്രാക്കുകൾ, ഫോട്ടോഫിനിഷ് സംവിധാനം എന്നിവ സി.ബി.എൽ. സംഘാടക സമിതിയുടെ നേതൃത്വത്തിൽ ക്രമീകരിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് കലക്‌ടർ ചേതൻകുമാർ മീണ പതാക ഉയർത്തുന്നതോടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ആരംഭിക്കുന്ന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
ഉച്ച കഴിഞ്ഞ് 2.15ന് ചുണ്ടൻ വളളങ്ങളുടെ മാസ് ഡ്രില്ലും, 2.45ന് ചുണ്ടൻ വളളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും തുടർന്ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സും നടത്തപ്പെടും.
വൈകിട്ട് 4 ന് ആദ്യം ചെറുവളളങ്ങളുടേയും, തുടർന്ന് ചുണ്ടൻ വള്ളങ്ങളുടേയും ഫൈനൽ മത്സരങ്ങൾ അരങ്ങേറും. 5 ന് കലക്‌ടർ സമ്മാനദാനം നിർവഹിക്കും.
വി.ബി.സി. കൈനകരി ,പിബി.സി പുന്നമട , പി.ബി.സി. പള്ളാത്തുരുത്തി, നിരണം ബോട്ട് ക്ലബ്, കെ.ടി.ബി.സി. കുമരകം, ഇമ്മാനുവേൽ ബോട്ട് ക്ലബ് കുമരകം, കെ.സി.ബി.സി, കാരിച്ചാൽ, തെക്കേക്കര ബി.സി., ചങ്ങനാശ്ശേരി ബി.സി എന്നീ ബോട്ട് ക്ലബുകളാണ് ചുണ്ടൻ വള്ളങ്ങളിൽ മാറ്റുരക്കുക.
ചുണ്ടൻ വള്ളങ്ങളോടൊപ്പം കൂടാതെ വിവിധ ഗ്രേഡുകളിലുള്ള പതിനഞ്ചോളം ചെറുകളിവള്ളങ്ങളും പങ്കെടുക്കുന്നു. പവിലിയൻ പ്രവേശനം പ്രവേശനം പാസ് മൂലം നിയന്ത്രിക്കും പാസുകൾ സ്റ്റാർട്ടിംഗ് പോയിൻ്റിനടുത്തും ഫിനിഷിംഗ് പോയിന്റിനടുത്തുമുള്ള വള്ളംകളി ഓഫീസുകളിൽ നിന്ന് ലഭിക്കും.
കഴിഞ്ഞ തവണ മഴ കാരണം ഫിനിഷിങ്ങിന് മെച്ചപ്പെട്ട സമയം ലഭിച്ചില്ലെന്ന് ആരോപിച്ച് ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഫൈനല്‍ മത്സരത്തിന് പിന്നാലെ പ്രതിഷേധം ഉണ്ടായിരുന്നു.
ഇതേതുടര്‍ന്ന് തഴത്തങ്ങാടി വള്ളംകളി ഫൈനല്‍ സംഘാടകര്‍ റദ്ദാക്കിയിരുന്നു.
ട്രാക്കിന് കുറുകെ വള്ളമിട്ടായിരുന്നു കുമരകം ടൗണ്‍ ബോട്ട് ക്ലബ് പ്രതിഷേധിച്ചത്.
ഫൈനല്‍ റദ്ദാക്കിയെങ്കിലും പ്രതിഷേധക്കാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.
ഇക്കുറി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സംഘാടകർ സ്വീകരിച്ചിട്ടുണ്ട്.