പരിശോധന കർശനമാക്കി ഫിഷറീസ് വകുപ്പ്. അനധികൃതമായി മീൻ പിടിച്ചവർക്കെതിരെ നടപടി

New Update
fishing

കോട്ടയം: അനധികൃത മീൻപിടുത്തത്തിനെതിരെ ജില്ലയിൽ ഫിഷറീസ് വകുപ്പ് പരിശോധനയും നടപടിയും  വ്യപകമാക്കി. വേമ്പനാട്ടു കായൽ, പുഴകൾ, തോടുകൾ, പാടശേഖരങ്ങൾ എന്നിവിടങ്ങളിൽ നിരോധിത മാർഗ്ഗങ്ങളുപയോഗിച്ചുള്ള മീൻപിടിത്തം വ്യാപകമായതോടെയാണ് പരിശോധന കർശനമാക്കിയത്.

Advertisment

വേമ്പനാട്ട് കായലിൽ കാട്ടിക്കുന്ന്, വൈക്കം, വെച്ചൂർ, ടി.വി.പുരം, തണ്ണീർമുക്കം ഭാഗങ്ങളിൽ വകുപ്പ് ഒരുമാസത്തിനിടെ നടത്തിയ രാത്രികാല പട്രോളിംഗിൽ അരളിവല എന്ന അനധികൃത മത്സ്യബന്ധനം നടത്തിയ വള്ളങ്ങൾക്കെതിരേ നടപടി സ്വീകരിച്ചു. 

തണ്ണീർമുക്കം മേഖലയിൽ ആറുപേരെ പിടികൂടി. വൈക്കം മേഖലയിൽ അരളിവല ഉപയോഗിച്ചവരുടെ വലയും വള്ളവും പിടിച്ചെടുത്തു. തിരുവാർപ്പ് നടുവിലെപ്പാടം പാടശേഖരത്തിൽ  മോട്ടോർതറയിൽ നിയമവിരുദ്ധമായി സ്ഥാപിച്ച മടവല പിടിച്ചെടുത്തു. ഇവിടങ്ങളിൽനിന്ന് പിടിച്ചെടുത്ത മീൻ ലേലം ചെയ്ത് സർക്കാരിലേക്ക് മുതൽക്കൂട്ടി.

അരളിവല ഉപയോഗിച്ചുള്ള മീൻപിടിത്തം കായലിലെ കരിമീൻ സമ്പത്ത് കുഞ്ഞുങ്ങളടക്കം നശിക്കാൻ  കാരണമാകുമെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ പറഞ്ഞു.  

കേരളാ ഇൻലാൻഡ് ഫിഷറീസ് ആൻഡ് അക്വാ കൾച്ചർ ആക്ട്(കിഫാ) പ്രകാരം പാടശേഖരങ്ങളിൽ ഊത്തപിടിത്തവും അനധികൃത മത്സ്യബന്ധനവും കർശനമായി വിലക്കിയിട്ടുണ്ട്. 

അനധികൃതമായി മടവല സ്ഥാപിക്കുന്നത് സ്വാഭാവിക പ്രജനനത്തെ തടസ്സപ്പെടുത്തുകയും മത്സ്യസമ്പത്ത് വൻതോതിൽ കുറയുന്നതിന് കാരണമാവുകയും ചെയ്യും. മീനുകളുടെയും മറ്റു ജലജീവികളുടെയും ആവാസവ്യവസ്ഥയെ ഇത് ബാധിക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗവും ഇല്ലാതാകും.

നിയമവിരുദ്ധമായ ഊത്തപിടിത്തവും വൈദ്യുതി, വിഷം, കൂട്, അരളിവല, അരിപ്പവര എന്നിവ ഉപയോച്ചുള്ള മീൻപിടുത്തവും  തടയുന്നതിന് ജില്ലയിലുടനീളം ഊർജ്ജിത പരിശോധനകൾ നടത്തുമെന്നും കിഫാ നിയമം ലംഘിക്കുന്നവർക്കെതിരേ കർശന നടപടികളെടുക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഇ. മുജീബ് അറിയിച്ചു.

അനധികൃത മീൻപിടിത്തത്തിനെതിരേ മീൻപിടിത്തം പ്രധാന ഉപജീവനമാർഗമായ മത്സ്യത്തൊഴിലാളികൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ഇത്തരം നടപടികൾ- ശ്രദ്ധയിൽപെട്ടാൽ 0481-2566823 എന്ന ഫോൺ നമ്പരിൽ അറിയിക്കണമെന്നും ഫിഷറീസ് അദ്ദേഹം പറഞ്ഞു.

വിവിധ സ്ഥലങ്ങളിൽ നടത്തിയ രാത്രികാല പരിശോധനയിൽ അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അഞ്ജലി ദേവി, ഫിഷറീസ് ഡെവലപ്മെൻറ് ഓഫീസർ രാജ്മോഹൻ, ഫിഷറീസ് ഓഫീസർമാരായ ഐശ്വര്യ സലി, സി.കെ. സ്മിത, പി.എ. ജിഷ്ണു, സി.ബി. വിപിൻ, ഓഫീസ് അസിസ്റ്റൻറ് ജെ. ഗിരീഷ്, ഡ്രൈവർ സ്വാതീഷ് എന്നിവർ പങ്കെടുത്തു.

Advertisment