/sathyam/media/media_files/2025/10/04/1001299442-2025-10-04-15-00-48.jpg)
കോട്ടയം :ഭിന്നശേഷി സംവരണ വിഷയത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നടത്തുന്ന പ്രസ്‌താവനകൾ അങ്ങേയറ്റം പ്രതിഷേധാർഹം ആണെന്ന് കെ സി വൈ എൽ കോട്ടയം അതിരൂപതാസമിതി വിലയിരുത്തി.
ഒക്ടോബർ 1 ന് ചേർന്ന അതിരൂപത എക്സിക്യൂട്ടീവ് മീറ്റിംഗ് ലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.
വർഷങ്ങളായി കേരളത്തിൽ കത്തോലിക്കാ മാനേജ്‌മെൻ്റുകൾ വിദ്യാഭ്യാസ രംഗത്ത് നടത്തിക്കൊണ്ടിരിക്കുന്ന വലിയ സംഭാവനകൾ ആർക്കും തള്ളികളയാൻ സാധിക്കില്ലാത്ത ഈ കാലഘട്ടത്തിലും യാഥാർഥ്യങ്ങളെ മറച്ചു വെച്ചുള്ളതും, സത്യവിരുദ്ധവും ക്രിസ്ത‌്യൻ കത്തോലിക്കാ മാനേജ്‌മെൻ്റുകളെയും അധ്യാപകരെയും അപമാനിക്കുന്നതുമായ ഇത്തരം പ്രസ്താവനകൾ മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ലായിരുന്നു. അവകാശങ്ങൾ ചോദിക്കുമ്പോൾ മതത്തിന്റെ പേരു പറഞ്ഞ് പ്രതിരോധിക്കുന്നത് ഒരു ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല.
ആയതിനാൽ തന്റെ പ്രസ്താവനകൾ പിൻവലിക്കാൻ മന്ത്രി തയ്യാറാകണം.
കത്തോലിക്ക സഭയുടെ കീഴിലുള്ള എല്ലാ സ്‌കൂളിലും ഭിന്നശേഷി സംവരണത്തിനായി കോടതി വിധി പ്രകാരം എല്ലാ ഒഴിവുകളും മാറ്റി വച്ചുകൊണ്ടുള്ള സത്യവാങ്‌മൂലം നല്കിയിട്ടുള്ളതാണ്.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട സർക്കാരിൻ്റെ എല്ലാ നിർദ്ദേശങ്ങളും കത്തോലിക്കാ മാനേജ്‌മെന്റുകൾ പാലിച്ച് പോരുന്നുമുണ്ട്.
വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ കേരളം നമ്പർ 1 എന്ന് കൊട്ടിഘോഷിക്കുമ്പോൾ കത്തോലിക്ക സഭ വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ നൽകിയ സംഭാവനകളുടെ പങ്ക് വളരെ വലുതാണ്.
കെ സി വൈ എൽ അംഗങ്ങൾ ഉൾപ്പെടെ 16000-ത്തോളം അധ്യാപകരുടെ ജീവിതവും ഭാവിയുമാണ് സർക്കാരിന്റെ മുൻപിലുള്ളത് എന്ന വസ്തുത മന്ത്രി മനസ്സിലാക്കണം.
ഭിന്നശേഷി വിഷയത്തിൽ എൻ.എസ്.എസിനു ലഭിച്ച സുപ്രീം കോടതി വിധിയിൽ സമാന സ്വഭാവമുള്ള മറ്റു മാനേജ്‌മെൻ്റുകളുടെ കാര്യത്തിലും ഈ വിധി ബാധകമാണ് എന്നിരിക്കെ, മറ്റുള്ളവരും സുപ്രീം കോടതിയിൽ നിന്നും സമാന വിധി വാങ്ങണമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പിടിവാശി ജനാധിപത്യ മര്യാദകൾക്ക് ചേരുന്നതല്ല.
അനാവശ്യ പിടിവാശി ഉപേക്ഷിച്ച് സുപ്രീം - ഹൈക്കോടതി വിധികൾ മാനിച്ചു കൊണ്ട് അധ്യാപക നിമനാംഗീകാരം നടത്താൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും തെറ്റിദ്ധാരണ പരത്തുന്ന അങ്ങേയറ്റം ദൗർഭാഗ്യകരമായ പ്രസ്താവന പിൻവലിക്കാൻ മന്ത്രി തയാറാകണം എന്നും കെ സി വൈ എൽ കോട്ടയം അതിരൂപതാസമിതി ആവശ്യപ്പെട്ടു. യോഗത്തിന് കെ സി വൈ എൽ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അധ്യക്ഷത വഹിച്ചു.
അതിരൂപത ചാപ്ലയിൻ ഫാ. മാത്തുകുട്ടി കുളക്കാട്ടുകുടിയിൽ യോഗത്തിന് ആമുഖസന്ദേശം നൽകി. കെ സി വൈ എൽ അതിരൂപത ഡയറക്ടർ ഷെല്ലി ആലപ്പാട്ട്, ജോയിന്റ് ഡയറക്ടർ സ്റ്റെഫി പുതിയകുന്നേൽ എന്നിവർ വിഷയത്തെ കുറിച്ച് സംസാരിച്ചു.
അതിരൂപത സെക്രട്ടറി ചാക്കോ ഷിബു യോഗത്തിന് സ്വാഗതവും ട്രഷറർ ആൽബിൻ ബിജു നന്ദിയും രേഖപ്പെടുത്തി. ഭാരവാഹികളായ നിതിൻ ജോസ്, ജാക്സൺ സ്റ്റീഫൻ, ബെറ്റി തോമസ്, അലൻ ബിജു എന്നിവർ പങ്കെടുത്തു.