/sathyam/media/media_files/2025/10/10/vikasana-sadas-kanjirappally-2025-10-10-20-15-41.jpg)
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ വികസനസദസ്സ് ജില്ലാ പഞ്ചായത്തംഗം ജെസ്സി ഷാജന്‍ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ വികസനസദസ് ടൗണ്‍ഹാളില്‍ ജില്ലാ പഞ്ചായത്തംഗം ജെസ്സി ഷാജന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു.
മാലിന്യസംസ്‌കരണം, ക്ഷേമപദ്ധതികള്‍, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളില്‍ മികവു പുലര്‍ത്തിയ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം സുവര്‍ണ്ണകാലഘട്ടമായിരുന്നെന്ന് ജില്ലാ പഞ്ചായത്തംഗം ജെസ്സി ഷാജന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. സജീഷും ഗ്രാമപഞ്ചായത്തിന്റെ വികസനനേട്ടങ്ങള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ആര്‍. നിഷയും അവതരിപ്പിച്ചു.
കാഞ്ഞിരപ്പള്ളി മേഖലയുടെ വികസനത്തിന് അനിവാര്യമായ ആശയങ്ങളാണ് പൊതുചര്‍ച്ചയില്‍ ഉയര്‍ന്നത്. അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക, നിലവില്‍ സ്വന്തമായി കെട്ടിടമില്ലാത്ത അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മിക്കുക, ആധുനിക മാര്‍ക്കറ്റ്, അറവുശാല, കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കുമായി പാര്‍ക്ക് തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമി ഇസ്മായില്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഷക്കീല നസീര്‍,ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ റിജോ വാളന്തറ, മഞ്ജു മാത്യു, ബിജു ചക്കാല എന്നിവര്‍ പങ്കെടുത്തു.