/sathyam/media/media_files/2025/10/14/anikkad-temple-2025-10-14-22-11-11.jpg)
പള്ളിയ്ക്കത്തോട്: തിരുവാതിര ശീലുകൾക്കൊപ്പം ലാസ്യമനോഹരമായ പദവിന്യാസങ്ങൾക്കായി ആനിക്കാട് ശ്രീ ശങ്കരനാരായണ മൂർത്തീക്ഷേത്ര തിരുമുറ്റം വീണ്ടും ഒരുങ്ങുന്നു.
വ്രതാനുഷ്ഠാനത്തോടെയും ഭക്തിയോടെയും, രേവതി നാൾ മുതൽ തിരുവാതിര നാൾ വരെ കേരളത്തിലെ സ്ത്രീകൾ ആചരിച്ച് പോരുന്ന, ധനുമാസ രാവുകളെ പുണ്യകാലമാക്കിയ പരമ്പരാഗത രീതിയിലുള്ള തിരുവാതിരകളിയും, അതിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളും പുതുതലമുറയ്ക്ക് കൈമാറുന്നതിനായിട്ടാണ് ആനിക്കാട് ശ്രീ ശങ്കരനാരായണ സേവാ സംഘം ഭരണസമിതിയും, മാതൃസമിതി തിരുവാതിര കളരി അംഗങ്ങളും ചേർന്ന് തിരുവാതിര ആഘോഷങ്ങൾ സംഘടിപ്പിച്ച് വരുന്നത്.
2025 ഡിസംബർ 28 ഞായർ മുതൽ 2026 ജനുവരി 2 വരെ ക്ഷേത്രാങ്കണത്തിൽ ധനുമാസത്തിലെ തിരുവാതിര ആഘോഷങ്ങൾ നടക്കുമെന്ന് ആനിക്കാട് ശ്രീ ശങ്കരനാരായണ സേവാസംഘം ഭരണ സമിതിയംഗങ്ങളും മാതൃസമിതി തിരുവാതിര കളരി അംഗങ്ങളും പറഞ്ഞു.
സേവാസംഘം പ്രസിഡൻ്റ് ആർ രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സേവാ സംഘം സെക്രട്ടറി രതീഷ് കട്ടച്ചിറ ചടങ്ങിൽ പങ്കെടുത്തവരെ സ്വാഗതം ചെയ്ത് സംസാരിച്ചു. മാതൃസമിതി രക്ഷാധികാരി സി എൻ വാസന്തിയമ്മ, ശോഭനകുമാരി കെ.പി, ഗീത അനിൽകുമാർ, എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഇത്തവണത്തെ തിരുവാതിര ഫെസ്റ്റിനോടനുബന്ധിച്ചുള്ള സമ്മാന കൂപ്പൺ കെ എസ് രാധാമണിയമ്മയ്ക്ക് നൽകി, ആർ രാജേഷ് ഉദ്ഘാടനം ചെയ്തു.
കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന 12 ൽ പരം തിരുവാതിര സമിതികൾ ആറ് ദിവസങ്ങളിലായി ക്ഷേത്രാങ്കണത്തിൽ നടക്കുന്ന തിരുവാതിര ആഘോഷങ്ങളിൽ ചുവടുകൾ വെയ്ക്കും എന്ന് ആർ രാജേഷും രതീഷ് കട്ടച്ചിറയും സി എൻ വാസന്തിയമ്മയും അറിയിച്ചു.