/sathyam/media/media_files/2025/10/21/csi-graduation-cerimoney-2025-10-21-16-36-52.jpg)
കോട്ടയം: കാണക്കാരി സി.എസ്.ഐ കോളേജ് ഫോർ ലീഗൽ സ്റ്റഡീസിന്റെ ബിരുദദാനവും കോഴ്‌സ് കംപ്ലീഷൻ ചടങ്ങും ‘എക്സലൻഷിയ – 2025’ സി.എസ്.ഐ റിട്രീറ്റ് സെന്ററിൽ നടന്നു. നിയമ സംവിധാനങ്ങൾ സമൂഹത്തെ സമഗ്രമായി സ്പർശിക്കുന്ന സാഹചര്യത്തിൽ സാമൂഹ്യ പ്രതിബ ദ്ധതയോടെയും വിശ്വാസ്യതയോടെയും നീതി നിർവഹണം നടത്താൻ ഭാവി അഭിഭാഷകർക്കു കഴിയണമെന്ന് സിക്കിം ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് പയസ് സി. കുര്യാക്കോസ് ആഹ്വാനം ചെയ്തു.
2020-25 ബാച്ച് അഞ്ചു വർഷ ബി. എ.എൽ.എൽ.ബി, ബികോം. എൽ.എൽ.ബി (ഓണർഴ്‌സ്) പഠനം പൂർത്തിയായവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധി സർവകലാ ശാലാ രജിസ്ട്രാർ പ്രൊ. (ഡോ). ബിസ്മി ഗോപാലകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ധൈര്യത്തോടും കരുണയോടും കൂടിയ നീതിപാലകരായി വളരണമെന്നും ഉദ്ബോധിപ്പിച്ചു. സി.എസ്.ഐ. മധ്യ കേരള മഹാ ഇടവക ബിഷപ്പ് റൈറ്റ്. റവ.(ഡോ) മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷത വഹിച്ചു.
നിയമബിരുദം ഒരു സർട്ടിഫിക്കറ്റ് മാത്രമല്ല, അത് നീതി, സമത്വം, സാഹോദര്യം എന്നിവയിലേക്കുള്ള താക്കോലാണ്. അത് സമൂഹം ഏൽപ്പിച്ചിരിക്കുന്ന ഒരു ഉത്തരവാദിത്തം ആണ്. നിയമ വിദ്യാർഥികൾ കരുത്തിലും, സ്വഭാവത്തിലും, പ്രതികരണ ശേഷിയിലും ഉറച്ചവർ ആകണമെന്നും, നല്ല ഹൃദയമുള്ള അഭിഭാഷകരെ ആണ് ഇന്നിന്റെ ആവശ്യം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രിൻസിപ്പൽ ഡോ. ജോർജ് ജോസഫ്, ബർസാ ർ കോശി എബ്രഹാം, മഹായിടവക രജിസ്ട്രാർ അഡ്വ. ഷീബ തരകൻ, വൈസ് പ്രിൻസിപ്പൽ ഡോ. ജയ്സി കരിങ്ങാട്ടിൽ, എ. ഐശ്വര്യ, മരിയ ജോബി എന്നിവർ പ്രസംഗിച്ചു. പഠനം പൂർത്തിയാക്കിയ 114 വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.