മഴ പെയ്താല്‍ ബസിറങ്ങാനിടമില്ലാത്ത `കോഴിക്കൊമ്പ് '

New Update
coujusted bus stop-1

പാലാ: കോഴാ മെയിന്‍ റോഡിലെ പ്രധാന ബസ് സ്റ്റോപ്പായ കോഴിക്കൊമ്പ് കവലയിലെ സ്ഥലപരിമിതി കാരണം ബസിറങ്ങാനിടമില്ലാത്തതിനു പുറമെ, മഴ പെയ്താല്‍ `ചെളിവെള്ളക്കൊമ്പ് ' ആയി മാറുന്ന ദുസ്ഥിതി പരിഹരിക്കപ്പെടാതെ ഇപ്പോഴും തുടരുകയാണ്.

Advertisment

പാലാ ഭാഗത്തേയ്ക്കുള്ള ബസ്സ് നിര്‍ത്തുന്നിടത്ത് യാത്രക്കാര്‍ക്ക് ഇറങ്ങാനോ സ്റ്റോപ്പില്‍ നിന്ന് കയറാനോ കഴിയാത്ത വിധം വെള്ളക്കെട്ട് രൂപപ്പെടുന്നതു കൂടാതെ , ഇടനാഴി പോലെ വീതി കുറഞ്ഞ റോഡില്‍  മൂടിയില്ലാത്ത ഓടയില്‍ കാലെടുത്തു വയ്ക്കേണ്ട സ്ഥിതിയാണ്. 

conjusted bus stop

ഇവിടെ നില്ക്കാനുള്ള സ്ഥലസൗകര്യമില്ലാത്തതിനാല്‍,  മറുഭാഗത്ത് നിലയുറപ്പിക്കുകയും ബസ്സ് എത്തുമ്പോള്‍ മാത്രം റോഡ് കുറുകെ കടന്ന് അതില്‍ കയറാന്‍ ശ്രമിക്കുകയും ചെയ്യുകയാണ് യാത്രക്കാരുടെ സ്ഥിരം പതിവ്. 

എന്നാല്‍ ഇതിനിടയില്‍ പാഞ്ഞുവരുന്ന വാഹനം തട്ടി അപകടവും അതുമൂലം മരണവും ഇവിടെ സംഭവിച്ചിട്ടുമുണ്ട്. ഈ റൂട്ടിലെ ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ ഉണ്ടായിട്ടുള്ള സ്ഥലമാണ് കോഴിക്കൊമ്പ് ജംങ്ഷന്‍.  

നേരത്തെ ഉണ്ടായിരുന്ന ഓടകള്‍ നികന്നതും സ്വകാര്യ വ്യക്തികളുടെ കയ്യേറ്റവും വെള്ളക്കെട്ടിന് ഇടയാക്കി. നിന്നു തിരിയാനിടയില്ലാത്ത കവലയായ കോഴിക്കൊമ്പില്‍ ഒരു വെയിറ്റിംഗ് ഷെഡ്ഡു വേണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.

conjusted bus stop-3

പാളയം - ചേര്‍പ്പുങ്കല്‍ റോഡ് ആരംഭിക്കുന്ന ഈ  കവലയില്‍ റോഡ് സെെഡിലെ ആഴമുള്ള ഓടകള്‍ക്ക് മകളില്‍ സ്ളാബ് സ്ഥാപിക്കുകയും, പാലാ ഭാഗത്തേയ്ക്കുള്ള വാഹനങ്ങളുടെ സ്റ്റോപ്പ് 50 അടിയോളം മുമ്പോട്ട് മാറ്റുകയും ചെയ്താല്‍ താല്ക്കാലിക സൗകര്യമാകുമെന്നിരിക്കെ, പ്രശ്നത്തിന് അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന് ആണ്ടൂര്‍ ദേശീയ വായനശാലാ പ്രസിഡന്‍റ് എ.എസ്.ചന്ദ്രമോഹനന്‍, സെക്രട്ടറി  വി.സുധാമണി എന്നിവര്‍  അധികൃതരോട് ആവശ്യപ്പെട്ടു.

Advertisment