തരിശു നിലത്ത് നെൽ കൃഷിക്ക് തുടക്കം കുറിച്ച് രാമപുരം മാര്‍ ആഗസ്തീനോസ് കോളേജ് വിദ്യാർഥികൾ

New Update
mar augusthinose college agri faming

രാമപുരം: മാർ ആഗസ്തീനോസ് കോളേജ്  നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ രാമപുരം ഞാറ്റടി കൃഷി സംഘത്തിന്റെ സഹകരണത്തോടെ തരിശൂനിലത്ത് നെൽകൃഷിക്ക് തുടക്കം കുറിച്ചു. 

Advertisment

നാട്ടിലുള്ള പാടങ്ങളിൽ പലതും തരിശായി കിടക്കുകയും മറ്റ് കൃഷികൾക്ക് വഴിമാറുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ  ഒരു പ്രദേശത്തിൻ്റെ തന്നെ ജലസംരക്ഷണത്തിലും പരിസ്ഥിതി സന്തുലനത്തിലും നിർണായക പങ്കുവഹിക്കുന്ന നെൽവയലുകൾ പുനരുജ്ജീവിപ്പിക്കാനായിട്ടാണ് വിദ്യാർഥികൾ നെൽ കൃഷിക്കായി മുന്നിട്ടിറങ്ങിയത്. 

രാമപുരം ഗ്രാമപഞ്ചായത്തിലെ കൊണ്ടാട് വാർഡിലുള്ള  ചൂരവേലിൽ പാടത്താണ്  ഞാറ്  നട്ടുകൊണ്ട് നെൽകൃഷി ആരംഭിച്ചത് . രാസവളങ്ങളോ രാസകീടനാശിനികളോ ഉപയോഗിക്കാതെയുള്ള പ്രകൃതികൃഷി മാർഗമാണ് അവലംബിക്കുന്നത്. 

കൃഷിക്കായി തിരഞ്ഞെടുത്തത് കന്നും കുളമ്പൻ എന്ന നാടൻ വിത്തിനമാണ്. പ്രകൃതികൃഷിയുടെ പ്രചാരകനായ മധു ചൂരവേലിൽ ആണ് നെൽകൃഷിക്കുവേണ്ട മാർഗനിർദേശങ്ങൾ നൽകുന്നത്.

നെൽകൃഷിയുടെ ഉദ്ഘാടനം കോളേജ്  മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം വിദ്യർത്ഥികളോടൊപ്പം പാടത്ത് ഞാറു നട്ടുകൊണ്ടു നിർവ്വഹിച്ചു. പ്രിൻസിപ്പൽ  ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു.  

വൈസ് പ്രിൻസിപ്പാൾമാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, പഞ്ചായത് അംഗം മനോജ് സി ജോർജ്, അഡ്മിനിസ്ട്രേറ്റർ പ്രകാശ് ജോസഫ്, പ്രോഗ്രാം ഓഫീസർമാരായ നിർമൽ കുര്യാക്കോസ്, ഷീന ജോൺ, സ്റ്റാഫ് സെക്രട്ടറി സുനിൽ കെ ജോസഫ്, ഫാ. ബോബി ജോൺ, കോളേജ് യൂണിയൻ ചെയർമാൻ ശ്രാവൺ ചന്ദ്രൻ റ്റി.ജെ. വോളണ്ടിയർ സെക്രട്ടറി അഭിനവ് ബാബു എന്നിവർ പ്രസംഗിച്ചു.

Advertisment