/sathyam/media/media_files/2025/11/08/changanacherry-general-hospital-2-2025-11-08-18-17-50.jpg)
ചങ്ങനാശേരി: ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നു. പദ്ധതിക്കു 49.30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജോബ് മൈക്കിള്‍ എംഎല്‍എ അറിയിച്ചു.
പത്ത് ബെഡുകള്‍ ആണ് ആദ്യഘട്ടത്തില്‍ അനുവദിച്ചിരിക്കുന്നത്. വിവിധ ഷിഫ്റ്റുകളിലായി ഒരു ദിവസം മുപ്പതു രോഗികള്‍ക്ക് ഡയലിസിസ് ചികിത്സ നല്‍കുവാന്‍ സാധിക്കും. ആരോഗ്യ മേഖലയിലെ മറ്റൊരു ചുവടുവയ്പാണിതെന്ന് എം.എല്‍.എ പറഞ്ഞു.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണു ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നത്. 2023 നവംബറിലാണ് ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കാനുള്ള പ്രാരംഭ നടപടികള്‍ക്കു തുടക്കമിടുന്നത്.
ദിനംപ്രതി നൂറുകണക്കിന് രോഗികളെത്തുന്ന ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് വേണമെന്നുള്ളത് നിരന്തരമായ ജനകീയ ആവശ്യമായിരുന്നു.
സ്വകാര്യ ആശുപത്രികള്‍, കോട്ടയം ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളിലാണ് ഡയാലിസിസിനായി രോഗികള്‍ ആശ്രയിച്ചിരുന്നത്.
എന്നാല്‍, പദ്ധതി നടപ്പാക്കുന്നതിനു കാലതാമസം നേരിട്ടു. വൈകിയാണെങ്കിലും ഭരണാനുമതി ലഭിച്ച സന്തോഷത്തിലാണ് ഡയാലിസിസ് രോഗികള്‍.
ആശുപത്രിയുടെ പടിഞ്ഞാറു വശമുള്ള കെട്ടിടത്തില്‍ നാഷനല്‍ ഹെല്‍ത്ത് മിഷന്റെ നേതൃത്വത്തില്‍ നിര്‍മാണത്തിലിരിക്കുന്ന ഒഫ്താല്‍മോളജി തിയറ്ററിന്റെ ഒരു ഭാഗത്താണ് ഡയാലിസിസ് യൂണിറ്റിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us