/sathyam/media/media_files/2025/11/09/img5-2025-11-09-12-12-33.jpg)
കോട്ടയം: കാറുണ്ടെന്നു കരുതി ജനങ്ങളുടെ നെഞ്ചത്തേക്ക് ഓടിച്ചു കയറ്റണോ.. അമിതവേഗത്തില്‍ കാറോടിച്ചു യുവാക്കള്‍ നടത്തുന്ന പരാക്രമങ്ങള്‍ കോട്ടയത്ത് ആവര്‍ത്തിക്കുകയാണ്.
ഭരണങ്ങാനം തലപ്പുലത്ത് അമിത വേഗതയിലെത്തി തെള്ളിയാമറ്റം ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ ഇടിപ്പിച്ചു കടന്നു കളഞ്ഞ യുവാവിനെ പ്രദേശവാസികള്‍ പിന്തുടര്‍ന്നു പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
മേലുകാവ് സ്വദേശി ജോവാന്‍ (20) ആണു പിടിയിലായത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ വീട്ടിപ്പറമ്പ് ഭാഗത്തുനിന്നും അമിത വേഗതയിലെത്തിയ കാറാണ് ഇലക്ഷനുമായി ബന്ധപ്പെട്ട മീറ്റിങ് കഴിഞ്ഞിറങ്ങിയ പ്രദേശ വാസികളുടെ ഇടയിലേക്ക് ഓടിച്ചു കയറ്റിയത്. ആളുകള്‍ ഓടിമാറിയത്തിനാല്‍ ഒഴിവായത് വന്‍ ദുരന്തമാണ്..
സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറില്‍ ഇടിച്ചു തകര്‍ന്നിട്ടും വാഹനം നിര്‍ത്താതെ പോയ ജോവാനെ പ്രദേശവാസികള്‍ പിന്തുടര്‍ന്ന് പിടികൂടി ഈരാറ്റുപേട്ട പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണു പാലായില്‍ അമിത വേഗത്തില്‍ എത്തിയ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചു യാത്രക്കാരി തെറിച്ചു റോഡിലേക്കു വീണിരുന്നു.
ഇവരുടെ മുകളിലേക്കു ഓട്ടോറിക്ഷ വീണു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവ സ്ഥലത്തു നിന്നു രക്ഷപെട്ട കാര്‍ ഓടിച്ച ജോര്‍ജ്കുട്ടി എന്നയാള്‍ പോലീസിനു മുന്നില്‍ ഡമ്മി ഡ്രൈവറെ ഇറക്കി രക്ഷപെടാന്‍ ശ്രമിച്ചിരുന്നു. പോലീസ് വിശദമായ അന്വേഷണം നടത്തിയതോടെയാണ് ആള്‍മാറാട്ടം പുറത്തായത്.
ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് പാലായിൽ അധ്യാപക വിദ്യാര്‍ഥി അമിത വേഗത്തില്‍ ഓടിച്ച കാര്‍ സ്‌കൂട്ടറുകളില്‍ ഇടിച്ചു സ്‌കൂള്‍ കുട്ടിയും അമ്മയും ഉള്‍പ്പടെ മൂന്നു പേര്‍ മരിച്ചത്.
സി.എം.എസ്. കോളജ് വിദ്യാര്‍ഥി മദ്യപിച്ചു വാഹനമോടിച്ചു നിരവധി വാഹനങ്ങളില്‍ ഇടിച്ചു അപകടം ഉണ്ടാക്കിയിരുന്നു.
കാഞ്ഞിരപ്പള്ളിയിലും മുണ്ടക്കയത്തും ഈരാറ്റുപേട്ടയിലും സമാന രീതിയില്‍ വാഹനം ഓടിച്ച യുവാക്കൾ പിടിയിലായിരുന്നു.
ലഹരി ഉപയോഗിച്ചായിരുന്നു യുവാക്കളുടെ പരാക്രമം. അതേസമയം മദ്യമല്ലാതെ മറ്റു ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചുള്ള ഡ്രൈവിങ് തടയാനോ പരിശോധിക്കാനോ പോലീസിനു വേണ്ടത്ര സംവിധാനങ്ങളില്ലെന്ന പരാതിയുണ്ട്.
കഞ്ചാവ് അടക്കമുള്ള എല്ലാ ലഹരിയും പരിശോധന നടത്താന്‍ ഉപയോഗിക്കുന്ന ആല്‍ക്കോ വാന്‍ പോലുള്ള സംവിധാനങ്ങള്‍ ഭൂരിഭാഗം ജില്ലകളിലും അനുവദിച്ചിട്ടില്ല. ഇത്തരം സംവിധാനങ്ങള്‍ അതിവേഗം നടപ്പാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us