/sathyam/media/media_files/2025/01/20/IdJExJ2MDjCeKeJPpf8l.jpg)
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇക്കുറി തീപാറും പോരാട്ടമാകുമെന്നുപ്പറിച്ചാണ് മുന്നണികളുടെ പ്രവര്‍ത്തനം. എന്നാല്‍, കോട്ടയത്ത് പോരാട്ടം തുടങ്ങും മുന്‍പു യു.ഡി.എഫില്‍ പ്രതിസന്ധി രൂക്ഷമായി.
കെഡിപിക്കും ജോസഫ് ഗ്രൂപ്പിനെയും ചുമക്കേണ്ടി വരുന്നതും കോണ്‍ഗ്രസിനുള്ളിലെ തമ്മിലടിയും പോരും കാരണം പലരും പാര്‍ട്ടിവിട്ട് കേരളാ കോണ്‍ഗ്രസ് എമ്മിലേക്ക് ചേക്കേറുകയാണ്.
ഇന്നലെ ഒരു ദിവസം കൊണ്ടു നിരവധി പേരാണ് കേരളാ കോണ്‍ഗ്രസ് എം അംഗത്വം എടുത്തത്. പാലായില്‍ പ്രവര്‍ത്തകരില്ലാത്ത മാണി സി കാപ്പന്റെ കെഡിപിക്കു സീറ്റു നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസില്‍ കൂട്ട രാജി.
കോണ്‍ഗ്രസ് വനിതാ വിഭാഗമായ മഹിളാ കോണ്‍ഗ്രസിന്റെ മുനിസിപ്പല്‍ മണ്ഡലം പ്രസിഡണൻ്റ് ലീലാമ്മ ജോസഫ് ഇലവും കുന്നേലും സഹപ്രവര്‍ത്തകരും കേരള കോണ്‍ഗ്രസ് എമ്മില്‍ അംഗത്വം എടുത്തു.
ഏറ്റുമാനൂരില്‍ കോൺഗ്രസിലെ ചില പ്രാദേശിക നേതാക്കളുടെ ഇടപെടല്‍ മൂലം സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ഏറ്റുമാനൂര്‍ നഗരസഭ മുന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂസന്‍ തോമസും സഹപ്രവര്‍ത്തകരും തീരുമാനിച്ചത്.
നഗരസഭ തെരഞ്ഞെടുപ്പില്‍ 23-ാം വാര്‍ഡില്‍ (അടിച്ചിറ മാമൂട്) എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും സൂസന്‍ തോമസ് പറഞ്ഞു.
ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്തായിരുന്ന കാലഘട്ടത്തില്‍ താന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നു. 2020- വരെ നഗരസഭയില്‍ ക്ഷേമകാര്യ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിരുന്നു.
2020-ല്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം വനിതയ്ക്ക് ആണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് താന്‍ ആ സ്ഥാനത്ത് എത്താതിരിക്കാന്‍ അന്നത്തെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തനിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു.
2025-ലും സീറ്റ് നിഷേധിച്ചു. ഏറ്റുമാനൂലെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളില്‍ വര്‍ഷങ്ങളായി അനുഭവസമ്പത്തുള്ള തന്നെ മനപ്പൂര്‍വ്വം ഒഴിവാക്കാന്‍ കോണ്‍ഗ്രസിലെ ചിലര്‍ തീരുമാനിക്കുകയായിരുന്നുവെന്നും സൂസന്‍ തോമസ് ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിം അലക്സും കേരള കോണ്‍ഗ്രസ് എമ്മിലേക്ക് എത്തി. ഇന്നു കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫിസില്‍ എത്തി ജോസ് കെ.മാണിയില്‍ നിന്നും പാര്‍ട്ടി അംഗത്വം ഏറ്റുവാങ്ങുന്ന ജിം അലക്സ് ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനില്‍ രണ്ടില ചിഹ്നത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും.
വന്‍ ജനപിന്‍തുണയുള്ള ജിം അലക്സ് കോണ്‍ഗ്രസില്‍ നേരിട്ടകടുത്ത അവഗണനയെ തുടര്‍ന്നാണ് കേരള കോണ്‍ഗ്രസ് എമ്മില്‍ ചേരുന്നത്.
2015 ല്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരെ റിബല്‍ സ്ഥാനാര്‍ത്ഥിയായി ജിം അലക്സ് മത്സരിച്ചിരുന്നു.
അന്ന് 14000 വോട്ട് നേടിയ ജിം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് കാരണമായിരുന്നു. ഈ ഒറ്റ വോട്ടിന്റെ ബലത്തിലാണ് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മഹേഷ് ചന്ദ്രന്‍ അന്ന് വിജയിച്ചതും ജില്ലാ പഞ്ചായത്തംഗമായതും.
എന്നാല്‍, അന്ന് വിമതനായി മത്സരിച്ച ജിം അലക്സിനെ പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടി ഒരു ഘട്ടത്തിലും പരിഗണിച്ചില്ലെന്നതാണ് പരാതി. കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കുള്ളിലെ ഒരു വിഭാഗം ജിമ്മിനെ എല്ലാക്കാലത്തും ഒതുക്കി നിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ സിറ്റിങ് സീറ്റാണ് അതിരമ്പുഴ. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തില്‍ ജോസഫ് വിഭാഗത്തിന്റെ റോസമ്മ സോണിയായിരുന്നു മത്സരിച്ചു വിജയിച്ചത്.
ഇക്കുറി കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും മോന്‍സ് ജോസഫ് എം.എല്‍.എയുടെ നോമിനിയുമായ ജയ്സണ്‍ ജോസഫ് ഒഴുകയിലാണ് അതിരമ്പുഴ ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തുന്നത്.
ഈ സാഹചര്യത്തില്‍ ജിം അലക്സ് കൂടി കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി എത്തുന്നതോടെ അതിരമ്പുഴ ഡിവിഷനില്‍ തീ പാറും പോരാട്ടം നടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us