/sathyam/media/media_files/2025/12/16/1001484388-2025-12-16-09-40-36.jpg)
കോട്ടയം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും ദര്‍ശനത്തിന് എത്തിയതോടെ ഒരിക്കല്‍ക്കൂടി ശ്രദ്ധാകേന്ദ്രമായി ചെറുവള്ളിയിലെ ജഡ്ജിയമ്മാവന്‍ കോവില്‍.
തന്റെ വിധി തെറ്റാണെന്നു ബോധ്യമായപ്പോള്‍ സ്വയം വധശിക്ഷ വിധിച്ചു മരിച്ച ജഡ്ജിയമ്മാവന്‍ രാഹുലിന് തുണയാകുമോ എന്നാണ് ഏവവും ഉറ്റുനോക്കുന്നത്.
ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് രാഹുല്‍ എത്തി പ്രാര്‍ഥന നടത്തിയത്.
ദിലീപ് തന്റെ കേസിലെ വിജയത്തിനായി രണ്ടുവട്ടം ദര്‍ശനം നടത്തിയിരുന്നു.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ക്ഷേത്രമായ ചെറുവള്ളി ദേവീക്ഷേത്രത്തിലെ ഉപദേവാലയമാണ് ജഡ്ജിയമ്മാവന്‍ കോവില്‍.
ചെറുവള്ളി ദേവീക്ഷേത്രത്തിലെ പൂജകള്‍ കഴിഞ്ഞ് നടയടച്ചശേഷം രാത്രി എട്ടുമണിയോടെയാണ് ജഡ്ജിയമ്മാവന്‍ കോവിലില്‍ പൂജ.
ചലച്ചിത്രതാരങ്ങളായ സിദ്ദിഖ്, ഭാമ, തമിഴ്താരം വിശാല്‍ തുടങ്ങിയവരെല്ലാം ഇവിടെയെത്തിയിട്ടുണ്ട്. ക്രിക്കറ്റ് കോഴ വിവാദവും കേസും വന്നപ്പോള്‍ ക്രിക്കറ്റ് താരം ശ്രീശാന്തും വഴിപാട് നടത്താനെത്തി.
ആര്‍.ബാലകൃഷ്ണപിള്ള ജഡ്ജിയമ്മാവന്റെ ഭക്തനായിരുന്നു. ജയലളിത, രാഹുല്‍ഗാന്ധി, കെ.കരുണാകരന്‍ എന്നിവര്‍ക്കെല്ലാം വേണ്ടി അനുയായികള്‍ വഴിപാട് നടത്തിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ദിലീപ് റിമാന്‍ഡിലായപ്പോള്‍ 2017-ല്‍ അദ്ദേഹത്തിന്റെ സഹോദരനാണ് ആദ്യം ദര്‍ശനം നടത്തിയത്.
പിന്നീട് 2019 മാര്‍ച്ചില്‍ ദിലീപ് ദര്‍ശനം നടത്തി. 2022-ലും ദിലീപ് ജഡ്ജിയമ്മാവന്റെ നടയില്‍ പ്രാര്‍ഥനയ്ക്കും വഴിപാടിനുമായി എത്തിയിരുന്നു.
കോടതിവ്യവഹാരങ്ങളില്‍ പെടുന്നവര്‍ തങ്ങളുടെ ഭാഗത്തിന് നീതി ലഭിക്കാന്‍ കാലങ്ങളായി വഴിപാടുകള്‍ ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍ നടത്തും. ഹര്‍ജി പകര്‍പ്പ് നടയില്‍ സമര്‍പ്പിച്ച് അട വഴിപാട് നടത്തിയാണ് പ്രാര്‍ഥന.
ശബരിമല സ്ത്രീപ്രവേശന വിഷയം കോടതിയിലെത്തിയപ്പോള്‍ അനുകൂല വിധിക്കായി മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ കേസിന്റെ രേഖകള്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് പ്രാര്‍ഥന നടത്തിയിരുന്നു.
സാധാരണക്കാര്‍ മുതല്‍ സിനിമാ, സീരിയല്‍ രംഗത്തെ ആള്‍ക്കാര്‍, രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ തുടങ്ങി ദിവസവും നിരവധി പേര്‍ ദര്‍ശനത്തിനെത്താറുണ്ട്.
ഭൂരിഭാഗം ഭക്തരും കേസില്‍ നിന്നുള്ള മോചനത്തിനായാണ് പ്രാര്‍ഥനയും വഴിപാടും നടത്തുന്നത്.
ധര്‍മരാജാവിന്റെ കാലത്ത് തിരുവിതാംകൂര്‍ രാജ്യത്തെ കോടതി ജഡ്ജിയായിരുന്ന തലവടി രാമവര്‍മപുരം ഗോവിന്ദപ്പിളളയാണ് ജഡ്ജിയമ്മാവന്‍.
നീതി നടപ്പാക്കുന്നതില്‍ കൃത്യത പുലര്‍ത്തിയിരുന്ന ഇദ്ദേഹം തന്റെ സഹോദരിയുടെ മകന്‍ പത്മനാഭപിള്ളയെ തെറ്റിദ്ധാരണയുടെ പേരില്‍ വധശിക്ഷയ്ക്കു വിധേയനാക്കി.
പിന്നീട് തനിക്ക് തെറ്റുപറ്റിയെന്നും അനന്തരവന്‍ നിരപരാധിയാണെന്നും അറിഞ്ഞപ്പോള്‍ ഗോവിന്ദപ്പിള്ള സ്വയം വധശിക്ഷ വിധിച്ച് മരണം സ്വീകരിച്ചു. ഇദ്ദേഹത്തിന്റെ ആത്മാവിനെയാണു പിന്നീട് ചെറുവള്ളി ക്ഷേത്രത്തില്‍ കുടിയിരുത്തിയത്.
ചെറുവള്ളി പയ്യമ്പള്ളി കുടുംബത്തിലെ പിന്‍തലമുറയായിരുന്നു ഇദ്ദേഹം. കുടുംബദേവതയുടെ സന്നിധിയിലേക്കു പ്രശ്നവിധിപ്രകാരമാണ് ജഡ്ജിയമ്മാവനെ പ്രതിഷ്ഠിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us