ഉദ്യോഗസ്ഥര്‍ ശബരിമല ഡ്യൂട്ടിയുടെ തിരക്കില്‍. ആര്‍.ടി ഓഫീസില്‍ എത്തുന്ന ജനങ്ങള്‍ നിരാശരായി മടങ്ങുന്നു. കോട്ടയത്തെ ആര്‍.ടി.ഒയുടെ കസേര ഒഴിഞ്ഞുകിടക്കുന്നതും ജനങ്ങളെ ദുരിതത്തിലാക്കുന്നു

ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ തസ്തിക ഒഴിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ടു മാസം അഞ്ചു കഴിഞ്ഞുവെങ്കിലും അധികൃതര്‍ അറിഞ്ഞ ഭാവം നടിക്കുന്നതേയില്ല.

New Update
mvd.1.1794081

കോട്ടയം: മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസഥര്‍ ശബരിമല തീര്‍ഥാടന കാലം സുഗമമാക്കുന്നതിന്റെ തിരക്കിലാണ്.

Advertisment

എന്നാല്‍, വലയുന്നത് ആര്‍.ടി.ഓഫീസില്‍ എത്തുന്ന ജനങ്ങളാണ്. ലൈന്‍സ്, ലൈസന്‍സ് പുതുക്കല്‍, പെര്‍മിറ്റ് തുടങ്ങി വാഹന സംബന്ധമായ നുറുകണക്കിനു ഫയലുകളാണു തീര്‍പ്പാകാതെ കിടക്കുന്നത്.


കോട്ടയത്ത് ആര്‍.ടി.ഒ ഇല്ലാത്തതാണ് പ്രതിസന്ധിക്കു ആക്കം കൂട്ടുന്നു.  മറ്റ് ജീവനക്കാരുടെ അഭാവവും കുടുതല്‍ പേരും ശബരിമല ഡ്യൂട്ടിയ്ക്കായി നിയോഗിക്കപ്പെടുന്നതും ഓഫീസിന്റെ പ്രവര്‍ത്തനം താളം തെറ്റാന്‍ കാരണമാകുന്നുണ്ട്. 


ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ തസ്തിക ഒഴിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ടു മാസം അഞ്ചു കഴിഞ്ഞുവെങ്കിലും അധികൃതര്‍ അറിഞ്ഞ ഭാവം നടിക്കുന്നതേയില്ല.

ആര്‍.ടി.ഒ. ഓഫീസിലെ ജീവനക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ തിരക്കേറുന്ന ശബരിമല തീര്‍ഥാടക സീസണ്‍ കാലത്തുപോലും ഒരു ആര്‍.ടി.ഒയെ നിയമിക്കാന്‍ ഗതാഗത വകുപ്പിനു കഴിഞ്ഞിട്ടില്ല.


ആര്‍.ടി.ഒ കസേരയില്‍ ആളില്ലാത്തതുമൂലം ഏതാനും മാസം മുമ്പ് കോട്ടയം ആര്‍.ടി.ഒ ആയി എത്തിയ ഉദ്യോഗസ്ഥന്‍ ഉടന്‍ അവധിയില്‍ പ്രവേശിക്കുകയും തുടര്‍ന്നു കാലാവധി പൂര്‍ത്തിയായതോടെ സര്‍വീസില്‍നിന്നും വിരമിക്കുകയും ചെയ്തു. പിന്നീട് ഈ തസ്തികയിലേക്ക് ഇതുവരെയും ആരെയും നിയമിച്ചിട്ടില്ല.


ഇപ്പോള്‍ പത്തനംതിട്ട ആര്‍.ടി.ഒയ്ക്കാണ് അധിക ചുമതല നല്‍കിയിരിക്കുന്നത്. ഇദ്ദേഹം രണ്ടോ മുന്നോ ആഴ്ച കൂടുമ്പോഴാണു കോട്ടയത്തെ ഓഫീസില്‍ എത്തുന്നത്.

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടു നിരവധി അവലോക യോഗങ്ങള്‍ ഉള്‍പ്പെടെ തിരക്കിട്ട ജോലികളാണ് അധിക ചുമതലയുള്ള ആര്‍.ടി.ഒയ്ക്കുള്ളത്.

സമയക്കുറവു മൂലം ഫയലുകള്‍ തീര്‍പ്പാക്കാന്‍ ഇദ്ദേഹത്തിനു സാധിക്കുന്നില്ല. ആര്‍.ടി.ഒ ഇല്ലാത്തതിനാല്‍ ഓഫീസിലെ മറ്റു ഫയലുകളും നീങ്ങുന്നില്ല.

തെരഞ്ഞെടുപ്പു പെരുമാറ്റം നിലനിന്നതിനാലാണ് ആര്‍.ടി.ഒ നിയമനം വൈകിയതെന്നും പെരുമാറ്റചട്ടം പിന്‍വലിച്ച സാഹചര്യത്തില്‍ നിയമനം വേഗത്തിലാകുമെന്നും ഗതാഗതവകുപ്പ് അധികൃതര്‍ പറയുന്നു.

Advertisment