പുതുവർഷാഘോഷം. അതീവ ജാഗ്രതയോടെ പോലീസ്. കോട്ടയം ജില്ലയിൽ 1500 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്ക് വിന്യസിക്കും. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി. രാത്രി പാതയോരങ്ങളിലും മറ്റും അനധികൃത ആൾക്കൂട്ടങ്ങൾ അനുവദിക്കില്ല. മുൻകാല കുറ്റവാളികളേയും സാമൂഹ്യ വിരുദ്ധരേയും കരുതൽ തടങ്കലിലാക്കും

പൊതുസ്ഥലത്ത് ലഹരി വിൽപ്പന, ഉപയോഗം എന്നിവ കണ്ടെത്തുന്നതിനും പരിശോധനകൾ ഊർജ്ജിതമാക്കും.

New Update
police vehicle


കോട്ടയം: പുതുവർഷാഘോഷത്തിന് സുരക്ഷയൊരുക്കാൻ പോലീസ്. രാത്രി പാതയോരങ്ങളിലും മറ്റും അനധികൃത ആൾക്കൂട്ടങ്ങൾ അനുവദിക്കില്ല.

Advertisment

ജില്ലയിൽ 1500 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുക. സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിംഗ് നടത്തും.

നഗരത്തിൽ ആഘോഷങ്ങൾ നടക്കുന്നതിനിടയിൽ പൊതുജനശല്യമുണ്ടാക്കുന്നവരേയും സ്ത്രീകളേയും കുട്ടികളേയും ശല്യം ചെയ്യുന്നവരേയും നിരീക്ഷിക്കാൻ മഫ്തി പൊലീസുകാരെ വിന്യസിക്കും.

ജില്ലാ അതിർത്തികളിൽ പ്രത്യേക പരിശോധനയുണ്ടാകും. പോക്കറ്റടിക്കാർ, പിടിച്ചു പറിക്കാർ, ലഹരി വിൽപ്പനക്കാർ, ഗുണ്ടകൾ തുടങ്ങിയ മുൻകാല കുറ്റവാളികളേയും സാമൂഹ്യ വിരുദ്ധരേയും കരുതൽ തടങ്കലിലാക്കും.

മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അമിത വേഗതയിലും അശ്രദ്ധമായും വാഹനമോടിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. പിടികൂടുന്നവരെ വിട്ടയയ്ക്കാനായുള്ള ശിപാർശയുമായി ഭരണക്കാർ വിളിച്ചാലും വിട്ടുവീഴ്ച വേണ്ടെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശം.

പൊതുസ്ഥലത്ത് ലഹരി വിൽപ്പന, ഉപയോഗം എന്നിവ കണ്ടെത്തുന്നതിനും പരിശോധനകൾ ഊർജ്ജിതമാക്കും. അനധികൃത മദ്യ നിർമ്മാണം, ചാരായ വാറ്റ്, സെക്കന്റ്‌സ് മദ്യ വിൽപ്പന തുടങ്ങിയവ കണ്ടെത്തുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 

പുതുവർഷ പാർട്ടികൾ നടക്കുന്നിടത്ത് പ്രത്യേക പരിശോധനയും നടത്തും. ഇവിടങ്ങളിലേയ്ക്ക് ലഹരി ഒഴുകുന്നത് തടയുകയാണ് ലക്ഷ്യം.

ദുരന്തമുണ്ടാവാതിരിക്കാൻ ബാറുകൾ, കള്ളുഷാപ്പുകൾ എന്നിവിടങ്ങളിലെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് വിധേയമാക്കും. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, മാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ചും പോലീസ് പട്രോളിംഗ് ഏർപ്പെടുത്തും. 

Advertisment