/sathyam/media/media_files/2026/01/09/img184-2026-01-09-12-20-52.jpg)
കോട്ടയം: നല്ല റോഡുകള്‍ പോലുമില്ല, വികസന മുരടിപ്പിന്റെ പര്യായമാണ് കടുത്തുരുത്തി. ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസുകളുടെ പരീക്ഷണശാലയായി കടുത്തുരുത്തി ഒരിക്കൽ കൂടി മാറും. കേരള കോണ്‍ഗ്രസുകള്‍, കോണ്‍ഗ്രസ്, സി.പി.എം എന്നിവയാണ് മണ്ഡലത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍.
ബിജെപിക്കും വേരോട്ടമുണ്ട്. കഴിഞ്ഞ തവണ കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ ജോര്‍ജിന്റെ പരാജയം 4256 വോട്ടുകള്‍ക്കായിരുന്നു. എം.എല്‍.എയായ ശേഷം മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ലെന്നത് വീണ്ടും മത്സരത്തിന് ഒരുങ്ങുന്ന മോന്‍സ് ജോസഫിന് തിരിച്ചടിയാണ്.
ഇക്കുറി മോന്‍സ് ജോസഫ് എംഎല്‍എയുടെ സ്വന്തം വാര്‍ഡായ മുളക്കുളം പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് വിജയിച്ചത് മോന്‍സ് ജോസഫിന്റെ ജനപ്രീതി കുറഞ്ഞതിനു തെളിവാണ്.
പാലായ്ക്കൊപ്പം കേരളാ കോണ്‍ഗ്രസിനു വളക്കൂറുള്ള കടുത്തുരുത്തിയിലാണു ജോസ് കെ.മാണി മത്സരിക്കേണ്ടതെന്ന അഭിപ്രായവും ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. കടുത്തുരുത്തിയില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന നിരവധി പേര്‍ പാര്‍ട്ടിയിലുണ്ടെന്നതാണ് വസ്തുത.
മുന്‍ എം.എല്‍.എയും കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്ത സ്റ്റീഫന്‍ ജോര്‍ജിനു വീണ്ടും നറുക്കുവീഴുമോയെന്നതും ചര്‍ച്ചയാണ്.
ഒന്നിലേറെ യുവജന നേതാക്കള്‍ മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്തിയിട്ടുണ്ട്. മണ്ഡലത്തിന്റെ വികസന പോരായ്മകള്‍ ചൂണ്ടിക്കാട്ടിയും മോന്‍സ് ജോസഫിനെതിരായ പ്രസ്താവനകളുമായി നവമാധ്യമങ്ങളില്‍ ഇവര്‍ സജീവമാണ്.
എം.എല്‍.എയുടെ അടുത്ത് ജനങ്ങളുടെ ആവശ്യങ്ങളും പരാതിയും പറയാനെത്തുമ്പോള്‍ എം.എല്‍.എ വിദേശത്താണെന്ന മറുപടിയാണ് ജനങ്ങള്‍ കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ളതെന്നാണ് എതിര്‍പക്ഷം ഉയര്‍ത്തിക്കാട്ടുന്നത്. റോഡുകളുടെ ശോച്യാവസ്ഥ ജനങ്ങളും ചൂണ്ടിക്കാട്ടുന്നു. കുട്ടനാട്ടില്‍ പോലും ഇത്രയും തകര്‍ന്ന റോഡുകള്‍ ഇല്ലെന്നാണ് ജനങ്ങള്‍ പറയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us