/sathyam/media/media_files/2026/01/17/aksharonnathi-2026-01-17-16-34-36.jpg)
കോട്ടയം: പട്ടികജാതി-വർഗ്ഗ വിദ്യാർഥികളിൽ വായനാ സംസ്‌കാരം വളർത്തുന്നതിന് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന 'അക്ഷരോന്നതി' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച (ജനുവരി 19) നടക്കും.
രാവിലെ 10.15 ന് കളക്ടറേറ്റിലെ കളക്ഷൻ സെന്ററിന് പുസ്തകങ്ങൾ നൽകി ജില്ലാകളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം നിർവഹിക്കും.
ഉന്നതികളിലെ സാമൂഹ്യ പഠനമുറികളിലേക്കും വിജ്ഞാനവാടികളിലേക്കും പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്കും ആവശ്യമായ പുസ്തകങ്ങൾ ശേഖരിക്കുന്നതിനുള്ള പദ്ധതിയാണിത്.
ഉപയോഗിച്ചതോ ഉപയോഗിക്കാത്തതോ ആയ പുസ്തകങ്ങൾ പൊതുജനങ്ങൾക്ക് പദ്ധതിയിലേക്ക് നൽകാം. സാഹിത്യം, പൊതു വിജ്ഞാനം, മത്സരപരീക്ഷകൾക്ക് സഹായകമായ പുസ്തകങ്ങൾ, ശാസ്ത്ര പുസ്തകങ്ങൾ, പ്രചോദനാത്മക രചനകൾ എന്നിവയാണ് പ്രധാനമായും ശേഖരിക്കുന്നത്.
പുസ്തക ശേഖരണത്തിനായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ജനുവരി മാസത്തിൽ പുസ്തകങ്ങൾ ശേഖരിച്ച് ഫെബ്രുവരി ആദ്യ വാരം വിതരണം നടത്തും. 15 സാമൂഹ്യ പഠനമുറികളും 17 വിജ്ഞാനവാടികളും ഉൾപ്പെടെ 37 കേന്ദ്രങ്ങളിലേക്കാണ് പുസ്തകങ്ങൾ എത്തിക്കുക.
തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടികവർഗ വികസന വകുപ്പ്, പട്ടികജാതി വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ സാമൂഹിക-സാംസ്‌കാരിക-സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് 'അക്ഷരോന്നതി' പദ്ധതി നടപ്പാക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us