എയ്ഡഡ്  സ്കൂളുകളിലെ അധ്യാപക നിയമനം സ്ഥിരമായി അംഗീകരിക്കുവാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം - കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട്

New Update
ksstf

കോട്ടയം: സ്കൂളുകളിലെ അധ്യാപക നിയമനാംഗീകാരത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിന് തീരുമാനമെടുത്ത കേരള സർക്കാരിനെയും ഈ തീരുമാനത്തിലേക്ക് നയിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപിയെയും കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് ടോബിൻ കെ അലക്സ് അഭിനന്ദിച്ചു.  

Advertisment

സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ മേഖലയിൽ ചില നിയമപരമായ പ്രശ്നങ്ങളാൽ ഏറെക്കാലമായി നിലനിന്നിരുന്ന അധ്യാപകരുടെ ആശങ്കകൾക്ക് ശാശ്വതമായ പരിഹാരമായിരിക്കുന്നു. 

എൻഎസ്എസ്   നൽകിയ കേസിൽ ലഭിച്ച സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. 

എന്നാൽ കേസ് 2026 ഏപ്രിൽ 14ലേക്ക് മാറ്റിവെച്ചിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ ഒരിക്കൽ കൂടി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം  തേടുകയായിരുന്നു. 

സുപ്രീംകോടതിയിലെ സർക്കാരിന്റെ സീനിയർ അഭിഭാഷകനായ ജഗദീഷ് ഗുപ്ത യുമായി സർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസിൽ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ  ഭിന്നശേഷിക്കാർക്ക് ഉള്ള ഒഴിവുകൾ മാറ്റിവെച്ചുകൊണ്ട് ബാക്കി നിയമനങ്ങൾക്ക് സ്ഥിര അംഗീകാരം നൽകാമെന്ന് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നിയമോപദേശം നൽകുകയായിരുന്നു.   

അങ്ങനെ വർഷങ്ങളായി പ്രൊവിഷണൽ ആയും ശമ്പള സ്കെയിലിലും ഡെയിലി വേജിലും നിയമിതരായ ഇരുപത്തിരണ്ടായിരത്തിലധികം അധ്യാപകർക്ക് സ്ഥിര നിയമനാംഗീകാരം നിശ്ചിത സമയത്തിനുള്ളിൽ അംഗീകരിച്ചു നൽകുവാനാണ് സർക്കാർ തീരുമാനം. . 

അധ്യാപകരുടെ ദീർഘകാലത്തെ ഈ ആവശ്യം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി ഏറ്റെടുത്തുകൊണ്ട് ഇടതുമുന്നണി യോഗങ്ങളിലും മുഖ്യമന്ത്രിയെ നേരിൽ കണ്ടും ചർച്ച നടത്തിയിരുന്നു. 

അതേപോലെ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രിയപ്പെട്ട പാർട്ടി ചെയർമാൻ പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവൻകുട്ടിയുമൊത്ത് ചങ്ങനാശ്ശേരി അതിരൂപതാ ആസ്ഥാനത്ത് എത്തിയതും നമുക്ക് ഓർമ്മയുണ്ടാവുമല്ലോ.  

1996ൽ പാർലമെൻറ് പാസാക്കിയ ഭിന്നശേഷി സംവരണ നിയമം എയ്ഡഡ് സ്കൂളുകളിലും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് പ്രസിഡണ്ട് കെ. ജെ. വർഗീസ് അടക്കമുള്ളവർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജിക്കാർക്ക് അനുകൂലമായ ഒരു വിധി പ്രഖ്യാപിക്കുകയുണ്ടായി. 

ഭിന്നശേഷിക്കാർക്ക് നിയമപ്രകാരമുള്ള സംവരണം എയ്ഡഡ് സ്കൂളുകളിൽ അവർ ആവശ്യപ്പെട്ട മേഖലകളിൽ ഉറപ്പാക്കിയാണ് ജസ്റ്റിസ് രാജ വിജയരാഘവൻ ഈ പരാതി തീർപ്പാക്കിയത്.

ഇപ്രകാരം 1996 ഫെബ്രുവരി 7 മുതൽ 2017 ഏപ്രിൽ 18  വരെയുള്ള കാലയളവിൽ ഉണ്ടായ ഒഴിവുകളിൽ 3 ശതമാനവും 2017 ന് ശേഷമുള്ള ഒഴിവുകളിൽ 4 ശതമാനവും ഭിന്നശേഷിക്കാർക്കായി നീക്കി വയ്ക്കണം. 

ഇക്കാലയളവിൽ ഭിന്നശേഷിക്കാർക്ക് ലഭിക്കേണ്ടിയിരുന്ന ഒഴിവുകളിൽ അവർക്ക് നിയമനം നൽകിയിട്ടില്ലെങ്കിൽ 2018 നവംബർ 18ന് ശേഷം ഉണ്ടായ ഒഴിവുകളിൽ നിയമനം നൽകണമെന്നും ഈ ഉത്തരവ് വ്യക്തമാക്കുന്നു.

ഈ കുടിശ്ശിക (ബാക്ക് ലോഗ്) നികത്തിയശേഷം മാത്രമേ 2018 നവംബർ 18 ന് ശേഷം മാനേജർമാർ നൽകിയിരിക്കുന്ന നിയമനങ്ങൾക്ക് അംഗീകാരം നൽകാവൂ എന്നും ഈ ഉത്തരവിൽ പറയുന്നു. ഇതിനോടകം നിയമനാംഗീകാരം ലഭിച്ചവർക്ക് ഇത് ബാധകമല്ലായിരുന്നു.    

ബാക്ക്ലോഗ് കണക്കാക്കുന്നതിന് 1996 ഏപ്രിൽ 7 മുതലുള്ള തീയതി പ്രാബല്യത്തിൽ എടുത്ത് 33 ഒഴിവുകളിൽ ആദ്യത്തേത് ഭിന്നശേഷിക്കാർക്ക് എന്ന ക്രമത്തിൽ ഒഴിവുകൾ കണ്ടെത്തണം. 

തുടർന്ന് 2017 ഏപ്രിൽ 19ന് ശേഷം 25 ഒഴിവുകളിൽ ആദ്യത്തേത് എന്ന ക്രമത്തിൽ കുടിശ്ശിക ഒഴിവുകൾ കണ്ടെത്തണം. ഇതാണ് ബഹു.കോടതിയുടെ ഉത്തരവ്. ഒഴിവുകൾ കണ്ടെത്തുവാൻ രണ്ടുമാസ കാലാവധി മാത്രമേ നൽകിയുള്ളൂ. 

ഇതിനിടയിൽ 2021 നവംബർ 8 നു ശേഷം എയ്ഡഡ് സ്കൂളുകളിൽ ഉണ്ടായ ഒഴിവുകളിൽ ഭിന്നശേഷി അവകാശ നിയമപ്രകാരമുള്ള സംവരണം പാലിച്ച് നിയമനം പാസാക്കാമെന്ന്  വ്യക്തമാക്കി 2021 നവംബർ 8 ന് കേരള സർക്കാർ പുറത്തിറക്കിയ  ഉത്തരവും ബഹുമാനപ്പെട്ട കോടതി റദ്ദാക്കി. 

ഈ ഉത്തരവ് റദ്ദാക്കൽ  നിയമനം പാസാകാത്ത അനേകം അധ്യാപകരെ പ്രതിസന്ധിയിലാക്കി.  1996 മുതൽ 3% 2018 മുതൽ 4 ശതമാനവും നിയമനങ്ങൾ നൽകണമെന്ന ഉത്തരവ്. ഭിന്നശേഷിക്കാരുടെ ഈ ഒഴിവുകൾ നികത്തിയതിനു ശേഷം മാത്രമേ ബാക്കി ഒഴിവുകളിലെ നിയമനം അംഗീകരിക്കുവാൻ പാടുള്ളൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു. 

മാനേജ്മെന്റുകൾ ഭിന്നശേഷിക്കാർക്കായി സീറ്റുകൾ നീക്കിവെക്കുകയും എന്നാൽ ആവശ്യത്തിന് ഭിന്നശേഷിക്കാരെ ലഭിക്കാതെ വരികയും ചെയ്യുന്ന സാഹചര്യമാണ് ഇന്ന് സംസ്ഥാനത്ത് നിലവിലുള്ളത്. 

ഭിന്നശേഷിക്കാർക്കുള്ള ഒഴിവുകൾ നീക്കി വെച്ചശേഷം ബാക്കി  ഒഴിവുകളിലെ അധ്യാപകരുടെ നിയമനം  അംഗീകരിക്കണമെന്നായിരുന്നു അധ്യാപകരുടെ ആവശ്യo. 

ഇത് തികച്ചും നീതിയാണെന്ന് സർക്കാരിന് ബോധ്യപ്പെടുകയും ഇവരുടെ നിയമനം അംഗീകരിക്കാൻ തയ്യാറാവുകയും ചെയ്ത മുഖ്യമന്ത്രിയെയും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയേയും ഈ തീരുമാനത്തിലേക്ക് നയിച്ച ജോസ് കെ മാണി എംപി യെയും പ്രത്യേകം അഭിനന്ദിക്കുന്നതായും ടോബിൻ കെ അലക്സ് പറഞ്ഞു. 

Advertisment