കണമല: വനം വകുപ്പ് നൽകിയ ഉറപ്പുകൾ എല്ലാം ഉറപ്പായി തന്നെ നിലനിൽക്കുന്നു, കണമലയിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. മാട്ടെപ്ലാക്കൽ സുധാകരൻ്റെ കൃഷിയാണ് ആന നശിപ്പിച്ചത്.
വാഴ, കമുക്, തെങ്ങ് എന്നിവ ഉൾപ്പടെ കൃഷികൾ നശിപ്പിച്ചു.
പ്രദേശത്ത് കഴിഞ്ഞയിടെയായി കാട്ടാനകളുടെ ആക്രമണം വർധിച്ചിരിക്കുകയാണ്.
പമ്പാവാലി തുലാപ്പള്ളിയിൽ ഓട്ടോ ഡ്രൈവർ ആനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത് ഏപ്രിൽ ആദ്യവാരമായിരുന്നു. തുടർന്ന് നാട്ടുകാർ മൃതദേഹവുമായി പ്രതിഷേധിച്ചതിനെ തുടർന്ന് മൃഗങ്ങൾ കാടിറങ്ങുന്നത് തടയാനുള്ള ഫെൻസിങ് അടക്കമുള്ള സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പു നൽകുകയും ചെയ്തു. എന്നാൽ, അപകടം നടന്ന് ഒരു മാസം പിന്നിട്ടിട്ടും നാട്ടിലേക്ക് വന്യ മൃഗങ്ങൾ എത്തുന്നത് തടയാൻ ഫലപ്രദമായ നടപടികൾ ഇനിയും വനം വകുപ്പ് ആരംഭിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
വനം വകുപ്പ് അനാസ്ഥ തുടരുമ്പോഴും ആന, പന്നി, കാട്ടുപോത്ത് എന്നിവ നാട്ടിൽ ഭീതി സൃഷ്ടിക്കുന്നത് തുടരുകയാണ്. പുലി, കടുവ എന്നിവയുടെ സാന്നിധ്യവും സ്ഥലത്ത് പ്രകടമാവുകയും ചെയ്തു. വനം വകുപ്പ് അടിയന്തിര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്‌തമായ സമരം നടത്തുമെന്ന് നാട്ടുകാർ പറഞ്ഞു.