കുമരകം: പള്ളിയിൽ പോയി വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിക്കു നേരെ പാഞ്ഞടുത്ത് നായ കൂട്ടം, ഭയന്ന് വിറച്ച പെൺകുട്ടി സമീപത്തെ പാടശേഖത്തിലേക്ക് ചാടി രക്ഷപെടാൻ ശ്രമിച്ചു. വെളളത്തിൽ മുങ്ങിത്താണ പെൺകുട്ടിക്ക് രക്ഷകനായത് പ്രദേശവാസി.
ഇന്നലെ വെെകിട്ട് അഞ്ചിനായിരുന്നു സംഭവം.കുമരകം അഞ്ചാം വാർഡിൽ ഇടച്ചിറ സുനിൽ ചാക്കോയുടെയും നിഷാ സുനിലിന്റെയും മകൾ അൻസു സുനിലി (17) നു നേരെയാണ് തെരുവുനായ പാഞ്ഞടുത്തത്. കണ്ണാടിച്ചാൽ ജങ്ഷനിൽനിന്നും കൊല്ലകരിയിലുള്ള വീട്ടിലേക്കു നടന്നു പോവുകയായിരുന്നു അൻസു. പിന്നാലെ മൂന്നു നായ്ക്കൾ പാഞ്ഞെത്തിയപ്പോൾ ഭയപ്പെട്ട പെൺകുട്ടി കണ്ണാടിച്ചാൽ പാടത്തെ വെള്ളത്തിൽ ചാടി.
കോട്ടയത്ത് പള്ളിയിൽ പോയി മടങ്ങവേ ഒരു വീട്ടിലെ മൂന്നു നായ്ക്കൾ മതിലിന്റെ വിടവിലൂടെ വഴിയിലെത്തി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.ഭയന്ന് വെള്ളത്തിൽ ചാടിയ പെൺകുട്ടിയെ സംഭവസ്ഥലത്തിനു സമീപം താമസിക്കുന്ന കൊട്ടാരത്തിൽ ജയ്മോനെത്തി വെള്ളത്തിൽനിന്ന് രക്ഷിക്കുകയായിരുന്നു. അൻസുവിന്റെ 17,000 രൂപ വിലയുള്ള മൊബൈൽ ഫോണും നഷ്ടപ്പെട്ടു. പാടത്തിന്റെ കൽക്കെട്ടിൽ ഇടിച്ച് പെൺകുട്ടിയുടെ കൈയ്ക്ക് ചെറിയ പരുക്കേറ്റിട്ടുണ്ട്.