പാലാ ഭരണങ്ങാനത്ത് തോ​ട്ടി​ൽ വീ​ണ് കാ​ണാ​താ​യ വിദ്യാർത്ഥിനിയുടെ മൃതദേഹം 24 മണിക്കൂറിനു ശേഷം ഏറ്റുമാനൂര്‍ പേരൂര്‍ കടവില്‍ കണ്ടെത്തി

New Update
obit helen alex

പാലാ: ഭരണങ്ങാനത്ത് കുന്നേമുറി പാലത്തിന് സമീപം കൈത്തോട്ടിൽ വീണ് വെള്ളപ്പാച്ചിലിൽ കാണാതായ വിദ്യാർത്ഥിനി ഹെലൻ അലക്സിന്റെ മൃതദേഹം കണ്ടെത്തി. ഭരണങ്ങാനം പടിഞ്ഞാറെ പൊരിയത്ത് അലക്സിന്‍റെ (സിബിച്ചൻ) മകളാണ് ഹെലന്‍ അലക്സ്.

Advertisment

ഏറ്റുമാനൂർ പേരൂർ കടവിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ബുധനാഴ്ച വൈകിട്ട് ഭരണങ്ങാനത്തു നിന്നും കാണാതായ ഹെലന്‍റെ മൃതദേഹം 24 മണിക്കൂറിനു ശേഷം ഇന്നു വൈകുന്നേരത്തോടെയാണ് ഏറ്റുമാനൂര്‍ പേരൂര്‍ കടവില്‍ നിന്നും കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ആരംഭിച്ച തിരച്ചില്‍ രാത്രി 8 മണിയോടെ അവസാനിപ്പിക്കുകയായിരുന്നു. രാവിലെ മുതൽ ആരംഭിച്ച തെരച്ചിലിൽ ആണ് മൃതദേഹം ലഭിച്ചത്.

ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് ഭരണങ്ങാനം അയ്യമ്പാറ റോഡിൽ കുന്നനാംകുഴിയിൽ ഹെലനും കൂട്ടുകാരിയും അപകടത്തിൽ പെട്ടത്. സ്കൂൾ വിട്ടു വൈകിട്ട് 4.45 ഓടെ ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ ഇവര്‍ തോട്ടിലെ വെള്ളം റോഡിൽ കയറിയതോടെ ഒഴുക്കിൽപ്പെടുകയായിരുന്നു. 

ആ സമയം ഇതുവഴി കടന്നു പോയ സ്കൂൾ ബസിലെ ഡ്രൈവർ അപകടം കാണുകയും ഓടിയെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു. ഇവരില്‍ ഒരാളെ രക്ഷപെടുത്താന്‍ സാധിച്ചെങ്കിലും ഹെലനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഹെലന്‍റെ കയ്യില്‍ പിടുത്തം കിട്ടിയതാണെങ്കിലും പിന്നീട് പിടിവിട്ട് ഒഴുക്കില്‍ പെടുകയായിരുന്നു. ഭരണങ്ങാനം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിലെ 8 -ാം ക്ലാസ് വിദ്യാർഥിനിയാണ്.

ഈരാറ്റുപേട്ടയിൽ നിന്നും പാലായിൽ നിന്നും എത്തിയ ഫയർഫോഴ്സ് നോടൊപ്പം ഈരാറ്റുപേട്ടയിലെ നന്മക്കൂട്ടം, ടീം എമർജൻസി അംഗങ്ങളും നാട്ടുകാരും തെരച്ചിലില്‍ പങ്കാളികളായി.

Advertisment