Advertisment

വാക്കു പാലിച്ച് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, കൈയ്യടിച്ച് ജനങ്ങളും.  ഈരാറ്റുപേട്ട മിനി സിവില്‍സ്റ്റേഷന് സ്ഥലം വിട്ടു നല്‍കാനും പമ്പാവാലി, എയ്ഞ്ചല്‍വാലി പ്രദേശങ്ങള്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമായി വനമേഖലയില്‍ ഉള്‍പ്പെടുത്തിയിരുന്നത് ഒഴിവാക്കാനും നടപടി. മിനി സിവില്‍ സ്‌റ്റേഷന്‍ വിഷയത്തില്‍ അതൃപ്തരായി ബി.ജെ.പി.

വാക്കു പാലിച്ച് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, കൈയ്യടിച്ച് ജനങ്ങളും.  ഈരാറ്റുപേട്ട മിനി സിവില്‍സ്റ്റേഷന് സ്ഥലം വിട്ടു നല്‍കാനും പമ്പാവാലി, എയ്ഞ്ചല്‍വാലി പ്രദേശങ്ങള്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമായി വനമേഖലയില്‍ ഉള്‍പ്പെടുത്തിയിരുന്നത് ഒഴിവാക്കാനും നടപടി. മിനി സിവില്‍ സ്‌റ്റേഷന്‍ വിഷയത്തില്‍ അതൃപ്തരായി ബി.ജെ.പി.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
Screenshot 2024-07-06 121724

കോട്ടയം: വാക്കു പാലിച്ചു  സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, കൈയ്യടിച്ചു ജനങ്ങളും.  മണ്ഡലത്തില്‍ ജനങ്ങളെ ബാധിച്ചിരുന്ന രണ്ടു സുപ്രധാന വിഷയങ്ങളിലാണ് എം.എല്‍.എയുടെ ഇടപെടലിലൂടെ പരിഹാരമായിരിക്കുന്നത്.

Advertisment

ഈരാറ്റുപേട്ടയില്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് നിര്‍ദ്ദേശിക്കപ്പെട്ടിരുന്ന പോലീസ് സ്റ്റേഷന്‍ വളപ്പിലുള്ള ഭൂമിയില്‍ നിന്നും 50 സെന്റ് സ്ഥലം അനുവദിച്ചതും പമ്പാവാലി, എയ്ഞ്ചല്‍ വാലി പ്രദേശങ്ങള്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമായി വനമേഖലയില്‍ ഉള്‍പ്പെടുത്തിയിരുന്നത് ഒഴിവാക്കാന്‍ തീരുമാനവുമാണ് എം.എല്‍.എയുടെ ഇടപെടലിലൂടെ സര്‍ക്കാര്‍ ഉന്നതല യോഗത്തില്‍ തീരുമാനമായിരിക്കുന്നത്.

ഈരാറ്റുപേട്ടയുടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനുശേഷം ലഭിച്ച മിനി സിവില്‍ സ്റ്റേഷന്‍ തര്‍ക്കങ്ങളില്‍പ്പെട്ട് നീണ്ടുപോവുകയും നിര്‍മ്മാണം നടക്കാതെ വരുമോ എന്നുള്ള ആശങ്കയും ഉയര്‍ന്നിരുന്നു. സ്ഥല ലഭ്യത ഉറപ്പു വന്നതോടുകൂടി  പ്രശ്നങ്ങള്‍ക്ക്  പരിഹാരമായിരിക്കുകയാണ്.

അതേ സമയം മിനി സിവില്‍ സ്‌റ്റേഷന്‍ വിഷയത്തില്‍ സെബാസ്റ്റിയന്‍ കുളത്തുങ്കലിനെതിരെ ബി.ജെ.പി. രംഗത്തു വന്നിട്ടുണ്ട്. ഈറ്റുപേട്ടയില്‍ തീവ്രവദസംഘങ്ങളുടെ സാന്നിധ്യം ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരിക്കെ പോലീസ് തീവ്രവാദ വിവരുദ്ധ പരിശീലന കേന്ദ്രം തുടങ്ങാന്‍ തീരുമാനിച്ച സ്ഥലം മിനി സിവില്‍ സ്‌റ്റേഷനായി വിട്ടു നല്‍കിയതോടെ ഈരാറ്റുപേട്ടയില്‍ ആഭ്യന്തര വകുപ്പിനുള്ള സ്ഥലം പരമാവധി ഒഴിവാക്കുകയെന്ന ചിലരുടെ താല്‍പര്യമാണ് എം.എല്‍.എയുടെ ഇടപെടലിലൂടെ നടന്നിരിക്കുന്നതെന്നും ബി.ജെ.പി. നേതാക്കള്‍ ആരോപിക്കുന്നു.


മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈരാറ്റുപേട്ടയില്‍ സിവില്‍ സ്‌റ്റേഷന് സ്ഥലം അനുവദിക്കുന്നതിന് തീരുമാനമായത്. ഈരാറ്റുപേട്ടയില്‍ മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് 2022-23 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ അനുവദിച്ചിരുന്നു.


 

എന്നാല്‍, മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്‍ വളപ്പില്‍ ലഭ്യമാക്കുന്നതിന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ കത്ത് നല്‍കിയെങ്കിലും ആഭ്യന്തര വകുപ്പിന്റെ എതിര്‍പ്പ് മൂലം സ്ഥലം വിട്ടു കിട്ടിയിരുന്നില്ല.  തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ഇക്കാര്യത്തില്‍ തീര്‍പ്പ് കല്‍പ്പിക്കപ്പെടാതെ തര്‍ക്കങ്ങളില്‍ പെട്ടിരിക്കുകയായിരുന്നു.

നിരന്തര പരിശ്രമങ്ങള്‍ക്കൊടുവില്‍ എം.എല്‍.എ ആവശ്യപ്പെട്ടതനുസരിച്ച് മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചു ചേര്‍ക്കുകയായിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ആഭ്യന്തര സെക്രട്ടറി വിശ്വനാഥ് സിന്‍ഹ, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ഡി.ജി.പി ഷേക്ക് പര്‍വേഷ് സാഹിബ്, കലക്ടര്‍ വി.വിഘ്നേശ്വരി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.


യോഗത്തിലെ തീരുമാന പ്രകാരം റവന്യൂ വകുപ്പിലേക്ക് സ്ഥലം വിട്ടു നല്‍കുന്നതോടുകൂടി മുന്‍പ് നിര്‍ത്തിവച്ചിരുന്ന ഈരാറ്റുപേട്ട വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും. തുടര്‍ന്ന് മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പരമാവധി വേഗത്തില്‍ തുടക്കം കുറിക്കാനും തീരുമാനമായി.


മറ്റൊരു നേട്ടം പമ്പാവാലി, എയ്ഞ്ചല്‍വാലി പ്രദേശങ്ങള്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമായി വനമേഖലയില്‍ ഉള്‍പ്പെടുത്തിയിരുന്നത് ഒഴിവാക്കാനുള്ള തീരുമാനമാണ്. ഇത് സംബന്ധിച്ച് സംസ്ഥാന വനം-വന്യജീവി ബോര്‍ഡിന്റെ തീരുമാനം പരിവേഷ് പോര്‍ട്ടലിലൂടെ അപ്പ്ലോഡ് ചെയ്ത് കേന്ദ്ര ഗവണ്‍മെന്റ് സമര്‍പ്പിക്കുന്നതിന് ഉന്നതതല യോഗത്തില്‍ തീരുമാനമായി.

1978-ല്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വ് രൂപീകരിച്ച ഘട്ടത്തില്‍ പ്രസ്തുത കടുവാസങ്കേതത്തിന്റെ അതിര്‍ത്തികളായി പമ്പാ നദിയും, അഴുത നദിയും രേഖപ്പെടുത്തപ്പെടുകയും ചെയ്തിരുന്നു. ഇതുമൂലം 1950കള്‍ മുതല്‍ ജനവാസ മേഖലയായിരുന്ന പമ്പാവാലി, എയ്ഞ്ചല്‍ വാലി പ്രദേശങ്ങള്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ ഉള്‍പ്പെട്ട് വരികയുമായിരുന്നു.

ഈ തെറ്റ് തിരുത്തി എയ്ഞ്ചല്‍ വാലി, പമ്പാവാലി പ്രദേശങ്ങളെ പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയനും, വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപിക്കും കത്ത് നല്‍കിയിരുന്നു. 


ഇതേ തുടര്‍ന്ന് ജോസ് കെ മാണി ഇടതു മുന്നണിയില്‍ വിഷയം ഉന്നയിക്കുകയും മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് ആവശ്യം അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന സംസ്ഥാന വനം വന്യജീവി ബോര്‍ഡ് യോഗത്തിലാണ് ഈ പ്രദേശങ്ങളെ പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ നിന്ന് ഒഴിവാക്കുന്നതിന് തീരുമാനമായത്.


ഈ നിയമം പ്രാബല്യത്തിലാകുന്നതിന് കേന്ദ്ര വനം-വന്യജീവി ബോര്‍ഡിന്റെ അംഗീകാരം വേണം. നടപടിക്രമങ്ങളുടെ ഭാഗമായി തീരുമാനം പരിവേഷ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്ത് അംഗീകാരം നേടുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെയും, പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെയും, ഉന്നത ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞ ദിവസം വനം-വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെയും, സ്ഥലം എംഎല്‍എ എന്ന നിലയില്‍ സെബാസ്റ്റിയന്‍ കുളത്തുങ്കലിന്‍റെയും  നേതൃത്വത്തില്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിരുന്നു.

നിയമപ്രകാരമുള്ള എല്ലാ രേഖകളും, മതിയായ വിവരങ്ങളും ചേര്‍ത്ത് സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ തീരുമാനം കേന്ദ്ര വന്യജീവി ബോര്‍ഡിന് എത്രയും വേഗം പരിവേഷ് പോര്‍ട്ടലിലൂടെ സമര്‍പ്പിക്കുന്നതിന് യോഗത്തില്‍ തീരുമാനമായി. പരമാവധി 10 ദിവസത്തിനുള്ളില്‍ ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പമ്പാവാലി, എയ്ഞ്ചല്‍വാലി പ്രദേശങ്ങളെ വനമേഖലയില്‍ നിന്ന് ഒഴിവാക്കി റവന്യൂ ഭൂമിയായും, ജനവാസ മേഖലയായും അംഗീകാരം നേടുന്നതിനുള്ള പൂര്‍ണമായ പ്രൊപ്പോസല്‍ കേന്ദ്ര വനം വകുപ്പിന് സമര്‍പ്പിക്കും.

കേന്ദ്ര വനം-വന്യജീവി ബോര്‍ഡിന്റെ അംഗീകാരം ലഭിക്കുന്നതോടെ എയ്ഞ്ചല്‍ വാലി, പമ്പാവാലി പ്രദേശങ്ങള്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ നിന്നും ഒഴിവാക്കപ്പെടു മെന്നും, അത് ഈ പ്രദേശത്തെ ജനങ്ങള്‍ക്കാകെ വലിയ ആശ്വാസമാകുമെന്നും എം.എല്‍.എ പറഞ്ഞു.

Advertisment