/sathyam/media/media_files/XixxUAQJrisZfYGmKcJt.jpg)
പാലാ: പാലായിലെ നവകേരള സദസ് വേദിയില്‍ വികസന ആവശ്യങ്ങള്‍ ഉന്നയിച്ച പാര്‍ട്ടി വൈസ് ചെയര്‍മാന്‍ തോമസ് ചാഴികാടന്‍ എംപിയെ പരിഹസിക്കുന്ന വിധം സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ നടപടിയില്‍ കേരള കോണ്‍ഗ്രസ് - എമ്മിനുള്ളില്‍ കടുത്ത അസംതൃപ്തി.
നവകേരള സദസില്‍ പങ്കെടുത്ത് പ്രസംഗങ്ങള്‍ നേരിട്ട് കേട്ട കേരള കോണ്‍ഗ്രസ് - എമ്മിന്‍റെ അണികളും പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരും സംഭവത്തിലെ അതൃപ്തിയും പ്രതിഷേധവും പാര്‍ട്ടി നേതാക്കളെ അറിയിക്കുകയാണ്.
കേരള കോണ്‍ഗ്രസ് - എമ്മിന്‍റെ ആസ്ഥാനമായി കാണുന്ന, കെ.എം മാണി സാറിന്‍റെ സ്വന്തം നാടായ പാലായില്‍ ഇടതു സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന വികാരം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.
/sathyam/media/media_files/81jNK1k6jQONT4dnh1mF.jpg)
പക്ഷേ, ഇത്തരം സംഭവങ്ങളോട് സമചിത്തതയോടെ പ്രതികരിക്കുന്നതാണ് കേരള കോണ്‍ഗ്രസ് - എമ്മിന്‍റെ സമീപനം. സംഭവത്തിലെ അസംതൃപ്തി പാര്‍ട്ടി നേതൃത്വം മുന്നണി നേതൃത്വത്തെ ധരിപ്പിക്കും.
എന്നാല്‍ ജില്ലയില്‍ നവകേരള സദസ് നടക്കുന്ന ഘട്ടത്തില്‍ പരിപാടിയുടെ ശോഭ കെടുത്തുന്ന ഒരു നടപടിയും തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദേശമാണ് അണികള്‍ക്ക് നല്‍കിയിരിക്കുന്നത്.
കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയിലെത്തിയിട്ട് നാലു വര്‍ഷമായിട്ടും ഇന്നും സിപിഎമ്മിന്‍റെ അണികളും കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള മുന്നണി ഇഴയടുപ്പം വേണ്ടത്ര രീതിയില്‍ നടപ്പിലാക്കാത്ത മണ്ഡലമാണ് പാലാ.
പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ തോല്‍വി സിപിഎം വോട്ടുകളിലുണ്ടായ ഗുരുതരമായ ചോര്‍ച്ച മൂലമാണെന്ന ആരോപണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎം ഒരുക്കമായിരുന്നെങ്കിലും ജോസ് കെ മാണി ഇടപെട്ട് അത് തടഞ്ഞിരുന്നു.
പക്ഷേ ആ കാലുവാരിച്ചകള്‍ക്ക് കാരണക്കാരായ നേതാക്കള്‍ ഇപ്പോഴും അതേ നിലപാടുകള്‍ ആവര്‍ത്തിച്ച് പാലായിലൂടെ വിഹരിക്കുന്നതില്‍ കേരള കോണ്‍ഗ്രസില്‍ അതൃപ്തി പുകയുകയാണ്.
പാലായിലെ കേരള കോണ്‍ഗ്രസ് വിരോധികളെ സംരക്ഷിക്കുന്നതും പ്രോല്‍സാഹിപ്പിക്കുന്നതും ഇതേ നേതാക്കളാണെന്ന് ആരോപണമുണ്ട്. നവകേരള സദസിനോട് അനുബന്ധിച്ച് മുഖ്യമന്ത്രി ഒരുക്കിയ പ്രഭാത വിരുന്നില്‍ പോലും ഈ കേരള കോണ്‍ഗ്രസ് - എം വിരുദ്ധര്‍ക്ക് ഇടം കിട്ടിയതാണ് കേരള കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്.
/sathyam/media/media_files/g1j12fxIn9Ulf8Wc8si1.jpg)
അതിനിടയിലാണ് മുന്നണി തലവനായ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നു തന്നെ അനിഷ്ട സംഭവം ഉണ്ടായത്.
നാലോ അഞ്ചോ മാസങ്ങള്‍ക്കുള്ളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സ്ഥലം എംപിക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ മനപൂര്‍വ്വം സംഭവിച്ചതാണെന്ന് നേതൃത്വം കരുതുന്നില്ലെങ്കിലും ഇത് കോണ്‍ഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും അണികളിലുണ്ടാക്കുന്ന സന്ദേശമാണ് കേരള കോണ്‍ഗ്രസിനെ അസ്വസ്ഥതപ്പെടുത്തുന്നത്.
നവകേരള സദസ് കോട്ടയം ജില്ല പിന്നിട്ട ശേഷം ഇക്കാര്യത്തില്‍ നേതൃത്വം ആലോചന നടത്തി പ്രതികരണം പുറത്തുവിടാനാണ് സാധ്യത.
/sathyam/media/media_files/8GiXzxkLIpdqsVyTxTBm.jpg)
എന്നാല്‍ മുന്നണി ബന്ധത്തെ ബാധിക്കുന്ന തരത്തില്‍ വൈകാരികമായി ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും കേരള കോണ്‍ഗ്രസ് ഒരുക്കമല്ല.
കണ്ണൂരില്‍ മുതിര്‍ന്ന സിപിഎം നേതാവ് കെകെ ശൈലജക്കെതിരെയും പിണറായി ഇതിനേക്കാള്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നത് കേരള കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനാല്‍ തന്നെ മനപൂര്‍വ്വമായി ഉണ്ടായ ഒരു പ്രതികരണമല്ല ഇതെന്നാണ് കേരള കോണ്‍ഗ്രസിന്‍റെ നിരീക്ഷണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us