ഭൂമിതരം മാറ്റൽ അദാലത്ത്; മൂന്ന് താലൂക്കുകളിലെ 500 പേർക്ക് ആശ്വാസം; ഭൂമി തരംമാറ്റി ഉത്തരവ് കൈമാറി

New Update
kottayam revenue division adalath

ഭൂമി തരം മാറ്റാനായുള്ള അപേക്ഷകർക്കായി കോട്ടയം മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ സംഘടിപ്പിച്ച അദാലത്തിൽ കുമ്മനം സ്വദേശി പി.എച്ച്. റിയാസിന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവു കൈമാറുന്നു.

കോട്ടയം: കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ 500 പേർക്ക് ഭൂമി തരംമാറ്റി നൽകി ഉത്തരവുകൾ കൈമാറി. ഭൂമി തരംമാറ്റാനായുള്ള അപേക്ഷകർക്കായി കോട്ടയം മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ സംഘടിപ്പിച്ച അദാലത്തിലൂടെയാണ് ഉത്തരവുകൾ നൽകിയത്. ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഇവ കൈമാറി. ഭൂമി തരംമാറ്റി ലഭിക്കാനായി വർഷങ്ങളായി കാത്തിരുന്നവർക്ക് അദാലത്ത് ആശ്വാസമായി.

Advertisment

pg ravi adalath

ഏറ്റുമാനൂർ നഗരസഭ 26-ാം ആം വാർഡ് പൊന്താങ്കൽ വീട്ടിൽ പി.ജി. രവി തന്റെ അഞ്ചുസെന്റ് ഭൂമി തരംമാറ്റിക്കിട്ടിയ ഉത്തരവുമായി.

കോട്ടയം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി താലൂക്കുകൾക്കായുള്ള അദാലത്താണ് കോട്ടയത്ത് നടന്നത്. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനായി നൽകിയ ഫോറം ആറ് ഓൺലൈൻ അപേക്ഷകളിൽ സൗജന്യ തരംമാറ്റത്തിന് അർഹമായ 25 സെന്റിൽ താഴെ ഭൂമിയുള്ള അപേക്ഷകളിലാണ് ഉത്തരവ് നൽകിയത്.

mi chacko adalath

വേളൂർ കല്ലുപുരയ്ക്കൽ കുഞ്ഞനാട്ടുചിറ എം.ഐ. ചാക്കോ തന്റെ നാലര സെന്റ് സ്ഥലം തരംമാറ്റിക്കിട്ടിയ ഉത്തരവുമായി.

കോട്ടയം താലൂക്കിൽ നിന്ന് 368 പേർക്കും ചങ്ങനാശേരി താലൂക്കിൽനിന്ന് 131 പേർക്കും കാഞ്ഞിരപ്പള്ളി താലൂക്കിൽനിന്ന് ഒരാൾക്കുമാണ് ഭൂമി തരംമാറ്റി അദാലത്തിലൂടെ ഉത്തരവു നൽകിയത്.

അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജി. നിർമ്മൽ കുമാർ, കോട്ടയം ആർ.ഡി.ഒ. വിനോദ് രാജ്, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) സോളി ആന്റണി, കോട്ടയം തഹസിൽദാർ എസ്.എൻ. അനിൽകുമാർ, ചങ്ങനാശേരി തഹസിൽദാർ ടി.എ. വിജയസേനൻ എന്നിവർ പങ്കെടുത്തു.

kottayam revenue division adalath-2

ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് കോട്ടയം മിനിസിവിൽ സ്‌റ്റേഷൻ അങ്കണത്തിൽ നടന്ന അദാലത്തിന് എത്തിയവർ.

കാത്തിരിപ്പിന്റെ കനമൊഴിഞ്ഞു; ശ്രീകലയ്ക്കും കുടുംബത്തിനും ഭൂമി തരം മാറ്റിക്കിട്ടി

sreekala and mother

ഭൂമി തരംമാറ്റിക്കിട്ടിയ ഉത്തരവുമായി കെ.ജി. ശ്രീകലയും അമ്മ വത്സല ഗോപാലകൃഷ്ണനും.

കോട്ടയം: 22 വർഷം മുൻപ് വാങ്ങിയ ആറു സെന്റ് സ്ഥലം കരഭൂമിയാക്കി കിട്ടിയതിന്റെ സന്തോഷത്തിലാണ് ഏറ്റുമാനൂർ നഗരസഭ ഇരുപത്തിയാറാം വാർഡ് പീടികപ്പറമ്പിൽ വീട്ടിൽ വത്സല ഗോപാലകൃഷ്ണനും മകൾ കെ.ജി ശ്രീകലയും. ഗോപാലകൃഷ്ണനും ഭാര്യ വത്സല ഗോപാലകൃഷ്ണനും വാങ്ങിയ ഭൂമിയിൽ രണ്ടു പതിറ്റാണ്ട് മുമ്പ് വീടു വച്ചിരുന്നു. 

ഇവർക്ക് രണ്ടു പെൺ മക്കളായിരുന്നു. മകൾ കെ.ജി. ശ്രീകലയുടെ പേരിലേക്ക് വീടും സ്ഥലവും എഴുതി നൽകി. എന്നാൽ പഴയ വീട് പൊളിച്ച് പുതിയത് നിർമിക്കാൻ വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചപ്പോഴാണ് രേഖകളിൽ നിലമായി രേഖപ്പെടുത്തിയിട്ടുള്ള ഭൂമി തരം മാറ്റിയാലേ വായ്പ ലഭിക്കുകയുള്ളൂ എന്നു മനസിലാക്കിയത്.

തുടർന്ന് മൂന്നു വർഷമായി അപേക്ഷകൾ നൽകി തരം മാറ്റലിനായുള്ള കാത്തിരിപ്പിലായിരുന്നു. അങ്ങനെയാണ് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ(ഭേദഗതി) നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനായി ഓൺലൈനിൽ അപേക്ഷ നൽകിയത്. സൗജന്യമായാണ് ഭൂമി തരംമാറ്റി ലഭിച്ചത്.

സുനിത മടങ്ങിയത് ബാധ്യതകൾ തീർക്കാമെന്ന ആശ്വാസത്തോടെ

sunitha adalath

ഭൂമി തരംമാറ്റിയ ഉത്തരവുമായി സുനിത ചെറിയാൻ.

കോട്ടയം: പാമ്പാടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ വെള്ളൂർ വടക്കേക്കര വീട്ടിൽ സുനിത ചെറിയാൻ ഹോട്ടൽ നടത്തി മിച്ചംപിടിച്ച പണത്തിൽ നിന്നാണ് 2013 ൽ 10 സെന്റ് നിലം വാങ്ങിയത്. ഭർത്താവിന്റെ മരണശേഷം ഹോട്ടൽ നിർത്തേണ്ടിവന്നു. മകളുടെ വിവാഹ ചെലവുകളും ബാധ്യതകളും നേരിടാൻ സ്ഥലം വിൽക്കാൻ തീരുമാനിച്ചപ്പോഴാണ് ഭൂമി തരം മാറ്റിയാൽ മാത്രമേ വിൽപ്പന നടത്താൻ സാധിക്കൂവെന്ന പ്രതിസന്ധിയുണ്ടായത്.

ഇതോടെ തരംമാറ്റത്തിനുള്ള അപേക്ഷയുമായി ഓട്ടമായി. അങ്ങനെയാണ് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനായി അദാലത്തിലേക്ക് ഓൺലൈൻ അപേക്ഷ നൽകിയത്.

കോട്ടയം മിനി സിവിൽ സ്റ്റേഷനിലെ അദാലത്തിനെത്തി തരമാറ്റാനായുള്ള ഉത്തരവുമായി സുനിത മടങ്ങിയത് ബാധ്യതകൾ തീർക്കാനാകുമെന്ന പ്രതീക്ഷയോടെയാണ്. സർക്കാർ സൗജന്യമായി അദാലത്തിലൂടെ ഭൂമി തരംമാറ്റി നൽകിയത് സന്തോഷമേകുന്നുവെന്ന് സുനിത പറഞ്ഞു.

Advertisment