ഭൂമിതരം മാറ്റൽ അദാലത്ത്; കോട്ടയം ജില്ലയിൽ 1040 പേർക്ക് ആശ്വാസം; ഭൂമി തരംമാറ്റി ഉത്തരവ് കൈമാറി

New Update
kottayam revenue division adalath

ഭൂമി തരം മാറ്റാനായുള്ള അപേക്ഷകർക്കായി കോട്ടയം മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ സംഘടിപ്പിച്ച അദാലത്തിൽ കുമ്മനം സ്വദേശി പി.എച്ച്. റിയാസിന് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവു കൈമാറുന്നു.

കോട്ടയം: ജില്ലയിലെ കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, മീനച്ചിൽ, വൈക്കം താലൂക്കുകളിലെ 1040 പേർക്ക് ഭൂമി തരംമാറ്റി നൽകി ഉത്തരവുകൾ കൈമാറി. ഭൂമി തരംമാറ്റാനായായി അപേക്ഷ നൽകിയവർക്കായി കോട്ടയം മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിലും കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റോറിയത്തിലും സംഘടിപ്പിച്ച അദാലത്തിലൂടെയാണ് ഉത്തരവുകൾ നൽകിയത്.

Advertisment

ഭൂമി തരംമാറ്റി ലഭിക്കാനായി വർഷങ്ങളായി കാത്തിരുന്നവർക്ക് അദാലത്ത് ആശ്വാസമായി. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ(ഭേദഗതി) നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനായി നൽകിയ ഫോറം ആറ് ഓൺലൈൻ അപേക്ഷകളിൽ സൗജന്യ തരംമാറ്റത്തിന് അർഹമായ 25 സെന്റിൽ താഴെ ഭൂമിയുള്ള അപേക്ഷകളിലാണ് ഉത്തരവ് നൽകിയത്.

adalath monce

ഭൂമി തരം മാറ്റാനായുള്ള അപേക്ഷകർക്കായി കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അദാലത്തിൽ കടുത്തുരുത്തി സ്വദേശി ഗിരിജാകുമാരിക്ക് മോൻസ് ജോസഫ് എം.എൽ.എ. ഉത്തരവു കൈമാറുന്നു.

കോട്ടയത്ത് 500 പേർക്ക് ഉത്തരവുകൾ കൈമാറി

കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി താലൂക്കുകൾക്കായുള്ള അദാലത്താണ് കോട്ടയത്ത് നടന്നത്. അദാലത്തിൽ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവുകൾ കൈമാറി. 500 പേർക്കാണ് ഇവിടെ തരം മാറ്റൽ ഉത്തരവു കൈമാറിയത്. 

കോട്ടയം താലൂക്കിൽ നിന്ന് 368 പേർക്കും ചങ്ങനാശേരി താലൂക്കിൽനിന്ന് 131 പേർക്കും കാഞ്ഞിരപ്പള്ളി താലൂക്കിൽനിന്ന് ഒരാൾക്കുമാണ് ഭൂമി തരംമാറ്റി അദാലത്തിലൂടെ ഉത്തരവു നൽകിയത്. 

അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജി. നിർമ്മൽ കുമാർ, കോട്ടയം ആർ.ഡി.ഒ. വിനോദ് രാജ്, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) സോളി ആന്റണി, കോട്ടയം തഹസിൽദാർ എസ്.എൻ. അനിൽകുമാർ, ചങ്ങനാശേരി തഹസിൽദാർ ടി.എ. വിജയസേനൻ എന്നിവർ പങ്കെടുത്തു

കടുത്തുരുത്തിയിൽ 540 പേർക്ക് ഉത്തരവുകൾ കൈമാറി

adalath ck asha

ഭൂമി തരം മാറ്റാനായുള്ള അപേക്ഷകർക്കായി കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അദാലത്തിൽ കടുത്തുരുത്തി സ്വദേശി ഉഷാദേവിക്ക് സി.കെ. ആശ എം.എൽ.എ. ഉത്തരവു കൈമാറുന്നു.

മീനച്ചിൽ, വൈക്കം താലൂക്കുകൾക്കായുള്ള അദാലത്താണ് കടുത്തുരുത്തിയിൽ നടന്നത്. എം.എൽ.എമാരായ സി.കെ. ആശയും മോൻസ് ജോസഫും ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയും ഉത്തരവുകൾ കൈമാറി. 

540 പേർക്കാണ് ഭൂമി തരംമാറ്റൽ ഉത്തരവുകൾ ലഭിച്ചത്. വൈക്കം താലൂക്കിൽ നിന്ന് 505 പേർക്കും മീനച്ചിൽ താലൂക്കിൽ നിന്നു 35 പേർക്കുമാണ് ഭൂമി തരം മാറ്റിയുള്ള ഉത്തരവുകൾ ലഭിച്ചത്. 

കടുത്തുരുത്തി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജി. നിർമ്മൽ കുമാർ, പാലാ ആർ.ഡി.ഒ. പി.ജി. രാജേന്ദ്രബാബു എന്നിവർ പങ്കെടുത്തു.

Advertisment