സാന്ത്വന പരിചരണ ദിനം ആചരിച്ചു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
santhvana paricharanam

സാന്ത്വന പരിചരണ ദിനം പരിപാടിയുടെ ജില്ലാതല  ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു നിർവഹിക്കുന്നു.

കോട്ടയം: സാന്ത്വന പരിചരണം എല്ലാവരുടെയും അവകാശമാണെന്നും അതുറപ്പാക്കാൻ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ഒരുമിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു.

Advertisment

അണു കുടുംബ വ്യവസ്ഥയിൽ കിടപ്പു രോഗികളെയും പ്രായമായവരെയും പരിചരിക്കുന്നത് കുടുംബങ്ങൾക്ക് മാത്രമായി താങ്ങാനാവില്ലെന്നും സമൂഹം ഒന്നാകെ ഏറ്റെടുക്കണമെന്നും സാന്ത്വന പരിചരണ ദിനം പരിപാടിയുടെ ജില്ലാതല  ഉദ്ഘാടനം നിർവഹിക്കവേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇതിനായി ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളും പദ്ധതികൾ തയാറാക്കി ആവശ്യമായ ജീവനക്കാരെയും വാഹനവും വിട്ടുനൽകുന്നത് മാതൃകാപരമാണെന്നും കെ.വി. ബിന്ദു പറഞ്ഞു.

മറ്റുള്ളവരെ പരിചരിക്കാൻ പ്രാപ്തരായ പരമാവധി സന്നദ്ധപ്രവർത്തകരെ വാർത്തെടുക്കുന്നതിനൊപ്പം എല്ലാവരെയും പ്രാപ്തരാക്കുന്ന പരിശീലനം ഗ്രാമതലങ്ങളിൽ ആസൂത്രണം ചെയ്യുമെന്നും മുഖ്യ പ്രഭാഷണത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി എൻ വിദ്യാധരൻ പറഞ്ഞു.  ഇതിനായി ജില്ലയിലെ എല്ലാ കുടുംബശ്രീ അയൽക്കൂട്ടങ്ങളിലും ബോധവത്ക്കരണം സംഘടിപ്പിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും രോഗീബന്ധു സംഗമങ്ങളും സംഘടിപ്പിച്ചു രോഗികളുടെ ആവശ്യങ്ങൾ സമഗ്രമായി വിലയിരുത്തി നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഡോ: റോസമ്മ സോണി മുഖ്യാതിഥിയായിരുന്നു. സമ്മേളനത്തിനു മുന്നോടിയായി മെഡിക്കൽ കോളജ് ജംഗ്ഷനിൽ നിന്നാരംഭിച്ച ബോധവത്കരണ റാലി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഫ്ളാഗ് ഓഫ് ചെയ്തു. നൂറുകണക്കിന് പാലിയേറ്റീവ് നഴ്‌സുമാർ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, മെഡിക്കൽ, നഴ്‌സിംഗ്, ഡെന്റൽ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. 

ജില്ലാതല സെമിനാറിനു സംസ്ഥാന പാലിയേറ്റീവ് കെയർ നോഡൽ ഓഫീസർ ഡോ. സൈറു ഫിലിപ്പ്, കോട്ടയം മെഡിക്കൽ കോളേജ് കാൻസർ ചികിത്സാ വിഭാഗം മേധാവി ഡോ. കെ സുരേഷ്‌കുമാർ എന്നിവർ നേതൃത്വം നൽകി. ഗവ. നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ ഉഷ സഞ്ജീവ്, ഡെന്റൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഇവാൻ ക്ലിഫ് റോബെല്ലോ, ജില്ലാ മാസ്സ് മീഡിയ ഓഫീസർ ഡോമി ജോൺ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, മെഡിക്കൽ കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്.

Advertisment