ഈരാറ്റുപേട്ട മുസ്ലീം ഗേൾസ് എച്ച്.എസ്.എസ് ഇനി ഹരിത വിദ്യാലയം

New Update
mghss erattupetta

കോട്ടയം: ഈരാറ്റുപേട്ട മുസ്ലീം ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ ഇനി ഹരിത വിദ്യാലയം. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ ഹരിതകേരളം മിഷന്റെ 'ഹരിത വിദ്യാലയം' പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്‌കൂളിനെ ഹരിതവിദ്യാലയമായി തിരഞ്ഞെടുത്തത്.

Advertisment

ഹരിതവിദ്യാലയ പ്രഖ്യാപനം വ്യാഴാഴ്ച (ഫെബ്രുവരി 1) രാവിലെ 11 ന് സ്‌കൂൾ അങ്കണത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർവഹിക്കും. ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹ്‌റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിക്കും.

ദേവഹരിതം പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ സ്റ്റാഫ് നേച്ചർ ക്ലബ്ബ് തയാറാക്കിയ പൂജാപുഷ്പ സസ്യതൈകളുടെ കൈമാറ്റം സ്‌കൂൾ മാനേജർ പ്രൊഫ.  എം.കെ. ഫരീദ് തിടനാട് മഹാദേവ ക്ഷേത്രം ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ അശോക് കുമാറിന് നൽകി നിർവഹിക്കും.

ഹരിത കേരളം മിഷൻ ഉദ്യോഗസ്ഥൻ ആർ.പി. വിഷ്ണുപ്രസാദ് വിഷയാവതരണം നടത്തും. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ്, നഗരസഭാംഗം പി.എം. അബ്ദുൽ ഖാദർ, ഈരാറ്റുപേട്ട എ.ഇ.ഒ. ഷംല ബീവി, പ്രഥമാധ്യാപിക എം.പി. ലീന, പ്രിൻസിപ്പൽ ഫൗസിയ ബീവി, പി.ടി.എ. പ്രസിഡന്റ് തസ്നീം കെ. മുഹമ്മദ്, ഈരാറ്റുപേട്ട ബി.പി.സി. ബിൻസ് ജോസഫ്, സ്റ്റാഫ് കൺവീനർ വി.എം മുഹമ്മദ് ലൈസൽ എന്നിവർ പങ്കെടുക്കും.

Advertisment