കടുത്തുരുത്തി: കടുത്തുരുത്തി മേഖലയിൽ മഴയോടൊപ്പം വീശുന്ന ശക്തമായ കാറ്റ് ദുരിതം വിതയ്ക്കുന്നത് തുടരുന്നു. ഇന്നലെ വീശിയ കാറ്റിൽ മാഞ്ഞൂർ, കടുത്തുരുത്തി പഞ്ചായത്തുകളിൽ മരം വീണ് രണ്ടു വീടുകൾ ഭാഗികമായി തകർന്നു.
മാഞ്ഞൂർ പഞ്ചായത്ത് കോതനല്ലൂർ ശ്രീ വിലാസ് സുരേഷ് കുമാറിന്റെ വീടിനു മുകളിലേക്ക് കാറ്റിലും മഴയിലും തെങ്ങു കടപുഴകി വീഴുകയായിരുന്നു.ഓടിട്ട മേൽക്കൂര തകർന്നു കോടിയും ഭിത്തികളും തകർന്നു വീണു. കഴിഞ്ഞ ദിവസം വൈകിട്ട് മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിലാണു തെങ്ങ് കടപുഴകി വീണത്. മേൽക്കൂര തകർന്നതോടെ വീട്ടുസാധനങ്ങൾ ഉൾപ്പെടെ നനഞ്ഞു നശിച്ചു.
കടുത്തുരുത്തി പഞ്ചായത്ത് 17–ാം വാർഡ് എരുമത്തുരുത്ത് വടക്കേച്ചിറ കെ.ആർ. ബാബുവിന്റെ വീടിനു മുകളിലേക്ക് മരം വീണ് വീടിന്റെ ഷെയ്ഡും ഷീറ്റുകളും തകർന്നു.കഴിഞ്ഞ ദിവസങ്ങളിൽ കാറ്റിലും മഴയിലും മുളക്കുളത്ത് 10 വീടുകൾ ഭാഗികമായി തകർന്നിരുന്നു. മുളക്കുളം, ഞീഴൂർ പഞ്ചായത്തുകളിലായി പതിനായിരത്തോളം ഏത്തവാഴകൾ നിലം പതിച്ചിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശമാണ് സംഭവിച്ചത്..
അതേ സമയം വീട്ടുപരിസരങ്ങളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ വെട്ടി മാറ്റാണമെന്ന് അധികൃതർ പറഞ്ഞു.