കോട്ടയം : കോട്ടയം നഗരസഭയിൽ പെൻഷൻ അക്കൗണ്ടകളിൽ നിന്നു മുൻ ജീവക്കാരൻ അമ്മയുടെ അക്കൗണ്ടിലേക്ക് മൂന്നു കോടിയോളം രൂപ മാറ്റിയ സംഭവം വിജിലൻസ് അന്വേഷിച്ചേക്കും. നിലവിൽ പോലീസാണ് കേസ് എടുത്ത് അന്വേഷണം നടത്തുന്നത്. കോട്ടയം ഡിവൈ.എസ്.പി പ്രാഥമിക അന്വേഷണം നടത്തി വിജിലൻസിനു റിപ്പോർട്ട് നൽകുമെന്നാണ് ലഭിക്കുന്ന വിവരം. അഴിമതി നിരോധന നിയമപ്രകാരമാണ് നടപടി.
കോട്ടയം നഗരസഭയിലെ മുൻ ജീവനക്കാരനായ അഖിൽ സി. വർഗീസാണ് റിട്ട.ജീവനക്കാരിയല്ലാത്ത അമ്മയുടെ അക്കൗണ്ടിലേക്ക് പലപ്പോഴായി മൂന്നു കോടിയോളം വരുന്ന പെൻഷൻതുക അയച്ചത്. നിലവിൽ വൈക്കം നഗരസഭയിലെ ക്ലർക്കാണ് അഖിൽ. തട്ടിപ്പു പുറത്തായതോടെ അഖിൽ ഒളിവിലാണെന്ന് പോലീസ് പറയുന്നു.
2020 മുതൽ അഖിൽ കോട്ടയം നഗരസഭയിലെ പെൻഷൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന സമയത്താണ് തട്ടിപ്പ് നടന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കോട്ടയം നഗരസഭയിലെ ധനകാര്യ വിഭാഗം വിരമിച്ച ജീവനക്കാരുടെ അക്കൗണ്ട് സ്റ്റേറ്റ്മെൻറ് വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് വ്യാപകമായ ക്രമക്കേട് കണ്ടെത്തിയത്. വിരമിച്ച ജീവനക്കാരുടെ അക്കൗണ്ട് വിവരങ്ങളിൽ ഗുരുതരമായ ക്രമക്കേട് ഉണ്ടെന്ന് ധനകാര്യ വിഭാഗം ഓഡിറ്റിങ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഇതിലാണ് അഖിലിൻ്റെ അമ്മയുടെ അക്കൗണ്ടിലേക്കു ക്രമരഹിതമായ രീതിയിൽ തുക ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തിയത്. ഇതേ തുടർന്ന് ധനകാര്യ വിഭാഗം പരിശോധന നടത്തിയപ്പോഴാണ് മാസത്തിൽ 4 ലക്ഷം രൂപ വരെ അഖിൽ അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നതായി കണ്ടെത്തിയത്.
ചെക്ക് സെക്രട്ടറി അടക്കമുള്ളവരുടെ പക്കൽ എത്തിയാണ് മാറ്റിയിരുന്നത്. എന്നിട്ടും അവർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. നിലവിൽ ഒരു ക്ലർക്കാണ് ഇക്കാര്യം കണ്ടെത്തിയത്. അതിനാൽ മുൻകാലപ്രാബല്യത്തിൽ എല്ലാ അക്കൗണ്ടുകളും പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ടന്നെ നിലപാട്ടാണ് നഗരസഭ അധ്യക്ഷയുടേത്.
തട്ടിപ്പിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ക്രമരഹിതമായ ഇടപാടുകളിൽ നഗരസഭ അധികൃതർക്കും പങ്കുണ്ടെന്നും ഇതും അന്വേഷണത്തിൻ്റെ ഭാഗമായി വരണമെന്നും പ്രതിപക്ഷം പറയുന്നു.
വിഷയത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതി വിദേശത്തേക്ക് പോകാൻ സാധ്യതയുള്ളതിനാൽ അടിയന്തരമായി പാസ്പോർട്ട് മരവിപ്പിക്കുന്നതടക്കമുള്ള നടപടിയിലേക്ക് പോലീസ് കടന്നതായാണ് സൂചന.