കോട്ടയം: മുള്ളന്‍കുഴിയിലെ നഗരസഭാ ഫ്‌ളാറ്റില്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ആകസ്മിക പരിശോധന നടത്തണമെന്നു തദ്ദേശസ്വയംഭരണ വകുപ്പ് ഇന്റേണല്‍ വിജിലന്‍സ് ഓഫീസറുടെ ശിപാര്‍ശ. നഗരസഭാ പരിധിയില്‍ നിരവധിപേര്‍ പാര്‍പ്പിട സൗകര്യമില്ലാതെ കഴിയുമ്പോള്‍, മുള്ളന്‍കുഴിയിലെ ഫ്‌ളാറ്റുകള്‍ അനര്‍ഹര്‍ കൈവശപ്പെടുത്തുന്നതായുള്ള പരാതിയില്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണു ശിപാര്‍ശ.
പല ഘട്ടങ്ങളിലായി വിജിലന്‍സ് നടത്തിയ പരിശോധനയില്‍ അനര്‍ഹര്‍ ഫ്‌ളാറ്റുകള്‍ കൈയടക്കിയതായി കണ്ടെത്തിയിരുന്നു. ഫ്‌ളാറ്റുകള്‍ അനുവദിച്ചു നല്‍കിയിട്ടുള്ളവരില്‍ മരണപ്പെട്ടവരുണ്ടോയെന്നു പരിശോധിക്കണം, മരിച്ചവരുണ്ടെങ്കില്‍ അവരുടെ അനന്തര അവകാശികള്‍ക്കു ഫ്‌ളാറ്റ് ലഭിക്കുന്നതിനുള്ള അര്‍ഹതയുണ്ടോയെന്നു പരിശോധിക്കണം. പഴയ ഫ്‌ളാറ്റ് വാടകയ്ക്കു നല്‍കി പണം സമ്പാദിച്ചവര്‍ പുതിയ ഫ്‌ളാറ്റുകള്‍ കൈവശപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഒഴിവാക്കണം.
കുടുംബത്തില്‍ ആര്‍ക്കും തന്നെ മറ്റെവിടെയെങ്കിലും വീടും സ്ഥലവും ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നതു ഗുരുതര വീഴ്ചയാണ്.
ഫ്‌ളാറ്റ് ലഭിച്ചിട്ടുള്ളവര്‍ക്ക് തമിഴ്‌നാട്ടില്‍ സ്വത്തുക്കളുണ്ടാകാന്‍ സധ്യതയുള്ളതിനാല്‍ ആ രീതിയിലും അന്വേഷണം വേണം. ഫ്‌ളാറ്റുകള്‍ വാടകയ്ക്ക് കൊടുത്തോ, ശരിയായി പരിപാലിക്കുന്നുണ്ടോ എന്നിങ്ങനെയുള്ള പരിശോധനകളും ആവശ്യമാണ്.
ഹൗസിങ്ങ് പ്രൊജക്ടുക്കള്‍ക്കായി നഗരസഭാ തല മോണിറ്ററിങ്ങ് കമ്മിറ്റികള്‍ ആവശ്യമാണ്. നിലവില്‍ ഫ്‌ളാറ്റില്‍ താമസിക്കുന്ന രണ്ടു പേരെ ഒഴിപ്പിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം പാലിക്കണം. നിലവില്‍ ഫ്‌ളാറ്റ് ലഭിച്ചവര്‍ക്കു പട്ടയം നല്‍കാനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കുകയും അര്‍ഹത സംബന്ധിച്ചു പരിശോധന നടത്തുകയും വേണം. പഴയ ഫ്‌ളാറ്റില്‍ താമസിക്കുന്നവരില്‍ ആരുടെയെങ്കിലും അവകാശികള്‍ പുതിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ ഒഴിവാക്കണം. പഴയ താമസക്കാരെല്ലാം മെച്ചപ്പെട്ട ജീവിതസാഹചര്യമുള്ളവരാണെന്നു വിജിലന്‍സ് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ഡോ. ചിത്ര പി. അരുണിമ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.