കോട്ടയം: ജില്ലയിൽ ഇന്നു മുതൽ മഴ ദുർബലമാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നലെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചെങ്കിലും ഇടവിട്ടു നേരിയ തോതിൽ ഉള്ള മഴ മാത്രമാണുണ്ടായത്. മഴ ദുർബലമാകുന്നത് ജില്ലയ്ക്ക് ആശ്വാസമാണെങ്കിലും കിഴക്കൻ മേഖലയിൽ നിന്നു ശക്തമായ നീരൊഴുക്കിനെ തുടർന്ന് നദികളിൽ ജല നിരപ്പ് ഉയർന്നിട്ടുണ്ട്.
കോട്ടയം നഗരത്തിൻ്റെ താഴ്ന്ന പ്രദേശങ്ങളിലടക്കം വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്നുണ്ട്. തീരപ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഇതോടൊപ്പം വയനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങളിലേക്ക് എത്തിക്കാനുള്ള അവശ്യ സാധനങ്ങൾ ശേഖരിക്കുന്നതടക്കമുള്ള പ്രവർത്തികൾ ജില്ലയിൽ ഊർജ്ജിതമായി നടക്കുന്നുണ്ട്.
ജില്ലയിലെ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ അംഗൻവാടികൾ, പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ജോൺ വി. സാമുവൽ അവധി പ്രഖ്യാപിച്ചു. മദ്രസ, കിൻഡർഗാർട്ടൻ എന്നിവയ്ക്കും അവധി ബാധകമാണ്. ട്യൂഷൻ സെൻ്ററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ല . പൂർണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. പൊതു പരീക്ഷകൾക്കും മുൻ നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമല്ല.