പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും നയിക്കുന്ന സമരാഗ്നി പ്രക്ഷോഭയാത്രയ്ക്ക് പാലായിൽ ഉജ്ജ്വല സ്വീകരണം

New Update
samaragni pala-2

പാലാ: മീനച്ചിലാറിന്റെ തീരം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ജനക്കൂട്ടത്തിന്റെ നടുവിലേക്കാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും സമരാഗ്നി പ്രക്ഷോഭയാത്രയുമായി എത്തിയത്. ത്രിവർണ്ണ ശോഭയിൽ മുങ്ങിയ പുഴക്കര മൈതാനം പ്രവർത്തകരെ കൊണ്ട് നിറഞ്ഞ് കവിഞ്ഞു.വാദ്യമേളങ്ങളാൽ മുഖരിതമായി.

Advertisment

pc vishnunath pala

എഐസിസി ജനറൽ സെക്രട്ടറി പി.സി. വിഷ്ണുനാഥ് എംഎൽഎ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വനാതിർത്തി പ്രദേശത്തെ കർഷകരും ജനങ്ങളും വന്യമൃഗങ്ങൾക്കും ചെകുത്താനും നടുവിലാണെന്ന് വിഷ്ണുനാഥ് പറഞ്ഞു. ബോധമില്ലാത്ത മൃഗങ്ങൾ മനുഷ്യരെ ആക്രമിച്ചു കൊലപ്പെടുത്തുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ നിസ്സംഗത പാലിക്കുന്നു.

samaragni pala

പരിയാരം സഹകരണ മെഡിക്കൽ കോളജിനെതിരെ സിപിഎം നടത്തിയ സമരം അക്രമാസക്തമായപ്പോൾ  പോലീസ് വെടിവെപ്പിൽ അഞ്ചുപേർ മരിച്ചു. ഇന്നത്തെ ധനമന്ത്രി ബാലഗോപാൽ ഉൾപ്പെടെയുള്ളവരാണ് വിദ്യാഭ്യാസമേഖല കുത്തകൾക്ക് അടിയറവ് വയ്ക്കുന്നതായി ആരോപിച്ച്  സമരത്തിന് നേതൃത്വം നൽകിയത്. ആ ബാലഗോപാൽ തന്നെ കഴിഞ്ഞ ദിവസം നിയമസഭയിൽ അഭിമാനത്തോടെ പറഞ്ഞു വിദേശ സർവകലാശാലകൾ കേരളത്തിലേക്ക് വരുന്നുവെന്ന്. വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെ പോലുള്ളവരോട് നിങ്ങൾക്ക് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളതെന്ന് വിഷ്ണുനാഥ് ചോദിച്ചു.

മതേതര ഭാരതത്തിന്റെ മുഖം തകർക്കുന്ന ബിജെപിയുമായി പിണറായി വിജയൻ സന്ധി ചെയ്തിരിക്കുകയാണ്. അതിന്റെ ബലത്തിലാണ് കൊള്ളയും അഴിമതിയും നടത്തുന്നത്. നമ്മുടെ രാജ്യത്തെ മത രാഷ്ട്രമാക്കി മാറ്റുവാനുള്ള സംഘപരിവാർ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിലാണ് നമ്മളെന്ന് വി.ഡി.സതീശൻ പറഞ്ഞു.

vd satheesan pala

നൂറുകണക്കിന് സ്വാതന്ത്ര്യ സമര സേനാനികൾ ചോരയിൽ എഴുതിവെച്ച മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. മണിപ്പൂരിൽ 254 ദേവാലയങ്ങൾ അഗ്നിക്കിരയാക്കി. നൂറുകണക്കിന് ക്രൈസ്തവരെ കൊന്നൊടുക്കി. തൃശ്ശൂരിൽ കല്യാണത്തിന് പങ്കെടുക്കാൻ സമയം കണ്ടെത്തിയ പ്രധാനമന്ത്രി മണിപ്പൂരിലെ ജനങ്ങൾക്ക് സാന്ത്വനമേകാൻ പോയില്ല. വെടിയുണ്ടകൾ മുഴങ്ങുന്ന തെരുവിലൂടെ നിർഭയനായി കടന്നുചെന്ന് അവരെ ചേർത്തുപിടിച്ചത് രാഹുൽ ഗാന്ധിയാണ്.

vd satheesan pala-2

റബറിന് 250 രൂപ താങ്ങുവില നിശ്ചയിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി സർക്കാരിനിപ്പോൾ റബറിന്റെ കാര്യം കേൾക്കുമ്പോൾ ചതുർത്ഥിയാണ്. കർഷകരെയും കർഷക തൊഴിലാളികളെയും വഞ്ചിച്ച സർക്കാരാണിത്. വർഗീയ ശക്തികളെ ഭാരതത്തിന്റെ മണ്ണിൽ കുഴിച്ചുമൂടുന്നതോടൊപ്പം കേരളത്തിലെ ജനവിരുദ്ധ സർക്കാരിനെതിരെയുള്ള താക്കീത് കൂടിയാകണം പാർലമെന്റ്  തെരഞ്ഞെടുപ്പെന്ന് സതീശൻ പ്രവർത്തകരോട് ആഹ്വാനം ചെയ്തു.

samaragni pala-3

കാസർഗോഡ് നിന്ന് ആരംഭിച്ച യാത്രയിൽ അതാത് പ്രദേശത്തെ അടിസ്ഥാന വിഭാഗം ജനങ്ങളുടെ പ്രശ്നങ്ങൾ കേട്ടാണ് കടന്നുവന്നതെന്ന് കെ.സുധാകരൻ പറഞ്ഞു. ആനയും കടുവയും കാട്ടുപോത്തും ജീവനെടുത്തവരുടെ ഉറ്റവർ, വന്യമൃഗങ്ങൾ നശിപ്പിച്ച കൃഷിക്ക് നഷ്ടപരിഹാരം കിട്ടാത്തവർ, സാമൂഹ്യ പെൻഷനും ശമ്പളവും കിട്ടാത്തവർ, മലപ്പുറത്ത് ഒരു കുട്ടി ഞങ്ങളോട്  പറഞ്ഞു. ഉച്ചക്കഞ്ഞി കിട്ടുന്നില്ലെന്ന്. കുട്ടികളുടെ ഉച്ചക്കഞ്ഞിയുടെ ഫണ്ട് പോലും ധൂർത്തിന് ഉപയോഗിക്കുകയാണ് പിണറായി സർക്കാർ.

k sudhakaran pala

ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഢാലോചന അന്വേഷിച്ചാൽ പിണറായി വിജയൻ അകത്താകുമെന്ന് അദ്ദേഹം പറഞ്ഞു. എന്റെ ഇടവും വലവും നിന്ന 28 കുട്ടികളെയാണ് സിപിഎം വെട്ടി കൊലപ്പെടുത്തിയത്. ഉത്തരമലബാറിൽ സിപിഎം നടത്തിയിട്ടുള്ള എല്ലാ കൊലപാതക കേസുകൾക്ക് പിന്നിലും പിണറായി വിജയന് പങ്കുണ്ടെന്ന് സുധാകരൻ ആരോപിച്ചു.

ജോസഫ് വാഴയ്ക്കൻ അധ്യക്ഷത വഹിച്ചു. എംപിമാരായ ആന്റോ ആന്റണി, ജെബി മേത്തർ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്,  എംഎൽഎമാരായ മാണി സി. കാപ്പൻ, ചാണ്ടി ഉമ്മൻ, മോൻസ് ജോസഫ്,
ഷാനിമോൾ ഉസ്മാൻ,  അബ്ദുൽ മുത്തലിഫ്, ദീപ്തി മേരി വർഗീസ്, വി.പി.സജീന്ദ്രൻ, വി.ടി. ബലറാം, കെ.സി. ജോസഫ്, ടോമി കല്ലാനി, ജോസി സെബാസ്റ്റ്യൻ, പി.എം.നിയാസ്, ജമീല ആരിപ്പറ്റ, പഴകുളം മധു, കെ.ജയന്ത്, ഐ.കെ രാജു എന്നിവർ പ്രസംഗിച്ചു.

Advertisment