വാഹനത്തിന്റെ ആദ്യ ഡെലിവറി വാഗ്ദാനം പാലിച്ചില്ല: ഡീലർക്ക് പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ

New Update
consumer protection

കോട്ടയം: മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനിയുടെ 2020 മോഡൽ ഥാറിന്റെ ആദ്യഡെലിവറികളിലൊന്നു നൽകാമെന്നു വാഗ്ദാനം നൽകി ബുക്കിംഗ് സ്വീകരിച്ചശേഷം വാഹനം സമയത്തു നൽകാതിരുന്ന വാഹനഡീലർ ഉപയോക്താവിന് 50000 രൂപ നഷ്ടപരിഹാരം നൽകണമെന്നു കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. പാലാ തോട്ടുങ്കൽ സ്വദേശിയായ സാജു ജോസഫിന്റെ പരാതിയിലാണു ഡീലറായ ഇറാം മോട്ടോഴ്സിന് ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ പിഴ ചുമത്തിയത്.

Advertisment

മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനിയുടെ ഥാർ സി.ആർ.ഡി.ഇ 2020 മോഡൽ വാഹനത്തിന്റെ പരസ്യം കണ്ട് കോട്ടയത്തെ ഡീലറെ സമീപിച്ചപ്പോൾ 2020 ഒക്ടോബർ രണ്ടിനേ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിംഗ് ആരംഭിക്കുള്ളുവെന്നും 10000 രൂപ പ്രീ ബുക്കിംഗ് ആയി നൽകുകയാണെങ്കിൽ ഇന്ത്യയിൽ നിരത്തിലിറക്കുന്ന ആദ്യ വാഹനങ്ങളിൽ ഒന്ന് നൽകാമെന്ന് അറിയിക്കുകയുമായിരുന്നു.

ഔദ്യോഗിക ബുക്കിംഗ് 2020 ഒക്ടോബർ രണ്ടിന് ആരംഭിച്ചുവെങ്കിലും ഇറാം മോട്ടോഴ്സ് വാഹനം ബുക്ക് ചെയ്തത് 2020 നവംബർ 30നാണ്. ബുക്കിംഗ് വൈകിയതിനാൽ 2021 ഫെബ്രുവരി പത്തൊൻപതിനേ വാഹനം ലഭിക്കുകയുള്ളുവെന്ന് ഡീലർ പരാതിക്കാരനെ അറിയിച്ചു. ഇതേത്തുടർന്നാണ് കമ്പനിയുടെ നിബന്ധനകൾക്ക് വിരുദ്ധമായിട്ടാണ് ഡീലർ പ്രീബുക്കിംഗ് ആയി 10000/ രൂപ കൈപ്പറ്റിയതെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരൻ കമ്മിഷനെ സമീപിച്ചത്. 

ഔദ്യോഗിക ബുക്കിംഗ് നിർമാതാക്കൾ സ്വീകരിച്ചു തുടങ്ങും മുമ്പേ ബുക്കിംഗ് പണം പരാതിക്കാരനിൽനിന്നു സ്വീകരിക്കുകയും പിന്നീടു വാഹനം ബുക്ക് ചെയ്യാതെ വാഹനത്തിന്റെ ആദ്യ ഡെലിവറികളിലൊന്ന് പരാതിക്കാരന് ലഭിക്കുമെന്ന് ഉറപ്പുവരുത്താതെയുമുള്ള പ്രവർത്തി സേവനന്യൂനതയും അനുചിത വ്യാപാരനയവുമാണെന്ന് കമ്മിഷൻ കണ്ടെത്തി.

എതിർകക്ഷികളായ ഇറാം മോട്ടോഴ്സ് പരാതിക്കാരനിൽനിന്നു കൈപ്പറ്റിയ 21000/ രൂപ ഒമ്പതുശതമാനം പലിശനിരക്കിലും 50,000/ രൂപ നഷ്ടപരിഹാരവും 5000/ രൂപ കോടതിച്ചെലവും നൽകാനും  വി.എസ് മനുലാൽ പ്രസിഡന്റും ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ കോട്ടയം ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ ഉത്തരവിടുകയായിരുന്നു.

Advertisment