കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇലക്‌ട്രോണിക് മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പരസ്യങ്ങൾക്ക് പ്രീസർട്ടിഫിക്കേഷൻ നിർബന്ധം. വോട്ടെടെടുപ്പിന്റെ അന്നും തലേന്നുമുള്ള അച്ചടിമാധ്യമങ്ങളിലെ പരസ്യങ്ങൾക്കും പ്രീസർട്ടിഫിക്കേഷൻ നിർബന്ധം.
ഇലക്‌ട്രോണിക് മാധ്യമങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പരസ്യങ്ങൾ സർട്ടിഫൈ ചെയ്യാനും അച്ചടി-ഇലക്‌ട്രോണിക് മാധ്യമങ്ങളിൽ പണം നൽകി വാർത്തകൾ (പെയ്ഡ് ന്യൂസുകൾ) പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം/പ്രക്ഷേപണം നടത്തുകയോ ചെയ്യുന്നുണ്ടോയെന്നു പരിശോധിക്കാനും ഇതുസംബന്ധിച്ച പരാതികൾ പരിശോധിക്കാനും ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി.) രൂപീകരിച്ചിട്ടുണ്ട്.
ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി സമിതി ചെയർമാനും തെരഞ്ഞെടുപ്പു മീഡിയ നോഡൽ ഓഫീസറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ മെമ്പർ സെക്രട്ടറിയുമാണ്.
കോട്ടയം സബ് കളക്ടർ ഡി. രഞ്ജിത്ത്, ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ അജി ജേക്കബ് കുര്യൻ, കേന്ദ്ര വാർത്താവിതരണ മന്ത്രാലയം ഫീൽഡ് പബ്ലിസിറ്റി ഓഫീസർ എം. സ്മിതി, മാധ്യമപ്രവർത്തകനും കോട്ടയം പ്രസ് ക്ലബ് സ്രെകട്ടറിയുമായ റോബിൻ തോമസ് പണിക്കർ എന്നിവർ അംഗങ്ങളുമാണ്.
സ്ഥാനാർഥികളും രാഷ്ട്രീയപാർട്ടികളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കേബിൾ-ടിവി ചാനലുകൾ, റേഡിയോ, സോഷ്യൽമീഡിയ, ഇ-ന്യൂസ് പേപ്പർ, ബൾക്ക് എസ്.എം.എസ്, വോയിസ്‌മെസേജ് എന്നിവയടക്കമുള്ള ഇലക്‌ട്രോണിക് മാധ്യമങ്ങളും സിനിമാതീയറ്ററുകളുംവഴി പരസ്യങ്ങൾ സംപ്രേഷണം/പ്രക്ഷേപണം ചെയ്യുന്നതിനും പൊതുസ്ഥലങ്ങളിൽ ശ്രവ്യ-ദൃശ്യ പരസ്യങ്ങൾ പ്രദർശിപ്പിക്കുതിനും എം.സി.എം.സി.യുടെ മുൻകൂർ സർട്ടിഫിക്കേഷൻ(പ്രീ സർട്ടിഫിക്കേഷൻ) നിർബന്ധമാണ്.
എം.സി.എം.സി. ജില്ലാതല കമ്മിറ്റിയാണ് പ്രീ സർട്ടിഫിക്കേഷനുള്ള അപേക്ഷ സ്വീകരിക്കുന്നതും സർട്ടിഫിക്കറ്റ് നൽകുന്നതും. അപേക്ഷ നൽകി 24 മണിക്കൂറിനകം സർട്ടിഫിക്കേഷൻ നൽകും. എം.സി.എം.സി. മെമ്പർ സെക്രട്ടറിയായ ജില്ലാ ഇൻഫർമേഷൻ ഓഫീസറുടെ കളക്‌ട്രേറ്റിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്. കെ.കെ്. റോഡിന് സമീപം കളക്‌ട്രേറ്റിന് എതിർവശത്തുള്ള രജിസ്‌ട്രേഷൻ കോംപ്ലക്‌സിന്റെ പുതിയ മന്ദിരത്തിലെ മൂന്നാംനിലയിലാണ് എം.സി.എം.സി. സെൽ പ്രവർത്തിക്കുന്നത്.
പരസ്യം നൽകുന്നത് സ്ഥാനാർഥികളോ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളോ ആണെങ്കിൽ ടെലികാസ്റ്റ് ചെയ്യുന്നതിന് കുറഞ്ഞത് മൂന്നുദിവസം മുമ്പ് അപേക്ഷ സമർപ്പിക്കണം. പരസ്യം നൽകുന്നത് മറ്റ് സംഘടനകളാണെങ്കിൽ ടെലികാസ്റ്റിന് ഏഴുദിവസം മുൻപ് സമർപ്പിക്കണം. തെരഞ്ഞെടുപ്പിന്റെ തലേദിവസവും(ഏപ്രിൽ 25) തെരഞ്ഞെടുപ്പു ദിവസവും(ഏപ്രിൽ 26) പത്രങ്ങളിൽ പരസ്യം പ്രസിദ്ധീകരിക്കുന്നതിന് എം.സി.എം.സി. സർട്ടിഫിക്കേഷൻ നിർബന്ധമാണ്.
തെരഞ്ഞെടുപ്പിന്റെ തലേദിവസവും തെരഞ്ഞെടുപ്പു ദിവസവും മാത്രമാണ് അച്ചടിമാധ്യമ/പത്ര പരസ്യങ്ങൾക്ക് പ്രീ സർട്ടിഫിക്കേഷൻ വേണ്ടത്. വോട്ടെടുപ്പു ദിവസവും തലേദിവസവും പരസ്യങ്ങൾ പത്രങ്ങളിൽ പ്രസിദ്ധീകരിക്കണമെങ്കിൽ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നതിന് രണ്ടുദിവസം മുമ്പെങ്കിലും സമർപ്പിക്കേണ്ടതാണ്.
പ്രീസർട്ടിഫിക്കേഷന് Annexure - A പ്രകാരം നിർദിഷ്ട മാതൃകയിലുള്ള അപേക്ഷയാണ് നൽകേണ്ടത്. വീഡിയോകൾക്കും വോയിസ്‌മെസേജിനും ഓഡിയോമെസേജിനും പ്രീ സർട്ടിഫിക്കേഷനായി സ്‌ക്രിപ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ടു പകർപ്പ്, വീഡിയോ/ഓഡിയോ എന്നിവയുടെ ഇലക്‌ട്രോണിക് രൂപത്തിലുള്ള രണ്ടുപതിപ്പ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.
എസ്.എം.എസിന് സ്‌ക്രിപ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ടു പകർപ്പ് സഹിതമാണ് അപേക്ഷ നൽകേണ്ടത്. പരസ്യം പ്രദർശിപ്പിക്കുന്നതിനുള്ള പണം ചെക്കായോ ഡിമാൻഡ് ഡ്രാഫ്റ്റായോ മാത്രമേ നൽകൂ എന്നു വ്യക്തമാക്കു പ്രസ്താവനയും ഇതോടൊപ്പം ഉണ്ടാകണം. തെരഞ്ഞെടുപ്പിന്റെ തലേദിവസവും തെരഞ്ഞെടുപ്പു ദിവസവും അച്ചടിമാധ്യമങ്ങളിൽ/പത്രങ്ങളിൽ പരസ്യം പ്രസിദ്ധീകരിക്കുന്നതിന് പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന പരസ്യത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ടു കോപ്പി സഹിതമാണ് അപേക്ഷ നൽകേണ്ടത്.
ഇവ പരിശോധിച്ചാണ് എം.സി.എം.സി. ജില്ലാസെൽ അപേക്ഷ നൽകി 24 മണിക്കൂറിനകം അനുമതി നൽകുക. മാതൃകാ പെരുമാറ്റച്ചട്ടലംഘനം പരസ്യത്തിൽ കണ്ടെത്തിയാൽമാറ്റങ്ങൾ വരുത്തി വീണ്ടും നൽകുന്നതിന് നിർദേശം രേഖാമൂലം നൽകും. സംശയങ്ങൾക്ക് 94960032092, 9495119702 (ജില്ല ഇൻഫർമേഷൻ ഓഫീസർ-അരുൺകുമാർ എ), 9847998894 (ഷിബു ഇ.വി.-അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുതാണ്.