കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ 85 വയസുപിന്നിട്ട മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും (നിശ്ചിത മാനദണ്ഡത്തിനു മുകളിലുള്ളവർ) വീടുകളിൽ തന്നെ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള പൂരിപ്പിച്ച 12 ഡി അപേക്ഷകൾ ഏപ്രിൽ ഒന്നിനകം തിരികെ ലഭിച്ചിരിക്കണം.
അസന്നിഹിത (അബ്സെന്റീ) വോട്ടർമാരുടെ വിഭാഗത്തിൽപ്പെട്ടവർക്ക് ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ) മുഖേന വിതരണം ചെയ്യുന്നതിനുള്ള നടപടികൾ തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നതിനു പിന്നാലെ ആരംഭിച്ചിരുന്നു. പൂരിപ്പിച്ച അപേക്ഷകൾ ബി.എൽ.ഒമാർ തന്നെ ശേഖരിച്ച് ബന്ധപ്പെട്ട ഇലക്ട്രറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ (ഇ.ആർ.ഒ)ക്ക് ഏപ്രിൽ ഒന്നിനകം നൽകേണ്ടതാണ്.
12 ഡി ഫോമിൽ നിർദിഷ്ട വിവരങ്ങൾ രേഖപ്പെടുത്തി റിട്ടേണിങ് ഓഫീസർമാർക്കു സമർപ്പിച്ചിട്ടുള്ള അപേക്ഷകളാണു അസന്നിഹിതരായ വോട്ടർമാരുടെ പട്ടികയിൽ വോട്ട് രേഖപ്പെടുത്താൻ പരിഗണിക്കുക. ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ്. ഇതിനുമുമ്പുള്ള ദിവസമായിരിക്കും അന്നഹിത വോട്ടർമാർക്ക് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുന്നത്.
ഇവർക്കു മുൻകൂട്ടി അറിയിപ്പ് നൽകിയശേഷം ഇവർ താമസിക്കുന്ന സ്ഥലത്തെത്തി വോട്ടു ചെയ്യുന്നതിന് ക്രമീകരണം ഏർപ്പെടുത്തും. രണ്ടു പോളിങ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്‌സർവർ, വീഡിയോഗ്രാഫർ, ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന സംഘമായിരിക്കും വോട്ടു രേഖപ്പെടുത്താനായി താമസസ്ഥലത്ത് എത്തുക.