കോട്ടയം മെഡിക്കല്‍ കോളജിലെ ഭൂഗര്‍ഭ പാതയുടെ നിര്‍മ്മാണം അതിവേഗം പൂര്‍ത്തിയാകുന്നു. ചൊവ്വാഴ്ച മുതല്‍ മെഡിക്കല്‍ കോളജിനു മുന്നിലൂടെയുള്ള ഗതാഗതത്തിനു പൂര്‍ണ നിരോധനം. 18 മീറ്റര്‍ നീളത്തിലും 5 മീറ്റര്‍ വീതിയിലുമുള്ള അടിപ്പാത യാഥാര്‍ഥ്യമാകുന്നതോടെ മെഡിക്കല്‍ കോളജിന് മുന്നിലെ അപകടങ്ങള്‍ ഒഴിവാകും...

New Update
kottayam medical college

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുന്നിലെ ഭൂഗര്‍ഭ പാത നിര്‍മാണം അതിവേഗം. പാതയുടെ നിര്‍മാണം പ്രവര്‍ത്തനങ്ങള്‍ നാളെ മുതല്‍ ആരംഭിക്കും. നിര്‍മ്മാണത്തോടനുബന്ധിച്ച് നാളെ മുതല്‍ മെഡിക്കല്‍ കോളജിനു മുന്നിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. 

Advertisment

ഇതുവഴി പോകേണ്ട ബസുകള്‍, ആമ്പുലന്‍സ് എന്നിവ ആര്‍പ്പൂക്കര ബസ് സ്റ്റാന്‍ഡിന്റെ ഉള്ളില്‍ കൂടിയും ചെറു വാഹനങ്ങള്‍ കുടമാളൂര്‍ മാന്നാനം റോഡ് വഴിയും പോകണമെന്നാണ് പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജീനിയറുടെ അറിയിപ്പ്. മെഡിക്കല്‍ കോളജില്‍ എത്തുന്ന രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള ഭൂഗര്‍ഭ പാതയുടെ നിര്‍മാണ ഉദ്ഘാടനം കഴിഞ്ഞ ഒമ്പതിനാണു നടന്നത്. 

ആറു മാസമാണ് നിര്‍മാണ കാലാവധിയെങ്കിലും മൂന്നു മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നു കരാറുകാരന്‍ അറിയിച്ചതായി ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞിരുന്നു. 1.29 കോടി രൂപ ചെലവിട്ടാണു ഭൂഗര്‍ഭ പാതയുടെ നിര്‍മാണം.

ആശുപത്രി അത്യാഹിത വിഭാഗത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിനരികെയുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍ മന്ദിരത്തിനു സമീപത്തുനിന്നാണു തുടങ്ങുന്നത്.

അവിടെ നിന്നു മെഡിക്കല്‍ കോളജ് ബൈപ്പാസ് റോഡ് കുറുകെ കടന്ന് ബസ് സ്റ്റാന്‍ഡിന്റെ പ്രവേശനകവാടത്തിനു സമീപം അവസാനിക്കുന്ന രീതിയിലാണ് പാത രൂപകല്‍പന ചെയ്തിട്ടുള്ളത്. 18.576 മീറ്ററാണു ഭൂഗര്‍ഭപാതയുടെ ആകെ നീളം. അഞ്ചുമീറ്ററാണു വീതി. ഉയരം 3.5 മീറ്ററും.

പാതയില്‍ ആധുനിക രീതിയിലുളള വെളിച്ചസംവിധാനങ്ങള്‍ ഒരുക്കും. രോഗികള്‍ക്കു ബുദ്ധിമുട്ട് ഉണ്ടാകുന്ന പക്ഷം വിശ്രമിക്കുന്നതിനുള്ള ഇരിപ്പിടങ്ങളും പാതയ്ക്കുള്ളില്‍ ഒരുക്കും. ഒ.പിയിലെത്തുന്ന മൂവായിരം പേരടക്കം ഏഴായിരത്തോളം പേരാണു മെഡിക്കല്‍ കോളജില്‍ പ്രതിദിനം സന്ദര്‍ശനത്തിനെത്തുന്നത്.

വാഹനങ്ങളുടെയും റോഡ് കുറുകെ കടക്കുന്ന കാല്‍നടക്കാരുടെയും ബാഹുല്യം കൊണ്ട് നിരവധി അപകടങ്ങള്‍ക്കു വഴിവച്ചിരുന്ന മെഡിക്കല്‍ കോളജിനു മുന്നിലെ റോഡില്‍ അടിപ്പാത വേണമെന്നു ദീര്‍ഘനാളായുള്ള ആവശ്യമായിരുന്നു.

Advertisment