Advertisment

കോട്ടയത്ത് പട നയിക്കാന്‍ വരും നേതാക്കളുടെ വന്‍ പട. രാഹുല്‍ ഗാന്ധി എത്തുമെന്ന പ്രതീക്ഷയോടെ യുഡിഎഫ്. എന്‍ഡിഎ രംഗത്തിറക്കുക കേന്ദ്രമന്ത്രി അമിത് ഷായെ. ചാഴികാടനായി പിണറായി വിജയനും സീതാറാം യെച്ചൂരിയും ഡി രാജയും മുതല്‍

New Update
d raja sitaram yechuri pinarai vijayan rahul gandhi amith shah

കോട്ടയം: വിശുദ്ധ വാരത്തിലെ നിശബ്ദ പ്രചാരണത്തിനു വിട, പൊടിപാറും പോരാട്ടത്തിലെ പട നയിക്കാന്‍ സംസ്ഥാന, ദേശീയ നേതാക്കള്‍ കോട്ടയത്തെത്തും. തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ സജീവമാക്കുന്നതിനൊപ്പമാണു മുന്നണികള്‍ നേതാക്കളെ എത്തിക്കുന്നത്.

Advertisment

ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന യോഗങ്ങളും റോഡ് ഷോകളും തെരഞ്ഞെടുപ്പിന്റെ ഓളം വര്‍ധിപ്പിക്കുമെന്നതാണ് നേതാക്കള്‍ക്കായി വലവീശാന്‍ സ്ഥാനാര്‍ഥികളെയും മുന്നണികളെയും പ്രേരിപ്പിക്കുന്നത്.


രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളെ എത്തിക്കാന്‍ യുഡിഎഫ് ശ്രമിക്കുമ്പോള്‍ എല്‍ഡിഎഫിനു വേണ്ടി സിപിഎം അഖിലേന്ത്യ സെക്രട്ടറി സീതാറാം യച്ചൂരി ഉള്‍പ്പെടെ പ്രചാരണത്തിനെത്തും. എന്‍ഡിഎ ക്യാമ്പ്  കേന്ദ്രമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവരെയാകും രംഗത്തിറക്കുക.

രാജ്യമെമ്പാടും പ്രചാരണത്തിനെത്തുന്നതിനൊപ്പം കോട്ടയം, ഇടുക്കി, പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങള്‍ക്കായി രാഹുല്‍ ഗാന്ധിയെ എത്തിക്കാനുള്ള ശ്രമമാണു യുഡിഎഫ്. നടത്തുന്നത്. കൂടുതല്‍ മണ്ഡലങ്ങളില്‍ പ്രചാരണത്തിനു സന്നദ്ധനായാല്‍ എ.കെ ആന്റണിയും എത്തിയേക്കും.

ഏപ്രില്‍ രണ്ടാം വാരം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മണ്ഡലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിക്കും. രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ്, സി.പി ജോണ്‍, ഷിബു ബേബി ജോണ്‍ തുടങ്ങിയ നേതാക്കളും എത്തും.


എല്‍ഡിഎഫിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അഞ്ചിനു രാവിലെ പത്തിനു തലയോലപ്പറമ്പിലും നാലിനു പാലായിലും ആറിനു കോട്ടയത്തും പ്രസംഗിക്കും. സിപിഎം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എം.എ. ബേബി, സി.പി.ഐ. അഖിലേന്ത്യ സെക്രട്ടറി ഡി. രാജ, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരും വരും.


എന്‍ഡിഎ സ്ഥാനാര്‍ഥിയ്ക്കായി ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങ് തുടങ്ങിയവര്‍ എത്തുമെന്നാണു സുചന. കൂടുതല്‍ ദേശീയ നേതാക്കളെ എത്തിക്കാനുള്ള ശ്രമം എന്‍.ഡി.എ. ക്യാമ്പ് നടത്തുന്നുണ്ട്.

Advertisment