Advertisment

പരലോകവും ബ്ലാക്ക് മാജിക്കും ആസ്ട്രല്‍ പ്രൊജക്ഷനും ! അന്ധവിശ്വാസങ്ങളുടെ പേരില്‍ നടക്കുന്നതു മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകങ്ങള്‍. നവീനും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും ഒടുവിലത്തെ ഇരകള്‍

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
naveen devi arya-2

കോട്ടയം: പരലോകവും ബ്ലാക്ക് മാജിക്കും ആസ്ട്രല്‍ പ്രൊജക്ഷനും, കേരളത്തില്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെയും അല്ലാതെയും വ്യാപിക്കുന്ന അന്ധവിശ്വാസങ്ങളുടെ ഒടുവിലത്തെ ഇരകളാണു മീനടം മൂന്നാംമൈലിനു സമീപം നെടുംപായ്കയില്‍ തോമസിന്റെ മകന്‍ നവീനും ഭാര്യ ദേവിയും ഇവരുടെ സുഹൃത്ത് ആര്യയും. മൂവരും ഉന്നത വിദ്യാഭ്യാസമുള്ളവര്‍, സമ്പന്നര്‍ എന്നിട്ടും ബ്ലാക്ക് മാജിക്കിലും പുനര്‍ജന്മം പോലെയുള്ള ചിന്തകളില്‍ ആകൃഷ്ടരായി ജീവനൊടുക്കുകയായിരുന്നു.

Advertisment

2017 -ല്‍ കേരളത്തെ ഒന്നാകെ ഞെട്ടിച്ച തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലപാതകത്തിലൂടെയാണ് ബ്ലാക്ക് മാജിക്ക് ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്നൊക്കെ കേരളം കേട്ടു തുടങ്ങിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു സമീപത്തുള്ള വീട്ടില്‍ അതിക്രൂരമായി കൊല്ലപ്പെട്ടതു നാലു പേരാണ്. പിടിയിലായി പ്രതി കേഡല്‍ ജിന്‍സണ്‍ രാജയെ മലയാളി അത്ര പെട്ടെന്നു മറക്കാന്‍ ഇടയില്ല.

പ്രാഫ. രാജ തങ്കം, ഭാര്യ ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധുമായ ലളിത എന്നിവരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയത്. അച്ഛനമ്മമാരെയും സഹോദരിയേയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ച് കളയുകയായിരുന്നു. ലളിതയെ തലയ്ക്കടിച്ച് കൊന്നു.

jinson raja.

നന്തന്‍കോട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പിന്നീട് പേടിപ്പെടുത്തുന്ന കഥകളാണ് പുറത്തു വന്നത്. കമ്പ്യൂട്ടര്‍ ഗെയിം ഭ്രാന്തനായ കേഡല്‍ സാത്താന്‍ സേവ നടത്തിയിരുന്നുവെന്നും അതിന്റെ ഭാഗമായാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നും അവിശ്വസനീയമായ പല കഥകളും പ്രചരിച്ചു. പോലീസും ഇത്തരം കഥകള്‍ക്ക് പിന്നാലെ കുറേക്കാലം നടന്നു.

പീന്നീട് കേരളം നടുങ്ങിയത് 2022 ല്‍ പത്തനംതിട്ട ഇലന്തൂര്‍ നരബലി കേസ് പുറത്തുവന്നതോടെയാണ്. ക്രിമിനല്‍ കേസിലെ മിക്കവാറും എല്ലാ വകുപ്പുകളും ചേര്‍ത്ത ഇലന്തൂര്‍ നരബലി കേസില്‍ പ്രതികള്‍ കുറ്റകൃത്യം നടത്തിയതു നരബലി നടത്തിയാല്‍ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്ന അന്ധവിശ്വാസത്തിന്റെ പേരിലായിരുന്നു. രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊന്ന് കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. കൊല്ലപ്പെട്ട സ്ത്രീകള്‍ ലോട്ടറി കച്ചവടക്കാരായിരുന്നു.

പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫി (53) ആണ് കേസിലെ ഒന്നാംപ്രതി. തിരുമ്മുചികിത്സകന്‍ ഇലന്തൂര്‍ പുളിന്തിട്ട കടകംപിള്ളില്‍ ഭഗവല്‍സിങ് (71), ഭാര്യ ലൈല (67) എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. ക്രൂരതയിലൂടെയുള്ള ആനന്ദവും പണവുമായിരുന്നു ഷാഫിയുടെ ലക്ഷ്യം. സാമ്പത്തിക ഉന്നതിയും ഐശ്വര്യവുമായിരുന്നു മറ്റു രണ്ടു പ്രതികളുടെയും ഉന്നം. ആഭിചാരക്കൊല നടത്തണമെന്നു നിര്‍ദേശിച്ചത് ഷാഫിയാണെന്നും പത്മയുടെ മാംസം പ്രതികള്‍ പാകംചെയ്ത് കഴിച്ചെന്നും പോലീസ് നല്‍കിയ കുറ്റപത്രത്തിലുണ്ട്.

laila muhammad shafi bhavath singh

കഴിഞ്ഞ മാര്‍ച്ച് രണ്ടിന് നടന്ന വെറുമൊരു മോഷണക്കേസിനു പിന്നാലെ പോയ പോലീസ് കണ്ടെത്തിയത് ആഭിചാര കര്‍മ്മങ്ങളുപേരില്‍ നടന്ന ഇരട്ടക്കൊലപാതകമാണ്.മാര്‍ച്ച് രണ്ടിന് പുലര്‍ച്ചെ 4.30ന് ആണ് കട്ടപ്പനയിലെ വര്‍ക്ഷോപ്പില്‍ മോഷണശ്രമത്തിനിടെ നിതീഷ്, വിഷ്ണു എന്നിവര്‍ പിടിയിലാകുന്നത്.

മോഷണക്കേസിലെ പ്രതികളായ ഇരുവരെയും കേന്ദ്രീകരിച്ച് കൂടുതല്‍ അനേ്വഷണത്തിന് വിഷ്ണുവിന്റെ വീട്ടീല്‍ എത്തിയ പോലീസ് സംഘം അമ്മ സുമയെയും സഹോദരിയെയും കണ്ടെത്തി. വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ ഒറ്റമുറിയില്‍ പൂട്ടിയിട്ട നിലയിലായിരുന്നു ഇവര്‍. ഇവര്‍ക്കൊപ്പം പിതാവ് വിജയനെ കാണാതിരുന്നത് ബന്ധുക്കളില്‍ സംശയം ജനിപ്പിച്ചു.

വീട്ടില്‍നിന്നു പുറത്തിറങ്ങാതെ കഴിഞ്ഞിരുന്ന സുമയില്‍ നിന്നും മകളില്‍ നിന്നും കൊലപാതകം സംബന്ധിച്ച് ചില സൂചനകള്‍ ലഭിച്ചെങ്കിലും ഒറ്റപ്പെട്ട ജീവിതം നയിച്ച് മാനസികമായി തളര്‍ന്ന നിലയിലായിരുന്ന ഇവരുടെ മൊഴി വിശ്വാസയോഗ്യമായിരുന്നില്ല. തുടര്‍ന്ന് മോഷണക്കേസില്‍ റിമാന്‍ഡിലായിരുന്ന നിതീഷിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെയാണ് ഇരട്ടക്കൊലപാതകം മറനീക്കി പുറത്തുവന്നത്.

ഏകദേശം 10 വര്‍ഷം മുന്‍പ് വിജയന്റെ മകളുടെ കയ്യിലെ ബുദ്ധിമുട്ട് പൂജാ കർമ്മങ്ങളിലൂടെ മാറ്റാമെന്നു വിശ്വസിപ്പിച്ച് നിതീഷ് അവരുടെ കുടുംബത്തിനൊപ്പം ചേരുന്നുത്. പിന്നീട് 2016 വിജയന്റെ മകളില്‍ നിതീഷിന് കുഞ്ഞ് ജനിച്ചു. എന്നാല്‍, അഞ്ചുദിവസം പ്രായമുള്ള കുഞ്ഞിനെ നിതീഷ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടുകയായിരുന്നു.

nitheesh

തുടര്‍ന്ന് കുഞ്ഞിൻ്റെ കൊലപാതകശേഷം വിജയനും കുടുംബവും സാഗരാ ജങ്ഷനിലെ ഭൂമിയും വീടും വിറ്റ് കക്കാട്ടുകടയിലെ വാടകവീട്ടിലേക്ക് മാറി. 2023 ഓഗസ്റ്റില്‍ വാടകവീട്ടില്‍വച്ച് വിജയനെ നിതീഷ് ചുറ്റികയ്ക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയും ചെയ്തു.

മുഖ്യപ്രതി നിതീഷ് ആഭിചാരക്രിയകളിലൂടെ പെണ്‍കുട്ടിയെ സ്വന്തമാക്കുന്ന ദുര്‍മന്ത്രവാദിയുടെ കഥപറയുന്ന നോവല്‍ എഴുതിയിരുന്നു. ഒരു ഓണ്‍ലൈന്‍ സൈറ്റിലാണു മഹാമാന്ത്രികമെന്ന പേരില്‍ നോവല്‍ നിതീഷ് പ്രസിദ്ധീകരിച്ചത്. 2018 ല്‍ പ്രസിദ്ധികരിച്ച നോവല്‍ അരലക്ഷത്തോളം പേരാണു വായിച്ചത്.

ഓണ്‍ലൈന്‍ സൈറ്റില്‍ പ്രസിദ്ധികരിച്ച നോവലില്‍ അടിമുടി ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളും പകപോക്കലുമാണ് ഉള്ളടക്കം. ഇതേ രീകളാണ് പിന്നീട് നിതീഷ് കൊലപാതകത്തിനും ഉപയോഗിച്ചതും.

Advertisment