Advertisment

ഇടമറ്റം പൊന്‍മല - കോട്ടേമാപ്പിലക കുടിവെള്ള പദ്ധതിയുടെ മോട്ടോറും പമ്പ് ഹൗസും തകര്‍ന്ന് കിണറ്റിലേയ്ക്ക് വീണ് കുടിവെള്ള വിതരണം പൂര്‍ണമായും നിലച്ചു. കനത്ത മഴയില്‍ പമ്പ് ഹൗസും കിണറും തകര്‍ന്നതോടെ 4 ലക്ഷം രൂപയുടെ നഷ്ടം

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
drinking water project idamattam-3.j

പാലാ: മീനച്ചില്‍ പഞ്ചായത്തിലെ പ്രധാന കുടിവെള്ള പദ്ധതികളിലൊന്നായ പൊന്‍മല - കോട്ടേമാപ്പിലക കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസും മോട്ടോറും തകര്‍ന്ന് കുടിവെള്ള വിതരണം അവതാളത്തിലായി.

Advertisment

പദ്ധതിയുടെ ചീങ്കല്ലേല്‍ സ്ഥാപിച്ചിരുന്ന മോട്ടോറും പമ്പ് ഹൗസും അടിത്തറയോടെ തകര്‍ന്ന് കിണറ്റിലേയ്ക്ക് വീണതോടെ പദ്ധതിയുടെ സ്രോതസ് പൂര്‍ണമായും തകര്‍ന്നു. കിണറിന്‍റെ മുകള്‍ ഭാഗം കൂടി തകര്‍ന്ന് കിണറ്റിലേയ്ക്ക് വിണതോടെ കുടിവെള്ള വിതരണം പൂര്‍ണമായും നിലച്ചു. 

drinking water project idamattam

ഇനി കുടിവെള്ള വിതരണം പുനരാരംഭിക്കണമെങ്കില്‍ കിണര്‍ വീണ്ടും മുകള്‍ ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് സ്രോതസ് വൃത്തിയാക്കുകയും പമ്പ് ഹൗസും മോട്ടോറും പുനസ്ഥാപിക്കുകയും വേണം.

കഴിഞ്ഞ ദിവസങ്ങളിലെ തുടര്‍ച്ചയായ മഴയിലാണ് മോട്ടോര്‍ പുരയും കിണറിന്‍റെ മുകള്‍ ഭാഗവും ഉള്‍പ്പെടെ തകര്‍ന്നതെന്ന് കരുതുന്നു. ഉദ്ദേശം 4 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായും സര്‍ക്കാര്‍ സഹായമില്ലാതെ കുടിവെള്ള വിതരണം പുനസ്ഥാപിക്കാന്‍ പറ്റാത്ത സ്ഥിതാണെന്നും ഗുണഭോക്തൃസമിതി പ്രസിഡന്‍റ് തൊമ്മച്ചന്‍ വരകില്‍ പറഞ്ഞു. 

drinking water project idamattom-2

മറ്റത്തില്‍ കോളനി മുതല്‍ തണ്ണിപ്പാറ, മുട്ടിയാനിക്കുന്ന്, മുകളേല്‍ പീടിക, പുലിക്കുന്ന് തുടങ്ങി കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലായി 90 ലേറെ ഗുണഭോക്താക്കളുടെ ഏക ആശ്രയമായിരുന്നു പൊന്‍മല - കോട്ടേമാപ്പിലക കുടിവെള്ള പദ്ധതി. ഇതില്‍ 56 ഓളം ഗുണഭോക്താക്കള്‍ സ്വന്തമായി കുടിവെള്ള സ്രോതസ് ഇല്ലാത്തതിനാല്‍ ഈ പദ്ധതിയെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ്. 

drinking water project idamattam-4.

കുടിവെള്ള വിതരണം മുടങ്ങുന്നതോടെ ഇത്രയധികം കുടുംബങ്ങളുടെ കുടിവെള്ള ലഭ്യതയാണ് പൂര്‍ണമായും നിലയ്ക്കുന്നത്. അധികൃതരുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

drinking water project idamattam-5.

മഴയില്‍ പൂര്‍ണമായും തകര്‍ന്ന പൊന്‍മല - കോട്ടേമാപ്പിലക കുടിവെള്ള പദ്ധതിയുടെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ഒഴിവായാല്‍ ഉടന്‍ അനുഭാവപൂര്‍വ്വമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് സാജോ പൂവത്താനി പറഞ്ഞു.

 

 

Advertisment