/sathyam/media/media_files/RH8XJVsI3KRALDelMb8W.jpg)
സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അടിയന്തിര പഞ്ചായത്ത് കമ്മിറ്റി യോഗം വിളിച്ചു ചേര്‍ക്കാന്‍ പ്രസിഡന്‍റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വൈസ് പ്രസിഡന്‍റ് ബെന്നി മുണ്ടത്താനം പറഞ്ഞു.
യോഗത്തില്‍ പഞ്ചായത്ത് അധികാരികളുടെ ഉദാസിനത കാരണം ഒരാള്‍ മരിക്കാനിടയായ സംഭവം ചര്‍ച്ച ചെയ്യുമെന്നും മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ കമ്മറ്റി പരിഗണിക്കുമെന്നും വൈസ് പ്രസിഡന്‍റ് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയാണ് പയപ്പാര്‍ ചെക്ക് ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നുവിടാനുള്ള ശ്രമത്തിനിടെ സമീപവാസിയായ കരൂര്‍ ഉറുമ്പില്‍ ജോസഫ് സ്കറിയാ (രാജു - 53) ഷട്ടറിന്‍റെ പലകകള്‍ക്കുള്ളില്‍ കൈ കുടുങ്ങി മുങ്ങി മരിച്ചത്.
ചെക്കാ ഡാം കരകവിഞ്ഞ് ഒഴുകിയതോടെ ഒന്നരയാള്‍ താഴ്ചയുള്ള ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കുന്നതിനുള്ള ശ്രമത്തിനിടയിലാണ് രാജുവിന്‍റെ മരണം. മഴ ശക്തമാകാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഡാമിനുള്ളില്‍ വെള്ളം നിറയുന്നതിനു മുമ്പ് ഷട്ടറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് നാട്ടുകാര്‍ പലതവണ ഏഴാം വാര്‍ഡ് മെമ്പറോട് ആവശ്യപ്പെട്ടിരുന്നതാണ്. പക്ഷേ നടപടി ഉണ്ടായില്ല; മറുപടി പോലും ലഭിച്ചില്ല.
ഇതോടെ പ്രദേശവാസികളായ ആളുകള്‍ മെമ്പറെ വീട്ടില്‍പോയി കാണുകയും ഷട്ടര്‍ തുറക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ ധിക്കാരപരമായ സമീപനമാണ് മെമ്പറുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഒടുവില്‍ ഡാം കരകവിഞ്ഞ് ഒഴുകാന‍് തുടങ്ങിയപ്പോഴാണ് ഷട്ടര്‍ തുറക്കാന്‍ പഞ്ചായത്ത് അധികൃതര്‍ വാക്കാല്‍ നിര്‍ദേശം നല്കിയത്. ഇതേതുടര്‍ന്നാണ് ഡാമില്‍ മുങ്ങിച്ചെന്ന് ഷട്ടറുകളുടെ പലക ഉയര്‍ത്താന്‍ ഉറുമ്പില്‍ രാജു ശ്രമിക്കുകയും ഒടുവില്‍ പലകകള്‍ക്കുള്ളില്‍ കൈ കുരുങ്ങി മരണം സംഭവിക്കുകയും ചെയ്തത്.
സംഭവത്തെ തുടര്‍ന്ന്, നാട്ടുകാരുടെ ആവശ്യങ്ങളോട് പ്രതികരിക്കാതിരിക്കുകയും ഒരാളുടെ മരണത്തിനിടയാക്കുകയും ചെയ്ത സംഭവത്തില്‍ പഞ്ചായത്ത് മെമ്പര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം കക്ഷി-രാഷ്ട്രീയ ഭേദമന്യെ പ്രദേശത്തുനിന്നും ഉയര്‍ന്നിരുന്നു.
മെമ്പര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കണമെന്ന് വിവിധ സംഘടനകള്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തലാണ് പഞ്ചായത്ത് കമ്മറ്റി വിളിച്ചു ചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യാന്‍ കരൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്.
നിര്‍ധനനായ തൊഴിലാളിയായ രാജുവിനും കുടുംബത്തിനുമായി, ആക്കക്കുന്നേല്‍ കുടുംബം കരൂര്‍ വൈദ്യശാല ജംഗ്ഷനില്‍ നിര്‍മ്മിക്കുന്ന 20 വീട് ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മാണം പാതിഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് രാജുവിന്‍റെ അപകട മരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us