Advertisment

യുഡിഎഫിലേയ്ക്ക് ക്ഷണം - കുഞ്ഞാലിക്കുട്ടിയോട് 'നോ' പറഞ്ഞ് ജോസ് കെ മാണി ? ശ്രമം ഉപേക്ഷിക്കാതെ കോണ്‍ഗ്രസ്. വേണ്ടിവന്നാല്‍ അങ്ങോട്ട് പോയി ചര്‍ച്ച നടത്താമെന്ന് സുധാകരന്‍. ചര്‍ച്ചയ്ക്ക് സമയമായിട്ടില്ലെന്ന് വി.ഡി സതീശന്‍. മുന്നണിമാറ്റ സാധ്യതകള്‍ തള്ളി കേരള കോണ്‍ഗ്രസ് - എം !

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഇന്ത്യ മുന്നണി യോഗത്തിനെത്തിയ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണിയും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ മുന്നണിമാറ്റത്തിനില്ലെന്ന് ജോസ് കെ മാണി കുഞ്ഞാലിക്കുട്ടിയോട് വ്യക്തമാക്കിയിരുന്നു.

New Update
k sudhakaran pk kunjalikutty jose k mani vd satheesan

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ കേരളാ കോണ്‍ഗ്രസ് - എമ്മിനെ യുഡിഎഫിലെത്തിക്കാനുള്ള നീക്കവുമായി നേതാക്കള്‍ രംഗത്ത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഇന്ത്യ മുന്നണി യോഗത്തിനെത്തിയ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണിയും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ മുന്നണിമാറ്റത്തിനില്ലെന്ന് ജോസ് കെ മാണി കുഞ്ഞാലിക്കുട്ടിയോട് വ്യക്തമാക്കിയിരുന്നു.

Advertisment

ഡല്‍ഹിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ജോസ് കെ മാണിയുമായി ചര്‍ച്ചയ്ക്ക് നീക്കം നടത്തിയെങ്കിലും ഉണ്ടായില്ല. ഇന്ന് രാവിലെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും കേരള കോണ്‍ഗ്രസ് - എമ്മിനെ മുന്നണിയിലേയ്ക്ക് സ്വാഗതം ചെയ്തിരുന്നു. കെ.എം മാണിയെ മറക്കാനാകില്ലെന്നായിരുന്നു സുധാകരന്‍റെ പ്രതികരണം. എന്നാല്‍ തന്‍റെ അഭിപ്രായം വ്യക്തിപരമാണെന്നും മുന്നണി വിപുലീകരണത്തിന് ചര്‍ച്ച നടത്തേണ്ടത് യുഡിഎഫിന്‍റെ അനുമതിയോടുകൂടിയാകണമെന്നും സുധാകരന്‍ പറഞ്ഞു.

തൊട്ടുപിന്നാലെ കേരള കോണ്‍ഗ്രസ് - എമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അതിന് ഹൈക്കമാന്‍റിന്‍റെയും കെപിസിസിയുടെയും അനുമതി ആവശ്യമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതികരിച്ചു.

യുഡിഎഫ് പ്രവേശനത്തിനുള്ള എല്ലാ സാധ്യതയും തള്ളിക്കൊണ്ടാണ് കേരള കോണ്‍ഗ്രസ് - എം കേന്ദ്രങ്ങളുടെ പ്രതികരണം. മുന്നണിയിലും സര്‍ക്കാരിലും തിരുത്തല്‍ നടത്തി ഇടതുമുന്നണിയെ ശക്തിപ്പെടുത്തുകയെന്നതാണ് കേരള കോണ്‍ഗ്രസിന്‍റെ നിലവിലെ തീരുമാനം. യുഡിഎഫ് മുന്നണിയുടെ വിജയത്തെ സ്ഥിരതയുള്ള ഒരു മുന്നേറ്റമായി കാണാനാകില്ലെന്നാണ് അവരുടെ വിലയിരുത്തല്‍.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇതിലും വലിയ വിജയം ഉണ്ടായെങ്കിലും തൊട്ടുപിന്നാലെ നടന്ന തദ്ദേശ, നിയമസഭാ തെര‍ഞ്ഞെടുപ്പുകളില്‍ യുഡിഎഫ് തകര്‍ന്നടിഞ്ഞത് കേരള കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.

ഐക്യത്തോടെയുള്ള നേതൃത്വവും സംഘടനാ ശേഷിയും ഇപ്പോഴും യുഡിഎഫിനില്ലെന്നാണ് കേരള കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. ഇടതുമുന്നണി തിരുത്തലുകളിലൂടെ ശക്തിപ്പെടുമെന്നും അവര്‍ കരുതുന്നു. അതിനിടെ രാജ്യസഭാ സീറ്റ് നിര്‍ണയം നിര്‍ണായകവുമാണ്.

Advertisment